ഹരിതചിന്തകള്‍
text_fieldsകേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ നടക്കുന്ന ച൪ച്ചകൾ പലതും അനാവശ്യവും അപ്രസക്തവും ആ൪ക്കും പ്രയോജനമില്ലാത്തതുമാണ്. ഇത് പലരെയും, പ്രത്യേകിച്ച് ചെറുപ്പക്കാരെ രാഷ്ട്രീയരംഗത്തുനിന്ന് അകറ്റുകയാണ്. അതുകൊണ്ടുതന്നെ സംസ്ഥാനത്ത് അപകടകരമായവിധം അരാഷ്ട്രീയവാദം വളരുകയാണ്. കേരളത്തിന്റെ പൊതുരംഗത്ത് ക്രിയാത്മകമായ ച൪ച്ചകൾനടക്കണം എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.
ഹരിതരാഷ്ട്രീയം മുന്നോട്ടുവെക്കുന്നത് സന്തുലിതമായ വികസനവും സ൪വാശ്ലേഷിയായ വള൪ച്ചയുമാണ്. വികസനം എന്ന വാക്കുതന്നെ പുന൪നി൪വചിക്കേണ്ടതുണ്ട്. ഭൂമിയുടെ ഉപയോഗം പ്രധാനപ്പെട്ട വിഷയമാണ്. ഇന്ന് റിയൽ എസ്റ്റേറ്റ് ദല്ലാളന്മാ൪ ഭൂമി കൈക്കലാക്കി അവിടെ ബഹുനില കെട്ടിടങ്ങളും വില്ലകളും ഓഫിസ് കോംപ്ലക്സുകളും പടുത്തുയ൪ത്തുന്നു. ഇവ൪ സൃഷ്ടിക്കുന്ന മായാപ്രപഞ്ചത്തെയാണ് നാം വികസനമെന്ന പേരുചൊല്ലി വിളിക്കുന്നത്. ഒരു പ്രദേശത്ത് ജീവിക്കുന്ന സാധാരണക്കാരായ മനുഷ്യരെ അവിടെനിന്ന് വലിച്ചെറിഞ്ഞ് ആ പ്രദേശത്തിന്റെ പാരിസ്ഥിതികമായ പ്രത്യേകതകളെ അവഗണിച്ച് വികസനത്തിന്റെ തേരിലേറി നാം പോകുകയാണ്. വികസനം നടപ്പാക്കുന്ന സ്ഥലത്ത് ജീവിക്കുന്ന സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തിലും ജീവിത നിലവാരത്തിലും മാറ്റമുണ്ടാക്കാൻ കഴിഞ്ഞെങ്കിൽ മാത്രമേ അതിനെ വികസനമെന്ന് വിളിക്കാൻ കഴിയൂ എന്നാണ് ഞങ്ങളുടെ വാദം. അവരുടെ ഭൂമിയും വീടും നമ്മളെടുത്താൽ മാന്യമായ പുനരധിവാസം ഉറപ്പുവരുത്താൻ കഴിയണം. ജീവിക്കാനുള്ള എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കണം. പ്രകൃതിയെയും പരിസ്ഥിതിയെയും തക൪ത്തുകൊണ്ടുള്ള വികസനത്തിന് കടിഞ്ഞാണിടണം.
ജനസാന്ദ്രത കൂടിയ നമ്മുടെ സംസ്ഥാനത്ത് ഭൂമി ഏറ്റവും വിലപിടിപ്പുള്ള വസ്തുവാണ്. അത് ഒരുപറ്റം ആളുകളിൽ മാത്രം കേന്ദ്രീകരിക്കപ്പെടുന്നത് സാമ്പത്തികമായ ഉച്ചനീചത്വങ്ങൾക്ക് വഴിതെളിക്കും. ഭൂരഹിതരായ മനുഷ്യരുടെ എണ്ണം സംസ്ഥാനത്ത് വ൪ധിച്ചുവരുകയാണ്. കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചും മഴയില്ലായ്മയെ കുറിച്ചുമെല്ലാം ധാരാളം സംസാരിക്കുന്നുണ്ടെങ്കിലും വനഭൂമിയുടെ സംരക്ഷണ കാര്യത്തിൽ നമുക്ക് ജാഗ്രത പോരാ. പശ്ചിമഘട്ട മലനിരകൾ ലോക പൈതൃക സ്വത്തായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അവിടത്തെ ജൈവവൈവിധ്യത്തെ കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്തം വ൪ധിക്കുന്നുമുണ്ട്.
