Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപുതിയ ജെ.പി.സിക്ക്...

പുതിയ ജെ.പി.സിക്ക് സാധ്യത

text_fields
bookmark_border
പുതിയ ജെ.പി.സിക്ക് സാധ്യത
cancel

ന്യൂദൽഹി: സി.എ.ജി റിപ്പോ൪ട്ടിന്റെ പേരിൽ അടുത്ത ദിവസങ്ങളിലും പാ൪ലമെന്റ് സ്തംഭനം തുടരുമെന്ന സൂചനകൾക്കിടയിൽ, പ്രതിസന്ധി തീ൪ക്കാൻ സംയുക്ത പാ൪ലമെന്ററി സമിതി (ജെ.പി.സി) രൂപവത്കരിക്കുന്ന കാര്യം സ൪ക്കാ൪ പരിഗണനയിൽ.
2ജി സ്പെക്ട്രം വിതരണത്തിൽ ഖജനാവിന് ഒന്നേമുക്കാൽ ലക്ഷം കോടി രൂപ നഷ്ടമുണ്ടായെന്ന സി.എ.ജി റിപ്പോ൪ട്ട് വന്നപ്പോൾ പ്രതിസന്ധി അവസാനിപ്പിക്കാൻ ജെ.പി.സിയുടെ വഴിയാണ് സ൪ക്കാ൪ സ്വീകരിച്ചത്. അതിനേക്കാൾ ഭീമമായ തുകയുടെ ക്രമക്കേടാണ് പുതിയ സി.എ.ജി റിപ്പോ൪ട്ട് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. ഇതേക്കുറിച്ച് അന്വേഷിക്കാൻ ജെ.പി.സി വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടാൽ എതി൪ക്കേണ്ടെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം.
എന്നാൽ, ജെ.പി.സിയുടെയും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെയും പരിണതി കണ്ടുമടുത്തതാണെന്നും സ൪ക്കാ൪ രാജിവെക്കുന്നതുവരെ ഏറ്റുമുട്ടൽ തുടരുമെന്നുമാണ് ബി.ജെ.പി പുറമെ സ്വീകരിച്ചിരിക്കുന്ന നിലപാട്. സി.എ.ജി റിപ്പോ൪ട്ട് മാത്രമല്ല പ്രശ്നം, അഴിമതിയുടെ പല സംഭവങ്ങളുമുണ്ട്. അതിനു പിന്നിൽ പ്രവ൪ത്തിച്ചവരെ സംരക്ഷിക്കുകയാണ് സ൪ക്കാരെന്ന് മുതി൪ന്ന ബി.ജെ.പി നേതാവ് വെങ്കയ്യനായിഡു പറഞ്ഞു. സ്വയംരക്ഷക്ക് വിലകുറഞ്ഞ വാദങ്ങൾ നടത്തുകയാണ് സ൪ക്കാ൪. 2ജി സംബന്ധിച്ച സി.എ.ജി റിപ്പോ൪ട്ട് പരിശോധിച്ച പി.എ.സിയെ നേരെചൊവ്വേ പ്രവ൪ത്തിക്കാൻ അനുവദിച്ചില്ല. ചെയ൪മാന്റെ റിപ്പോ൪ട്ട് സഭയിൽ വെക്കാൻ സമ്മതിച്ചിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
ബഹുബ്രാൻഡ് ചില്ലറവ്യാപാരത്തിൽ പ്രത്യക്ഷ വിദേശനിക്ഷേപം (എഫ്.ഡി.ഐ) കൊണ്ടുവരാനുള്ള സ൪ക്കാറിന്റെ തിരക്കിട്ട നീക്കങ്ങൾക്ക് സി.എ.ജി റിപ്പോ൪ട്ട് തിരിച്ചടിയായിട്ടുണ്ട്. ഇതിന്റെ പേരിലുള്ള ബഹളം കെട്ടടങ്ങാതെ, സഖ്യകക്ഷികൾ തന്നെ എതി൪ക്കുന്ന എഫ്.ഡി.ഐ നീക്കവുമായി മുന്നോട്ടുപോകാൻ സ൪ക്കാറിന് പ്രയാസമുണ്ട്.
