കണ്ണവത്ത് 164 ഹെക്ടര്‍ വനഭൂമി വെട്ടിവെളുപ്പിക്കാന്‍ നീക്കം
text_fieldsകണ്ണൂ൪: കണ്ണവം റിസ൪വ് വനത്തിൽ തേക്ക് നട്ടുവള൪ത്തുന്നതിൻെറ മറവിൽ 164 ഹെക്ട൪ വനഭൂമി വെട്ടിവെളുപ്പിക്കാൻ നീക്കം.
മൃദുമരങ്ങൾ വള൪ന്നുനിൽക്കുന്ന വെളുമ്പം മേഖലയിലെ 60 ഹെക്ടറും ചീക്കേരിയിൽ 34 ഹെക്ടറും തേക്ക് പ്ളാൻേറഷനുവേണ്ടി വെട്ടിനീക്കാൻ ടെൻഡ൪ നൽകിക്കഴിഞ്ഞു. വനംവകുപ്പിലെ വ൪ക്കിങ് പ്ളാൻ വിഭാഗം മൂന്ന് കോടി രൂപക്കാണ് ടെൻഡ൪ നൽകിയത്. ഇതോടൊപ്പം 70 ഹെക്ട൪ കൂടി ടെൻഡറിന് വെച്ചിട്ടുണ്ട്. ഈ മേഖലയിൽ 8000 മൃദു മരങ്ങൾ ഉണ്ടെന്നാണ് കണക്ക്. ഇവക്കിടയിൽ വിലപിടിപ്പുള്ള മറ്റു മരങ്ങളും ഉണ്ടെന്നും നിസ്സാര തുകക്കാണ് ടെൻഡ൪ നൽകിയതെന്നും ആക്ഷേപമുണ്ട്. 1980ൽ നട്ടുപിടിപ്പിച്ച മൃദു മരങ്ങൾ നിത്യഹരിത വനത്തിൻെറ സ്വഭാവം കൈവരിച്ചിട്ടുണ്ട്. അഞ്ചരക്കണ്ടി പുഴയുടെ പ്രധാന നീ൪ സംഭരണ പ്രദേശമാണിത്.
വനത്തിൽ പെയ്യുന്ന മഴയുടെ 15 ശതമാനത്തോളം വെള്ളം മൃദുമരങ്ങൾ തൊലിയിൽ സംഭരിച്ചുവെക്കുന്നുണ്ട്. കാട്ടുകുരുമുളക്, തിപ്പലി പോലുള്ള സസ്യങ്ങൾക്ക് വളരാൻ സഹായം നൽകുന്നത് ഇത്തരം മരങ്ങളാണ്. വളരെ കുറച്ചുമാത്രം തേക്കുമരങ്ങൾ നട്ടുവള൪ത്തുന്നതിന് വനഭൂമി വെട്ടിവെളുപ്പിക്കാൻ അവസരമൊരുക്കുന്നത് ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങൾക്കിടയാക്കുമെന്ന് ജില്ലാ പരിസ്ഥിതി സമിതി അഭിപ്രായപ്പെട്ടു.
വനം വെട്ടിവെളുപ്പിക്കാനുള്ള നീക്കം നി൪ത്തിവെക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം, വനംവകുപ്പ് മന്ത്രി എന്നിവ൪ക്ക് പരാതികളയക്കുമെന്ന് സെക്രട്ടറി ഭാസ്കരൻ വെള്ളൂ൪ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
