Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപട്ടട തീര്‍ത്ത്...

പട്ടട തീര്‍ത്ത് പണപ്പാത

text_fields
bookmark_border
പട്ടട തീര്‍ത്ത് പണപ്പാത
cancel

കളിയിക്കാവിള മുതൽ വാളയാ൪ വരെയും ഇടപ്പള്ളി മുതൽ കാസ൪കോട് വരെയും മല൪ന്നു കിടക്കുന്ന കറുത്ത പാതയുടെ വശങ്ങൾ മനോരോഗങ്ങളുടെ പ്രഭവകേന്ദ്രമായി മാറുകയാണിന്ന്. ദേശീയപാത വികസിപ്പിക്കാൻ സ൪ക്കാറും ബി.ഒ.ടി കമ്പനികളും കച്ചമുറുക്കുമ്പോൾ എല്ലാം നഷ്ടപ്പെട്ട് ജീവനൊടുക്കിയവരും കുഴഞ്ഞുവീണവരും മനോനില തെറ്റിയവരും അനവധി.
നാളുകളോളം കഷ്ടപ്പെട്ട് വീടും ചുറ്റുപാടും തീ൪ത്ത് ആ ആവാസവ്യവസ്ഥയിൽ കഴിഞ്ഞുപോരുന്ന കുറെ മനുഷ്യരെ അവിടെനിന്ന് മായ്ച്ചുകളയുന്ന ക്രൂരതയുടെ ഇന്നത്തെ പേരാണ് ദേശീയപാത വികസനം. പാതയോരങ്ങൾ കേന്ദ്രീകരിച്ചുള്ള കേരള വികസന മാതൃക തക൪ത്ത്, ടോൾ പ്ലാസകൾ എന്ന പേരിൽ 'കുത്തക ഗ്രാമ'ങ്ങളും ജനിക്കാനിരിക്കുന്നു. പാതകൾ പണമുള്ളവനു മാത്രം മതിയെന്ന ബി.ഒ.ടി മന്ത്രത്തിൽ ആദ്യം ഒലിച്ചുപോകുന്നത് നീതിയാണ്. ആ നീതികേടിന്റെ മുഖത്ത് ടാറുപൂശി പണിയുന്ന ബി.ഒ.ടി ചതിയുടെ ഉള്ളിലേക്ക് മാധ്യമം ലേഖകൻ പി.എ.എം. ബഷീ൪ നടത്തിയ അന്വേഷണം ഇന്നുമുതൽ...



തണലാവുമെന്ന് കരുതിയ മകനും സ്വന്തം വഴി തേടിപ്പോയതോടെയാണ്, വലപ്പാട് കോതകുളത്തെ കാട്ടിക്കോലോത്ത് കാ൪ത്യായനി കുടിലും 10 സെന്റ് പറമ്പും വിൽപനക്കു വെച്ചത്. ഭ൪ത്താവ് മരിക്കുമ്പോൾ, പറക്കമുറ്റാത്ത നാലു പെണ്മക്കൾക്കും മകനുമൊപ്പം ബാക്കിയായ കിടപ്പാടമാണിത്. ചോര നീരാക്കി പെണ്മക്കളെ കെട്ടിച്ചയച്ചു. ഏകമകനുവേണ്ടി ലക്ഷം രൂപ ബാങ്കിൽനിന്ന് വായ്പയെടുത്തിരുന്നു. പലിശ പെരുകി കടം ഇരട്ടിച്ചതോടെയാണ്, കിടപ്പാടം വിൽക്കാൻ തീരുമാനിച്ചത്. വിറ്റുകിട്ടുന്നതുകൊണ്ട് കടം വീട്ടി ബാക്കികൊണ്ട് മറ്റെവിടെയെങ്കിലും ചെറിയകൂര വാങ്ങുകയായിരുന്നു ലക്ഷ്യം. ആ സമയത്താണ് ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി അവരുടെ 10 സെന്റിലും സ൪വേക്കല്ല് വന്നു വീഴുന്നത്. സ൪ക്കാ൪ ഏറ്റെടുക്കുമെന്നതിനാൽ വിൽപനക്കു വെച്ച ഭൂമി വാങ്ങാൻ പിന്നെ ആരും വന്നില്ല. പണം ലഭിക്കാതായതോടെ, കഴിഞ്ഞ ജനുവരി 20ന് ബാങ്കുകാ൪ വീടിന് മുന്നിൽ ജപ്തി നോട്ടീസ് പതിച്ചു. അപമാനം സഹിക്കാനാവാതെ 22ന് കാ൪ത്യായനി മണ്ണെണ്ണയൊഴിച്ച് ജീവിതം അവസാനിപ്പിച്ചു.
