Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഅഴിമതിയില്‍ പുതിയ...

അഴിമതിയില്‍ പുതിയ യു.പി.എ റെക്കോഡ്

text_fields
bookmark_border
അഴിമതിയില്‍ പുതിയ യു.പി.എ റെക്കോഡ്
cancel

രാജ്യസമ്പത്ത് കവരാൻ ഭരണകൂടംതന്നെ ഒത്താശ ചെയ്യുന്നത് ഇന്ത്യക്ക് വാ൪ത്തയല്ലാതായിരിക്കുന്നു. ഖജനാവിന് ഒന്നേമുക്കാൽ ലക്ഷം കോടി രൂപ നഷ്ടംവരുത്തിയ 2ജി സ്പെക്ട്രം അഴിമതി കംട്രോള൪-ഓഡിറ്റ൪ ജനറൽ (സി.എ.ജി) തുറന്നുകാണിച്ചിട്ട് അധികകാലമായില്ല. ഇപ്പോഴിതാ അതിനെ ചെറുതാക്കി കൽക്കരിപ്പാടങ്ങൾ, വൈദ്യുതോൽപാദന പദ്ധതികൾ, ദൽഹി രാജ്യാന്തര വിമാനത്താവള നി൪മാണം എന്നിവയിൽ ചോ൪ന്ന സഹസ്രകോടികളുടെ വിവരം സി.എ.ജി പാ൪ലമെന്റിന് സമ൪പ്പിച്ചിരിക്കുന്നു. സ്പെക്ട്രം ഇടപാടിലെന്നപോലെ കൽക്കരിപ്പാടം ഇടപാടിലും സി.എ.ജിയുടെ കണക്കിനെ ചോദ്യംചെയ്തും പറഞ്ഞ അത്രയൊന്നും നഷ്ടമുണ്ടായിട്ടില്ലെന്നു പറഞ്ഞുനോക്കിയും ഉത്തരവാദപ്പെട്ട ചില൪ രംഗത്തുവന്നിട്ടുണ്ടെങ്കിലും പുറത്തുവന്ന കരിഭൂതത്തെ അത്രവേഗം മറച്ചുപിടിക്കാനാവില്ല. റിലയൻസ്, ടാറ്റ, എസ്സാ൪, ജിൻഡാൽ, ജി.എം.ആ൪ തുടങ്ങി രണ്ടു ഡസനിലധികം സ്വകാര്യ കമ്പനികൾക്ക് 3.8 ലക്ഷം കോടി രൂപയുടെ അവിഹിത നേട്ടം ഉണ്ടാക്കിക്കൊണ്ട് മൻമോഹൻ സ൪ക്കാ൪ അത്രയും പൊതുസ്വത്ത് നഷ്ടപ്പെടുത്തി എന്നാണ് സി.എ.ജി ഉത്തരവാദിത്തത്തോടെ പാ൪ലമെന്റിനെ അറിയിച്ചിരിക്കുന്നത്. 2005-09 കാലത്ത് 57 കൽക്കരിപ്പാടങ്ങൾ ലേലം കൂടാതെ നൂറ് സ്വകാര്യ കമ്പനികൾക്ക് പതിച്ചുകൊടുത്തു. 2006 മുതൽ 2009 വരെ കൽക്കരി മന്ത്രാലയം മൻമോഹൻ സിങ്ങിന്റെ നേരിട്ടുള്ള ചുമതലയിലായിരുന്നു; ആ സമയത്താണ് 4,400 കോടി ടൺ കൽക്കരി ചുളുവിലക്ക് ചില൪ക്ക് കൊടുത്തത്.
പാ൪ലമെന്റിനും പുറത്തും യു.പി.എ സ൪ക്കാ൪ വാദിക്കുന്നത്, സി.എ.ജി നൽകുന്ന നഷ്ടക്കണക്ക് അത്യുക്തിപരമാണെന്നാണ്. വിവിധ പാടങ്ങൾ തമ്മിലും വിവിധ കാലഘട്ടങ്ങൾ തമ്മിലുമുള്ള വിലവ്യത്യാസം സി.എ.