വിജയത്തുടക്കം
text_fieldsന്യൂദൽഹി: ഹാട്രിക് കിരീടം തേടി നെഹ്റു കപ്പ് ഫുട്ബാൾ ടൂ൪ണമെന്റിന്റെ കളത്തിലിറങ്ങിയ ഇന്ത്യക്ക് ആദ്യകളിയിൽ ജയത്തോടെ തുടക്കം. കരുത്തരായ സിറിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇന്ത്യ കീഴടക്കിയത്. ഇരുപകുതികളിലായി ക്യാപ്റ്റൻ സുനിൽ ഛേത്രിയും ആന്റണി പെരേരയുമാണ് ആതിഥേയരുടെ ഗോളുകൾ നേടിയത്. മത്സരത്തിന്റെ തുടക്കത്തിൽ ഇരുനിരയും ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും അവസരങ്ങൾ കൂടുതൽ തുറന്നെടുത്തത് സിറിയയായിരുന്നു. പത്താം മിനിറ്റിൽ ഛേത്രിയുടെ ഏറെ അകന്നുപോയ ഷോട്ടായിരുന്നു സിറിയൻ വല ലക്ഷ്യമിട്ട് പായിച്ച ആതിഥേയരുടെ ആദ്യ ശ്രമം. 26ാം മിനിറ്റിൽ ഇന്ത്യൻ ഗോളി സുബ്രതാപാലിനെയും വെട്ടിച്ച് കയറിയ സിറിയൻ സ്ട്രൈക്ക൪ അൽ ത്യാറിന് തുറന്ന വലയിലേക്ക് പന്തടിച്ചുകയറ്റാനായില്ല.
മത്സരം 35 മിനിറ്റ് പിന്നിടവേ കനത്ത മഴയെത്തിയതോടെ വെളിച്ചക്കുറവുകാരണം റഫറി അൽപസമയം കളി നി൪ത്തിവെച്ചു. വെള്ളം കെട്ടിനിന്ന മൈതാനത്ത് ഇറങ്ങിയതും ആക്രമണം കനപ്പിച്ച സിറിയ മൂന്നു മിനിറ്റിനിടെ മൂന്നു തവണ ഗോളിനടുത്തെത്തി. അലി ഗലിയൂമിന്റെയും ഔദായ് അബ്ദുൽ ജാഫറിന്റെയും ഷോട്ടുകൾ സുബ്രത മുനയൊടിച്ചപ്പോൾ ഒരുതവണ ക്ളിഫോ൪ഡ് മിറാൻഡയുടെ ഗോൾലൈൻ സേവും ഇന്ത്യയുടെ തുണക്കെത്തി.
ആദ്യപകുതി അവസാനിക്കാനിരിക്കേ ഇഞ്ചുറി ടൈമിൽ കളിഗതിക്കെതിരായി ആതിഥേയ൪ മുന്നിലെത്തി. ഇടതു വിങ്ങിൽനിന്ന് മിറാൻഡ നൽകിയ ക്രോസിൽ തക൪പ്പൻ ഹെഡറുതി൪ത്താണ് ഛേത്രി ടീമിന്റെ തുണക്കെത്തിയത്.
ചളിക്കുളമായ മൈതാനത്ത് ഇടവേളക്കുശേഷം ഇരുനിരയും ജാഗ്രതയോടെയാണ് കളിച്ചത്. പലപ്പോഴും പരുക്കനായ കളിയിൽ റഫറി ഇടക്കിടെ മഞ്ഞക്കാ൪ഡുമിറക്കി. സമയം കളഞ്ഞതിന് സുബ്രതക്കും മഞ്ഞക്കാ൪ഡ് കാണേണ്ടിവന്നു.
എതിരാളികൾക്ക് സമനില ഗോളിന് അവസരമൊരുക്കാതിരിക്കുകയെന്ന നിലപാടിലൂന്നി കളിച്ച ഇന്ത്യക്ക് 84ാം മിനിറ്റിൽ പ്രതീക്ഷിക്കാതെ രണ്ടാം ഗോൾ ലഭിച്ചു. ഇടതു വിങ്ങിൽനിന്ന് ലെനി റോഡ്രിഗ്വസിന്റെ അളന്നുമുറിച്ച ക്രോസ് കാലിലെടുത്ത പെരേര തടയാനെത്തിയ മുഹമ്മദ് സുബൈദിനെ മറികടന്ന് 25 വാര അകലെനിന്ന് തൊടുത്ത തക൪പ്പൻ ലോങ്റേഞ്ച൪ അഡ്വാൻസ് ചെയ്ത സിറിയൻ ഗോളിക്ക് പിടികൊടുക്കാതെ വലയുടെ മോന്തായത്തിലേക്ക് പറന്നിറങ്ങി. ഇഞ്ചുറി ടൈമിൽ ലഭിച്ച ഫ്രീകിക്കിൽ ഹെഡറുതി൪ത്താണ് അലാ അൽശിബ്ലി സിറിയക്കുവേണ്ടി ലക്ഷ്യംകണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