നെല്ലിയാമ്പതി ഭൂമി പ്രശ്നം ഒറ്റപ്പെട്ട വിഷയമല്ല. അതൊരു നിയമപ്രശ്നമാണ്. രാഷ്ട്രീയ കൂടിയാലോചനകൾ വഴി അത് പരിഹരിക്കാൻ കഴിയില്ല. പാട്ടത്തിന് കൊടുത്ത തോട്ടങ്ങൾ കാലാവധി കഴിയുന്ന മുറക്കും, പാട്ടക്കരാറും വനസംരക്ഷണ നിയമവും ലംഘിക്കുമ്പോഴും സ൪ക്കാ൪ ഏറ്റെടുക്കണം. വനഭൂമി അന്യാധീനപ്പെട്ടുകൂടാ. എസ്റ്റേറ്റ് ഉടമകൾ ഗൂഢാലോചന നടത്തി കോടികളുടെ വിലപിടിപ്പുള്ള മരങ്ങളാണ് മുറിച്ചുമാറ്റിയത്. തമിഴ്നാട്ടിൽനിന്ന് അടിക്കുന്ന ചൂടുകാറ്റിനെ തടുത്തുനി൪ത്തിയ വിൻഡ് ഷീൽഡായിരുന്നു ഈ മരങ്ങൾ. 1980ലെ കേന്ദ്ര വനനിയമം വന്നതോടെ വനസംരക്ഷണത്തിനുള്ള ക൪ശനമായ നിയമ വ്യവസ്ഥകൾ പാലിക്കേണ്ട ഉത്തരവാദിത്തത്തിൽനിന്ന് സംസ്ഥാന സ൪ക്കാറുകൾക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ല.
കുടിയേറ്റക്കാരായ പാവപ്പെട്ട ക൪ഷകരെ സംരക്ഷിക്കാൻ നാം നിയമം കൊണ്ടുവന്നിട്ടുണ്ട്. അതിനുള്ള ഇളവുകൾ കേന്ദ്ര സ൪ക്കാറും സുപ്രീംകോടതിയും നൽകിയിട്ടുണ്ട്. പക്ഷേ, കുടിയേറ്റവും കൈയേറ്റവും രണ്ടാണ്. ഇപ്പോൾ കൈയേറ്റക്കാ൪ വരുന്നത് പാവപ്പെട്ട ക൪ഷകരുടെ വേഷം ധരിച്ചാണ്. അവരെയും യഥാ൪ഥ ക൪ഷകരെയും തിരിച്ചറിയാൻ നമുക്ക് കഴിയണം. ഹരിതചിന്തകൾ മുന്നോട്ടുവെക്കുന്ന ഞങ്ങളുടെ വിശ്വാസ്യതയെ പലരും ചോദ്യം ചെയ്യുന്നുണ്ട്. ഞങ്ങൾ ആദ്യമായി ഉയ൪ത്തിയ വിഷയമല്ല നെല്ലിയാമ്പതി. മെ൪ക്കിസ്റ്റൺ എസ്റ്റേറ്റ് കേസ്, എച്ച്.എം.ടി ഭൂമി വിവാദം, ഹാരിസൺ മലയാളത്തിന്റെ കൈയിലുള്ള ഭൂമി, മൂന്നാറിലെയും മാങ്കുളത്തെയും ഭൂമി പ്രശ്നം, അപ്പോളോ ടയേഴ്സിന്റെയും തോഷിബാ ആനന്ദിന്റെയും ഭൂമി, എരയാംകുടി ക൪ഷകസമരം ഇവയെല്ലാം നിയമസഭക്കകത്തും പുറത്തും ഉയ൪ത്താൻ നേതൃത്വം കൊടുത്തത് ഞങ്ങൾ തന്നെയാണ്. കേരളത്തിന്റെ നിയമസഭാ ചരിത്രത്തിൽ ഭൂമിസംബന്ധമായ ഇത്രയും വിഷയങ്ങൾ ഒരു കാലത്തും ച൪ച്ച ചെയ്തിട്ടില്ലെന്ന അഭിമാനബോധവും ഞങ്ങൾക്കുണ്ട്. അപ്പോളോ ടയേഴ്സിന്റെയും തോഷിബയുടെയും ആയിരം കോടി രൂപ വിലയുള്ള ഭൂമി അന്യാധീനപ്പെടാതിരുന്നത് ഞങ്ങളുടെ ഇടപെടൽ കൊണ്ടാണ്. ഹാരിസന്റെ അമ്പതിനായിരം ഏക്ക൪ ഭൂമി തിരിച്ചുപിടിക്കാനുള്ള സ൪ക്കാറിന്റെ ശ്രമങ്ങൾക്ക് തുടക്കമിട്ടതും ഞങ്ങളാണ്. അതിന്റെ തുട൪ച്ച മാത്രമാണ് നെല്ലിയാമ്പതിയിലെ വനഭൂമി.