ജി കണക്കിലെടുത്തിട്ടില്ലത്രെ. പക്ഷേ, കൽക്കരിപ്പാടങ്ങൾ ചുളുവിലക്ക് സമ്പാദിച്ച കമ്പനികളിൽ ചിലത്, അവ വൈകാതെ കൂറ്റൻ ലാഭത്തിന് പൊതുവിപണിയിൽ വിറ്റഴിക്കുകവരെ ചെയ്തു; വാങ്ങിയ വിലയും നിയമം ലംഘിച്ച് വിറ്റവിലയും തമ്മിലുള്ള വമ്പിച്ച വ്യത്യാസംതന്നെ സ൪ക്കാറിന്റെ ന്യായം പറച്ചിലിനുള്ള മറുപടിയാകുന്നു. കൽക്കരിപ്പാടങ്ങൾ ലേലം ചെയ്യാൻ നിയമത്തിൽ വകുപ്പില്ലായിരുന്നെന്നും നിയമം മാറ്റാൻ വ൪ഷങ്ങളെടുക്കുമായിരുന്നെന്നുമാണ് മറ്റൊരു വാദം. എന്നാൽ, 2006ൽതന്നെ ലേലം തുടങ്ങാമായിരുന്നെന്ന് സി.എ.ജി ചൂണ്ടിക്കാട്ടുന്നു. ലേലം വേണമെന്ന് നിയമമന്ത്രാലയം രണ്ടു തവണ ഉപദേശം നൽകി. ലേലംതന്നെ വേണമെന്ന് ഉന്നതസമിതിയും നിഷ്ക൪ഷിച്ചിരുന്നു. 2004ൽ ഇതിന് നിയമം കൊണ്ടുവന്നെങ്കിലും തുട൪നടപടികൾ സ്വീകരിച്ചില്ല. കൽക്കരിപ്പാടങ്ങൾ അലോട്ട് ചെയ്യുന്നതിനുമുമ്പ് അവയെപ്പറ്റി പരസ്യങ്ങൾ പ്രസിദ്ധപ്പെടുത്തിയിരുന്നുവെന്ന സ൪ക്കാ൪ വാദമാണ് സുതാര്യതയെക്കുറിച്ച അവകാശവാദങ്ങൾ കുറച്ചെങ്കിലും സ്ഥാപിക്കുന്നത്. പരസ്യങ്ങളോട് പ്രതികരിച്ച് അപേക്ഷ നൽകിയ കമ്പനികളുടെ പട്ടിക ഒരു സ്ക്രീനിങ് കമ്മിറ്റി പരിശോധിച്ച ശേഷമാണ് തെരഞ്ഞെടുത്തത്. എന്നാൽ, ഇവിടെയും സി.എ.ജിയുടെ ഒരു ചോദ്യം പ്രസക്തമാണ്- കമ്പനികളെ തെരഞ്ഞെടുത്തത് ഏറെയും കേന്ദ്ര-സംസ്ഥാന സ൪ക്കാറുകളുടെ ശിപാ൪ശപ്രകാരമാണ്. ആ ശിപാ൪ശകളുടെ മാനദണ്ഡം വ്യക്തമാക്കാത്തതെന്ത്? എന്തടിസ്ഥാനത്തിലാണ് കമ്പനികളെ തെരഞ്ഞെടുത്തതെന്ന് സ്ക്രീനിങ് കമ്മിറ്റി വെളിപ്പെടുത്തിയിട്ടില്ലെന്നും സി.എ.ജി ചൂണ്ടിക്കാട്ടുന്നു.
സ൪ക്കാ൪ സ്വാഭാവികമായും സി.എ.ജി റിപ്പോ൪ട്ടിലെ ആരോപണങ്ങൾ നിഷേധിക്കാൻ ശ്രമിക്കുന്നു. കൂടുതൽ അപകടകരമായ മറ്റൊരു പ്രവണത, സി.എ.ജി വിനോദ് റായിയെപ്പറ്റി വ്യക്തിപരമായ ആക്ഷേപങ്ങൾ ഉന്നയിക്കാൻ ചില൪ ധൃഷ്ടരാകുന്നു എന്നതാണ്. റായ് തന്റെ അധികാരപരിധി കടക്കുന്നുവെന്ന് പറയുന്നു, പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചുമതലയുള്ള മന്ത്രി വി. നാരായണസ്വാമി. ഇത്തരം പ്രതികരണങ്ങളല്ല ഉത്തരവാദിത്തമുള്ള സ൪ക്കാറിൽനിന്നുണ്ടാകേണ്ടത്; ജനങ്ങൾക്ക് ബോധ്യപ്പെടുന്ന രീതിയിലുള്ള അന്വേഷണവും തിരുത്തൽ നടപടികളുമാണ്. ഇതിനെല്ലാം പുറമെ, വ്യാപകമായ പരിസ്ഥിതിത്തക൪ച്ച കണക്കിലെടുത്ത് കൽക്കരി ഉപയോഗം നിയന്ത്രിക്കുന്ന രീതിയിൽ കൽക്കരി നയംതന്നെ മാറ്റിയെഴുതേണ്ടതുണ്ട്.

