സിറിയക്കെതിരെ ഭീഷണിയുമായി ബ്രിട്ടനും
text_fieldsഡമസ്കസ്: സിറിയയുടെ രാസായുധ ഉപയോഗത്തിനെതിരെ സൈനികാക്രമണ ഭീഷണിയുമായി യു.എസിനൊപ്പം ബ്രിട്ടനും രംഗത്ത്. രാസായുധങ്ങൾ ഉപയോഗിച്ചാൽ തങ്ങളുടെ സമീപനത്തിൽ പുനരാലോചന നടത്തേണ്ടിവരുമെന്ന് ഇരു രാജ്യങ്ങളും മുന്നറിയിപ്പ് നൽകി. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണും അമേരിക്കൻ പ്രസിഡന്റും തമ്മിലുള്ള ടെലിഫോൺ സംഭാഷണത്തിനുശേഷമാണ് മുന്നറിയിപ്പ് പുറത്തുവന്നത്. രാസായുധം പ്രയോഗിച്ചാൽ സിറിയക്കെതിരെ സൈനിക നടപടിക്ക് മടിക്കില്ലെന്ന് കഴിഞ്ഞ തിങ്കളാഴ്ച യു.എസ് പ്രസിഡന്റ് ബറാക് ഒബാമ മുന്നറിയിപ്പ് നൽകിയിരുന്നു. പ്രശ്നവുമായി ബന്ധപ്പെട്ട് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്സ്വ ഓലൻഡുമായും കാമറൺ സംസാരിച്ചിട്ടുണ്ട്. സിറിയൻ പ്രതിപക്ഷത്തിനു പിന്തുണ വ൪ധിപ്പിക്കുന്നതിനെക്കുറിച്ച് മൂന്നു രാജ്യങ്ങളും ച൪ച്ച ചെയ്തതായാണ് റിപ്പോ൪ട്ട്.
സിറിയയിൽ സൈനിക ഇടപെടൽ നടത്താൻ യു.എസ് പുതിയ കാരണം കണ്ടെത്തുകയാണെന്ന് ചൈന ആരോപിച്ചിരുന്നു. സിറിയയിൽ ഇടപെടുന്നതിന് യു.എൻ അനുമതി നേടുന്നതിനുള്ള ശ്രമങ്ങളെ ചൈനയും റഷ്യയും എതി൪ത്തിരുന്നു. ഒത്തുതീ൪പ്പുണ്ടാക്കുന്നതിനു പകരം കലാപം വ്യാപിപ്പിക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും ചൈനീസ് വാ൪ത്താ ഏജൻസി സിൻഹുവ കുറ്റപ്പെടുത്തിയിരുന്നു.
ഇതിനിടെ, ബുധനാഴ്ചയും അലപ്പോയിലും ഡമസ്കസിലും ശക്തമായ സൈനികാക്രമണങ്ങളിൽ നിരവധി പേ൪ കൊല്ലപ്പെട്ടതായാണ് റിപ്പോ൪ട്ട്.
ഇതിനിടെ അലപ്പോയിൽ ജപ്പാൻ മാധ്യമ പ്രവ൪ത്തക മരിക്കാനിടയായ സംഭവത്തിന് ഉത്തരവാദി വിമതരെന്ന് സിറിയ ആരോപിച്ചു. നിരുത്തരവാദപരമായ രീതിയിൽ പെരുമാറുന്ന മാധ്യമപ്രവ൪ത്തക൪ എല്ലാ 'സാധ്യത'കളും പ്രതീക്ഷിക്കണമെന്നും വിദേശകാര്യ സഹമന്ത്രി ഫൈസൽ മിഖ്ദാദ് തലസ്ഥാനത്ത് മാധ്യമങ്ങളോട് പറഞ്ഞു. ജപ്പാൻ യുദ്ധലേഖിക മൈക യമാമോട്ടോയാണ് തിങ്കളാഴ്ച കൊല്ലപ്പെട്ടത്. സ൪ക്കാ൪ പട്ടാളമാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് വിമത൪ ആരോപിച്ചിരുന്നു. വിമതരോടൊപ്പം സഞ്ചരിക്കെ സിറിയൻ പട്ടാളക്കാരിൽനിന്ന് ഇവ൪ക്ക് വെടിയേൽക്കുകയായിരുന്നെന്ന് ജപ്പാൻ വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കി. എന്നാൽ, സിറിയൻ പട്ടാളത്തെ ലക്ഷ്യമിട്ട് സായുധസംഘം നടത്തിയ ആക്രമണത്തിലാണ് ഇവ൪ കൊല്ലപ്പെട്ടതെന്നാണ് വിദേശകാര്യ മന്ത്രിയുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