ബുധനാഴ്ച നടക്കുന്ന യു.പി.എ ഏകോപന സമിതി യോഗം ഇക്കാര്യങ്ങളിൽ നി൪ണായകമാവും. എഫ്.ഡി.ഐയെ എതി൪ക്കുന്ന തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാന൪ജി യോഗത്തിൽ പങ്കെടുക്കാൻ കൊൽക്കത്തയിയിൽനിന്ന് എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം പ്രതിരോധമന്ത്രി എ.കെ. ആന്റണിയുമായി നടത്തിയ കൂടിക്കാഴ്ചയാണ് മമതയുടെ ദൽഹി യാത്രക്ക് വഴിയൊരുക്കിയത്. ഏകോപന സമിതി യോഗത്തിൽ മമത പങ്കെടുക്കുന്നത് ഇതാദ്യമാണ്. എഫ്.ഡി.ഐ കാര്യത്തിൽ മമതയെ മെരുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടയിലാണ് സി.എ.ജി റിപ്പോ൪ട്ട്.
പാ൪ലമെന്റ് സ്തംഭിച്ചുനിൽക്കുന്നതിനിടയിൽ ബുധനാഴ്ച ചേരുന്ന യു.പി.എ യോഗം, മുന്നണിയുടെ ഐക്യമുഖം പ്രദ൪ശിപ്പിക്കാനാവും ശ്രമിക്കുക. സി.എ.ജി റിപ്പോ൪ട്ട് സഭയിൽ വെച്ചശേഷം യു.പി.എ നേതാക്കൾ സമ്മേളിക്കുന്നത് ഇതാദ്യമാണ്.
ഇതിനിടെ, കൽക്കരിപ്പാടങ്ങൾ ഖനനത്തിന് നൽകിയത് മതിയായ സുതാര്യത ഉറപ്പാക്കിയാണെന്ന് നിയമമന്ത്രി സൽമാൻ ഖു൪ശിദ് പറഞ്ഞു. സംസ്ഥാന സ൪ക്കാറുകളിൽനിന്ന് ലഭിച്ച ശിപാ൪ശയാണ് കൽക്കരി ബ്ലോക്കുകൾ നൽകുന്നതിന് അടിസ്ഥാനമാക്കിയത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ ലേലം വേണ്ടെന്ന നിലപാടാണ് അക്കാലത്ത് സ്വീകരിച്ചത്. തുട൪ന്നുപോരുന്ന രീതി പിന്തുടരുകയാണ് കേന്ദ്രം ചെയ്തതെന്നും പാ൪ലമെന്റിനു പുറത്ത് അദ്ദേഹം വാ൪ത്താലേഖകരോട് പറഞ്ഞു.
ഖനനത്തിന് കൽക്കരിപ്പാടം അനുവദിക്കുന്ന നടപടികളിൽ ഗുണപരമായ പല മെച്ചപ്പെടുത്തലുകളും നടത്തിയിരുന്നു. പരിശോധനാ സമിതിയിൽ സംസ്ഥാനങ്ങൾക്ക് പ്രാതിനിധ്യം നൽകി. കേന്ദ്രസ൪ക്കാ൪ തെറ്റൊന്നും ചെയ്തിട്ടില്ല. വിതരണം കുറ്റമറ്റതാക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. സംസ്ഥാന സ൪ക്കാറുകളും ഈ രീതിയിൽ കൽക്കരി ബ്ലോക്കുകൾ നൽകുന്നതിന് അനുകൂലമായിരുന്നു. സി.എ.ജിയെ സ൪ക്കാറും, സ൪ക്കാറിനെ സി.എ.ജിയും മാനിക്കണമെന്ന് ചോദ്യത്തിനു മറുപടിയായി സൽമാൻ ഖു൪ശിദ് പറഞ്ഞു.

Show Full Article
TAGS:
Next Story