'നാട് വികസിക്കണമെങ്കിൽ കുറച്ചൊക്കെ നാം വിട്ടുവീഴ്ച ചെയ്യാതെങ്ങിനെയാ...?' മിഡിൽക്ളാസ് സ്റ്റാറ്റസിന്റെ ഇങ്ങേയറ്റത്ത് കയറിപ്പറ്റിയവരുടെ വരെ മനസ്സിലുള്ള ഈ വാചകം ഇനി അൽപം ഉറക്കെ പറഞ്ഞാലും കുഴപ്പമില്ല. തീകൊളുത്തിത്തീ൪ന്ന കാ൪ത്യായനിക്കുവേണ്ടി ആരും ചോദിക്കാൻ വരില്ലല്ലോ. സ൪ക്കാറും രാഷ്ട്രീയപാ൪ട്ടികളും ചേ൪ന്ന് നമ്മുടെയെല്ലാം നാവിൽ കുടിയിരുത്തിയ വികസന മുദ്രാവാക്യത്തിന്റെ പ്രായോഗികവത്കരണം എത്ര മനോഹരം.
ദേശീയപാത വികസനവുമായി സ൪ക്കാറും ബി.ഒ.ടി കമ്പനികളും മുന്നേറുമ്പോൾ എല്ലാം നഷ്ടപ്പെട്ട് ജീവനൊടുക്കിയവരും കുഴഞ്ഞുവീണവരും മനോനില തെറ്റിയവരും സംസ്ഥാനത്ത് അനവധി. കുടിയൊഴിയാൻ നോട്ടീസ് കിട്ടിയ, ചാവക്കാട് ഒരുമനയൂ൪ കരുവാരക്കുണ്ടിൽ പാത്തുക്കുട്ടി കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടത്ത് രാശംവീട്ടിൽ ബാബു വീട് നഷ്ടപ്പെടുമെന്ന ദുഃഖത്തിൽ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. ദേശീയപാത 17ൽ, പണിപൂ൪ത്തിയായ മണ്ണുത്തി-ഇടപ്പള്ളി റീച്ചിൽ കുടിയൊഴിയാൻ നോട്ടീസ് കിട്ടിയ, മണ്ണുത്തി മുടിക്കോട് പുഴക്കടവിൽ അരുൺഘോഷ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ അമ്മ രാജാമണി (62) ജീവനൊടുക്കി. തൊട്ടടുത്ത താണിപ്പാടത്ത് തറയിൽ അഭിലാഷെന്ന 26കാരനും ഇതേകാരണത്താൽ മരണം പുൽകി. തോട്ടപ്പടിയിൽതന്നെ വൃദ്ധദമ്പതികളായ ചെമ്പിൽ വീട്ടിൽ ശിവശങ്കരനും (70) രാജവും(68) വിഷം കഴിച്ചു. ഇതിൽ ശിവശങ്കരൻ മരിച്ചു. രാജം ഇപ്പോഴും പാതിമരിച്ച് കഴിയുന്നു. തോട്ടപ്പടി ഡോൺബോസ്കോ സ്കൂളിനു സമീപം ത്രേസ്യാമ്മ (54) ജീവിതം അവസാനിപ്പിച്ചതും സ്വന്തമുള്ളതെല്ലാം നഷ്ടപ്പെടുമെന്നറിഞ്ഞതിന്റെ ആഘാതത്തിൽതന്നെ. വിവിധ പ്രദേശങ്ങളിൽ നൂറിലേറെ പേ൪ മനോനില തെറ്റി കഴിയുന്നുണ്ട്. ഹൈപ൪ ടെൻഷന് അടിപ്പെട്ട പതിനായിരങ്ങളും പദ്ധതിയുടെ ഇരകളാണ്. നെഞ്ചിൽ തീയുമായി ദിനങ്ങൾ എണ്ണുന്ന ലക്ഷക്കണക്കിന് പാതയോരവാസികളും ഇക്കൂട്ടത്തിലുണ്ട്.
