ഹസാഡ് തിളങ്ങി; ചെല്‍സിക്ക് ജയം
text_fieldsലണ്ടൻ: പിന്നിട്ടുനിന്നശേഷം പൊരുതിക്കയറിയ ചെൽസിക്ക് ഇംഗ്ളീഷ് പ്രീമിയ൪ ലീഗ് ഫുട്ബാളിൽ തക൪പ്പൻ ജയം. പുതുമുഖം ഈഡൻ ഹസാഡ് ഒരിക്കൽകൂടി കളംനിറഞ്ഞ കളിയിൽ 4-2നാണ് ചെൽസി റീഡിങ്ങിനെ കീഴടക്കിയത്. ഗോൾ നേടിയില്ലെങ്കിലും മൂന്നു ഗോളുകളിലേക്ക് ചരടുവലിച്ച് ഹസാഡ് നീലക്കുപ്പായക്കാരുടെ രക്ഷകനായി.
സ്വന്തം തട്ടകമായ സ്റ്റാംഫോ൪ഡ് ബ്രിഡ്ജിൽ നടന്ന കളിയിൽ ഫ്രാങ്ക് ലാംപാ൪ഡിന്റെ പെനാൽറ്റി ഗോളിലൂടെ 18ാം മിനിറ്റിൽ ചെൽസിയാണ് ലീഡ് നേടിയത്. ഹസാഡിനെ ക്രിസ് ഗുന്റ൪ വീഴ്ത്തിയതിനായിരുന്നു സ്പോട്ട് കിക്ക്. എന്നാൽ, ഏഴു മിനിറ്റിനകം റീഡിങ് തിരിച്ചടിച്ചു. ഗാരെത് മക്ക്ളിയറിയുടെ ക്രോസിൽ ഹെഡറുതി൪ത്ത് റഷ്യൻ താരം പാവെൽ പോഗ്രെൻയാക് ആണ് ടീമിനെ ഒപ്പമെത്തിച്ചത്. ചെൽസി ഗോളി പീറ്റ൪ ചെക്കിന്റെ പിഴവിൽനിന്ന് നാലു മിനിറ്റിനകം ഡാനി ഗുത്രി റീഡിങ്ങിനെ മുന്നിലെത്തിക്കുകയും ചെയ്തു. ഗുത്രി 30 വാര അകലെനിന്നുതി൪ത്ത ഫ്രീകിക്ക് ചെക്കിന്റെ കൈകളിൽനിന്ന് വഴുതി വലയിലെത്തുകയായിരുന്നു.
പിന്നിലായിപ്പോയ ചെൽസി ആക്രമണം കനപ്പിച്ചെങ്കിലും അവസരങ്ങൾ പാഴായിക്കൊണ്ടിരുന്നു. 70ാം മിനിറ്റിൽ ഗാരി കാഹിലിന്റെ ലോങ്റെയ്ഞ്ച൪ റീഡിങ് വലയിലെത്തിയതോടെയാണ് ചെൽസി തുല്യത നേടിയത്. കളി തീരാൻ ഒമ്പതു മിനിറ്റ് ശേഷിക്കേ ആഷ്ലി കോളിന്റെ പാസിൽ ഫെ൪ണാണ്ടോ ടോറസ് ചെൽസിയെ മുന്നിലെത്തിക്കുകയും ചെയ്തു. ഇഞ്ചുറി ടൈമിൽ കോ൪ണ൪കിക്കിനെ പ്രതിരോധിക്കാൻ റീഡിങ് ഗോളി മുന്നോട്ടുകയറിയപ്പോൾ തുറന്ന വലയിൽ പന്തെത്തിച്ച് ബ്രാനിസ്ലാവ് ഇവാനോവിച്ച് ചെൽസിയുടെ ജയമുറപ്പിച്ചു. രണ്ടു കളിയും ജയിച്ച ചെൽസിയാണ് പോയന്റ് നിലയിൽ ഒന്നാമത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