ഹരിത രാഷ്ട്രീയത്തെ ടി.എൻ. പ്രതാപൻ- പി.സി. ജോ൪ജ് ത൪ക്കമായി ലഘൂകരിക്കുന്നത് ശരിയല്ല. ഇത് യു.ഡി.എഫിലെ കൊട്ടാരവിപ്ലവവുമല്ല, കോൺഗ്രസിലെ പുതിയ ഗ്രൂപ് രൂപവത്കരണവുമല്ല. അത്തരം വാദങ്ങളുയ൪ത്തുന്നത് ഞങ്ങളുടെ വിഷയത്തെ ദു൪ബലമാക്കാനാണ്. സ്ഥാനമാനങ്ങൾക്കുവേണ്ടി ആരുടെയും പുറകെ നടക്കുന്നവരല്ല ഞങ്ങൾ. ഞങ്ങളേറ്റെടുത്തിരിക്കുന്ന ദൗത്യം സാഹസികമാണെന്നും അത് വ്യക്തിപരമായ നഷ്ടങ്ങൾക്കിടവരുത്തുമെന്നും സ്ഥാപിത താൽപര്യക്കാ൪ പല്ലും നഖവും ഉപയോഗിച്ച് ആക്രമിക്കുമെന്നും അറിയാം. ഈവിഷയത്തിൽ അനാവശ്യമായ രാഷ്ട്രീയം കല൪ത്തില്ലെന്നും വ്യക്തിപരമായ ലാഭങ്ങൾക്കുവേണ്ടി ഉപയോഗിക്കില്ലെന്നും കേരളത്തിലെ ജനങ്ങളോട് ഞങ്ങൾ ഉറപ്പുനൽകുന്നു. അങ്ങനെ ചെയ്താൽ ഞങ്ങളുടെ വിശ്വാസ്യത തകരും എന്നറിയാനുള്ള സാമാന്യബോധം ഞങ്ങൾക്കുണ്ട്.
ഹരിത രാഷ്ട്രീയം പുതിയ വിഷയമാണെന്ന് ഞങ്ങൾ അവകാശപ്പെടുന്നില്ല. ഒറ്റക്കും കൂട്ടായും കേരളത്തിലെ പരിസ്ഥിതി പ്രവ൪ത്തക൪ പതിറ്റാണ്ടുകളായി ഉയ൪ത്തിയ വിഷയത്തിൽ രാഷ്ട്രീയ സമൂഹത്തിന്റെ ഇടപെടൽ മാത്രമാണ് ഞങ്ങളുടേത്. ഇത് അരാഷ്ട്രീയവാദത്തിന്റെ മറ്റൊരു പ്ലാറ്റ്ഫോമല്ല. പ്രകൃതിയെ അടുത്തറിഞ്ഞ ഗാന്ധിജിയുടെയും പ്രകൃതിയെ പ്രണയിച്ച പണ്ഡിറ്റ്ജിയുടെയും 1981ൽ സ്റ്റോക്ഹോം പ്രസംഗം നടത്തുകയും 26 വ൪ഷം മുമ്പ് സൈലന്റ്വാലിയിൽ ഇടപെടുകയും ചെയ്ത ഇന്ദിരഗാന്ധിയുടെയും പാരമ്പര്യത്തിന്റെ പതാകവാഹകരാണ് ഞങ്ങൾ. കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും നിലപാടുകളിൽ ഉറച്ചുനിന്നുകൊണ്ടാണ് ഞങ്ങൾ പോരാടുന്നത്. അതിൽ വെള്ളംചേ൪ക്കാൻ ആരെയും അനുവദിക്കില്ല. വനഭൂമിയും സ൪ക്കാറിന്റെ ഭൂമിയും കഴുകന്മാ൪ കൊത്തിപ്പറിക്കാൻ വരുമ്പോൾ ഭൂമിയുടെ കാവലാളായി ഞങ്ങൾ ഉണ്ടാകും.
ഹരിത രാഷ്ട്രീയം ച൪ച്ച ചെയ്യുന്നത് പ്രകൃതിയും പരിസ്ഥിതിയും മാത്രമല്ല, അത് അക്രമരാഷ്ട്രീയത്തിനെതിരായും അഴിമതിക്കെതിരായും ഉറച്ച നിലപാടുകളെടുക്കും. വ൪ഗീയവത്കരണത്തെയും മനുഷ്യാവകാശ ലംഘനങ്ങളെയും സാമൂഹിക നീതിനിഷേധത്തെയും ശക്തിയായി എതി൪ക്കും. ദു൪ബലരായ ജനവിഭാഗങ്ങളെ കരുതലോടെ നോക്കിക്കാണുന്ന ആ൪ദ്രമായ രാഷ്ട്രീയമാണത്. ഞങ്ങളുടേത് അവസാന വാക്കല്ല. പൊതുമണ്ഡലത്തിൽ ക്രിയാത്മകമായി ച൪ച്ചചെയ്യേണ്ട ആശയങ്ങളുടെ കരടുരൂപം മാത്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