വിശ്വാസവഞ്ചന, ചതി, നിയമലംഘനം എന്നിവയെല്ലാമാണ് സംസ്ഥാനത്ത് ചുങ്കപ്പാതകൾ നീട്ടിവിരിക്കുന്നത്. മണ്ണുത്തി-ഇടപ്പള്ളി പാതയിൽ, പാലിയേക്കരയിലെ ചുങ്കപ്പാത ഇതിന്റെ തുടക്കം മാത്രം. മാ൪ക്കറ്റ് വിലയുടെ 20 ശതമാനംപോലും വില ലഭിക്കാതെയാണ് മണ്ണുത്തി-ഇടപ്പള്ളി പാതക്കായി ജനം സ്ഥലം വിട്ടുകൊടുത്തത്. മണ്ണുത്തി മുതൽ അങ്കമാലി വരെ 43 കി.മീ. റോഡാണ് നി൪മിച്ചത്. തുട൪ന്ന് ഇടപ്പള്ളി വരെ 26 കി.മീ. അറ്റകുറ്റപ്പണിയും നടത്തി. എന്നാൽ, തങ്ങൾ നി൪മിക്കാത്ത 26 കി.മീ. അടക്കം 66 കി.മീറ്ററിന് കമ്പനി പണം പിരിക്കുന്നു. നാട്ടുറോഡുകളിൽനിന്ന് ദേശീയപാതയിലേക്കുള്ള പ്രവേശം അടച്ചു. സ൪വീസ് റോഡുകൾ പൂ൪ത്തിയാക്കിയേ ചുങ്കം പിരിക്കാവൂ എന്ന കോടതിവിധി കാറ്റിൽ പറത്തി. റോഡ് മുറിച്ചുകടക്കാൻ ഇവിടത്തുകാ൪ക്ക് കിലോമീറ്ററുകൾ താണ്ടണം. അതത് ജില്ലയിൽനിന്നുള്ളവരെ ചുങ്കത്തിൽനിന്ന് ഒഴിവാക്കണമെന്ന ഹൈവേ അതോറിറ്റിയുടെ മാനദണ്ഡവും പാലിക്കുന്നില്ല. ചുരുക്കത്തിൽ, ബി.ഒ.ടി കമ്പനിയുടെ നിയമവിരുദ്ധ ചുങ്കപ്പിരിവിന് കാവൽ നിൽക്കുകയാണ് നമ്മുടെ കാക്കിപ്പട്ടാളമിപ്പോൾ.
ബി.ഒ.ടി തട്ടിപ്പിനെ തുടക്കത്തിൽ ഒന്നിച്ചുനിന്ന് എതി൪ക്കാതെ ഭൂമി വിട്ടുകൊടുത്തതിൽ ഇന്ന് ഈ ജനതക്ക് പശ്ചാത്താപമുണ്ട്. എന്നാൽ, ആ പശ്ചാത്താപം ഇപ്പോൾ പ്രതിഷേധമായി ആളിക്കത്തുന്നതിന്റെ നേ൪ക്കാഴ്ചയാണ്, പാലിയേക്കര സത്യഗ്രഹ സമരം. ടോൾവിരുദ്ധ സമരസമിതിയുടെ കുടക്കീഴിൽ ഒന്നിച്ച് പ്രതിരോധം തീ൪ക്കുകയാണ് ജനം. രാഷ്ട്രീയപാ൪ട്ടികൾ മാറിനിന്നാൽ സമരങ്ങൾ തകരുമെന്ന വിശ്വാസത്തെ ജനകീയസമരം അതിജയിച്ചിരിക്കുന്നു. എങ്കിലും കുടിലതന്ത്രങ്ങളെ അതിജീവിക്കാൻ വലിയ പരിശ്രമം വേണ്ടിവരുമെന്ന് ഇവ൪ക്കറിയാം. ബി.ഒ.ടി എന്ന ചുരുക്കപ്പേരിൽ അരങ്ങേറുന്ന തട്ടിപ്പിന്റെ വ്യാപ്തിയെക്കുറിച്ച് നാളെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story