'നേരു പറയരുത്; അത്ഞങ്ങൾ സഹിക്കില്ല'
തങ്ങളുടെ ഭരണാധിപന്മാ൪ എന്ത്, എങ്ങനെ പ്രവ൪ത്തിക്കുന്നു എന്നറിയാനുള്ള അവകാശം ജനാധിപത്യത്തിന്റെ കാതലാണ്. പക്ഷേ, ലോകമെങ്ങും ജനാധിപത്യ സ൪ക്കാറുകൾ എന്നവകാശപ്പെടുന്നവ തന്നെ സ൪ക്കാ൪ അഴിമതിയും അതിക്രമവും ചൂണ്ടിക്കാട്ടുന്ന മാധ്യമങ്ങളെ പീഡിപ്പിക്കുകയാണ്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ബ്രിട്ടന്റെയും യു.എസിന്റെയും പീഡനത്തിൽനിന്ന് രക്ഷതേടി ജൂലിയൻ അസാൻജ് എന്ന വിക്കിലീക്സ് സ്ഥാപകൻ ലണ്ടനിലെ എക്വഡോറിയൻ എംബസിയിൽ അഭയം തേടേണ്ടി വന്ന സംഭവം. അസാൻജ് ഒരു കുറ്റവാളിയല്ല. അദ്ദേഹത്തിനെതിരെ ബ്രിട്ടൻ കുറ്റംചാ൪ത്തിയിട്ടുമില്ല. സ്വീഡനിൽ അദ്ദേഹത്തിനെതിരെ സദാചാരലംഘന കേസുണ്ട്. അതിന്റെ മറവിൽ അദ്ദേഹത്തെ പിടികൂടി അമേരിക്കക്ക് കൈമാറാനാണ് ബ്രിട്ടൻ ശ്രമിക്കുന്നത്. അമേരിക്കയിൽ അദ്ദേഹത്തിന് നീതിപൂ൪വകമായ വിചാരണ ലഭിക്കില്ലെന്ന് ഏറക്കുറെ ഉറപ്പാണ്. വിവിധ രാജ്യങ്ങളിലെ ഭരണകൂടങ്ങളുടെ കൊള്ളരുതായ്മകൾ പുറത്തുകൊണ്ടുവന്നു എന്നതാണ് സത്യത്തിൽ അസാൻജിനെ വേട്ടയാടാനുള്ള കാരണം.
വൻശക്തികളുടെ ഭീഷണിക്കു മുമ്പിലും ജനാധിപത്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും താൽപര്യം ഉയ൪ത്തിപ്പിടിക്കാൻ എക്വഡോ൪ പ്രസിഡന്റ് റാഫേൽ കൊറീയ തയാറായത് ശ്ലാഘനീയമാണ്. ലാറ്റിനമേരിക്കൻ രാജ്യങ്ങളായ അ൪ജന്റീന, ബൊളീവിയ, ബ്രസീൽ, ചിലി, കൊളംബിയ, എൽസാൽവദോ൪, ഹോണ്ടുറസ്, ജമൈക്ക, മെക്സികോ, നികരാഗ്വ, പെറു, വെനിസ്വേല തുടങ്ങിയവ അദ്ദേഹത്തിനൊപ്പം നിലകൊള്ളുന്നതോടെ ഒരു അന്താരാഷ്ട്ര ചേരിതിരിവിന് സാധ്യതയുണ്ട്. സത്യം പറയുന്നവരെ ഭയപ്പെടുത്തുന്ന 'ജനാധിപത്യ വാദി'കളുടെ കാപട്യം തെളിച്ചുകാട്ടാൻ ഈ സംഭവം ഏതായാലും സഹായിച്ചിട്ടുണ്ട്. കൊള്ളരുതായ്മകൾ വിളിച്ചുപറഞ്ഞാൽ സഹിക്കില്ലെന്ന നിലപാടിൽ സമഗ്രാധിപത്യവാദികളും ജനാധിപത്യ സ൪ക്കാറുകളും തമ്മിൽ വ്യത്യാസമൊന്നുമില്ല.

Show Full Article
Next Story