പത്മനാഭസ്വാമി ക്ഷേത്രം: രാഷ്ട്രീയക്കളി വേണ്ടെന്ന് കേരളത്തോട് സുപ്രീംകോടതി
text_fieldsന്യൂദൽഹി: തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ കണക്കെടുപ്പിൽ പങ്കാളിയായ എക്സിക്യൂട്ടീവ് ഓഫിസ൪ക്കെതിരെ ആഭ്യന്തരവകുപ്പ് നടത്തിയ അന്വേഷണത്തിന്റെ വിവരം കോടതിയിൽ മറച്ചുപിടിച്ചതിൽ സുപ്രീംകോടതി കടുത്ത അമ൪ഷം രേഖപ്പെടുത്തി. വിഷയത്തിൽ രാഷ്ട്രീയക്കളി വേണ്ടെന്ന് ജസ്റ്റിസുമാരായ ആ൪.എം. ലോധയും എ.കെ. പട്നായികും കേരള സ൪ക്കാറിന് മുന്നറിയിപ്പ് നൽകി.
ഹരികുമാറിനെതിരെ സംസ്ഥാന ആഭ്യന്തര വകുപ്പ് തയാറാക്കിയ റിപ്പോ൪ട്ടിനെക്കുറിച്ച് വിദഗ്ധ സമിതിയാണ് കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. ആഭ്യന്തരവകുപ്പ് എതിരഭിപ്രായം പറഞ്ഞ ഹരികുമാറിന്റെ കാര്യത്തിൽ എന്തു തീരുമാനമെടുക്കണമെന്നും വിദഗ്ധ സമിതി കോടതിയോട് ആരാഞ്ഞിരുന്നു.
വ്യാഴാഴ്ച കേസ് പരിഗണിച്ചപ്പോൾ നിലവറകളിൽ മൂല്യനി൪ണയവും കണക്കെടുപ്പും നടക്കുന്ന സമയത്ത് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസ൪ ഹരികുമാറിനെ അകത്ത് പ്രവേശിപ്പിക്കണമെന്ന് മാ൪ത്താണ്ഡവ൪മയുടെ അഭിഭാഷകൻ കെ.കെ. വേണുഗോപാൽ ആവശ്യപ്പെട്ടു. രാജാവ് നേരിട്ട് നിയമിച്ച എക്സിക്യൂട്ടീവ് ഓഫിസ൪ ക്ഷേത്രകാര്യങ്ങളുടെ മേൽനോട്ടം വഹിക്കുന്ന ആളാണെന്നും എല്ലാ കല്ലറകളുടെയും താക്കോലുകൾ അദ്ദേഹത്തിന്റെ കൈവശമാണെന്നും ക്ഷേത്രസുരക്ഷയുടെ കാര്യത്തിൽ അദ്ദേഹത്തിന് ഉത്തരവാദിത്തമുണ്ടെന്നും വേണുഗോപാൽ ബോധിപ്പിച്ചു.
എന്നാൽ, ഈ വാദം എതി൪ത്ത പരാതിക്കാരന്റെ അഭിഭാഷകൻ ഹരികുമാറിനെതിരായ സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ റിപ്പോ൪ട്ട് പ്രധാനമാണെന്നും അത് പരിഗണിക്കണമെന്നും വാദിച്ചു. അപ്പോഴാണ് കോടതി റിപ്പോ൪ട്ടിനെക്കുറിച്ച് ആരാഞ്ഞത്. സംസ്ഥാന ആഭ്യന്തരവകുപ്പ് വിദഗ്ധ സമിതിക്ക് റിപ്പോ൪ട്ട് നൽകിയത് ചോദ്യം ചെയ്ത സുപ്രീംകോടതി കാര്യങ്ങൾ തീരുമാനിക്കുന്നത് കോടതിയാണെങ്കിൽ കാര്യങ്ങൾ സ൪ക്കാ൪ ഇവിടെ നേരിട്ട് അറിയിക്കണമായിരുന്നുവെന്ന് പറഞ്ഞു. ആഭ്യന്തരവകുപ്പ് ചെയ്തത് ഉചിതമായ നടപടിയല്ലെന്നും കാര്യങ്ങൾ വളച്ചൊടിക്കാൻ ഉദ്യോഗസ്ഥ൪ സമ൪ഥരാണെന്നും ഇത്തരം രാഷ്ട്രീയകളികൾ വേണ്ടെന്നും കോടതി സംസ്ഥാന സ൪ക്കാറിനെ ഓ൪മിപ്പിച്ചു. ഉചിതമായ തീരുമാനമെടുക്കുമെന്നു പറഞ്ഞ് ബെഞ്ച് റിപ്പോ൪ട്ട് സമ൪പ്പിക്കാൻ സംസ്ഥാന സ൪ക്കാറിന്റെ സ്റ്റാൻഡിങ് കോൺസലിന് നി൪ദേശം നൽകി.
കേസിൽ വിദഗ്ധസമിതിയെ സഹായിക്കാനുള്ള അമികസ്ക്യൂറിയായി മുതി൪ന്ന അഭിഭാഷകനും മുൻ സോളിസിറ്റ൪ ജനറലുമായ ഗോപാൽ സുബ്രഹ്മണ്യത്തെ സുപ്രീംകോടതി നിയോഗിച്ചു. ഗോപാൽ സുബ്രഹ്മണ്യത്തിന്റെ പേര് സ്റ്റാൻഡിങ് കോൺസൽ ലിസ് മാത്യു കോടതിയെ അറിയിച്ചപ്പോൾ എല്ലാവരുമത് അംഗീകരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
