Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightനാടെങ്ങും...

നാടെങ്ങും ഈദുല്‍ഫിത്വ്ര്‍ ആഘോഷിച്ചു

text_fields
bookmark_border
നാടെങ്ങും ഈദുല്‍ഫിത്വ്ര്‍ ആഘോഷിച്ചു
cancel

ജിദ്ദ: സൗഹാ൪ദത്തിൻെറയും സ്നേഹത്തിൻെറയും സന്ദേശം വിളിച്ചോതി രാജ്യമെങ്ങും അത്യാഹ്ളാദപൂ൪വം ഈദുൽഫിത്വ്൪ ആഘോഷിച്ചു. വിവിധ മേഖലകളിലെ പല ഭാഗങ്ങളിലായി ഒരുക്കിയ നൂറുക്കണക്കിന് ഈദുഗാഹുകളിലും പള്ളികളിലും നടന്ന പെരുന്നാൾ നമസ്കാരത്തിൽ വിദേശികളും സ്വദേശികളും പങ്കെടുത്തു. അതിരാവിലെ മുതൽ പള്ളികളിൽ നിന്നും ഈദ്ഗാഹുകളിൽ നിന്നും തക്ബീ൪ ധ്വനികൾ ഉയ൪ന്നു.
പുതുവസ്ത്രമണിഞ്ഞ് പുരുഷൻമാരും സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിനാളുകളാണ് വിവിധ ഭാഗങ്ങളിൽ പ്രത്യേകം സജ്ജമാക്കിയ ഈദുഗാഹുകളിൽ സംഗമിച്ചത്. നമസ്കാരശേഷം ഹസ്തദാനം നടത്തിയും ആശ്ളേഷിച്ചും ഈദാശംസകൾ കൈമാറി. ചില ഈദ്ഗാഹുകളിൽ മധുരവും കളിക്കോപ്പുകളും വിതരണം ചെയ്തു. വിവിധ ഡിസ്ട്രിക്റ്റുകളിൽ ഭരണസമിതിയും പ്രദേശത്തെ കാൾ ആൻറ് ഗൈഡൻസ് ഓഫീസുകളും പെരുന്നാൾ നമസ്കാരത്തിനെത്തുന്നവ൪ക്ക് പ്രത്യേക സ്വീകരണം ഒരുക്കിയിരുന്നു. ഒരു മാസത്തെ വ്രതത്തിലൂടെ ആ൪ജിച്ചെടുത്ത ജീവിതവിശുദ്ധിയും മനസംസ്കരണവും നിലനിറുത്താൻ പെരുന്നാൾ ഖുതുബകളിൽ ഇമാമുമാ൪ വിശ്വാസികളെ ഓ൪മിപ്പിച്ചു. അഹങ്കാരവും പകയും ശത്രുതയും വെടിഞ്ഞ് കുടുംബബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും അനാഥരുടെയും അശരണരുടെയും കണ്ണീരൊപ്പാനും രോഗികളെ സന്ദ൪ശിക്കാനും പെരുന്നാൾദിവസം ഉപയോഗപ്പെടുത്താൻ ഇമാമുമാ൪ ഉണ൪ത്തി.
മക്കയിൽ മസ്ജിദുഹറാമിലെ പെരുന്നാൾ നമസ്കാരത്തിൽ സൗദി ഭരണാധികാരി അബ്ദുല്ല രാജാവ്, കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ അമീ൪ സൽമാൻ ബിൻ അബ്ദുൽ അസീസ്, മുൻ ലബനാൻ പ്രധാനമന്ത്രി സഅദ് അൽഹരീരി, മക്ക ഗവ൪ണ൪ ഖാലിദ് അൽ ഫൈസൽ, രാജാവിൻെറ ഉപദേഷ്ടാവ് അമീ൪ അബ്ദുൽ ഇലാഹ് ബിൻ അബ്ദുൽ അസീസ്, ആഭ്യന്തരമന്ത്രി അമീ൪ അഹ്മദ് ബിൻ അബ്ദുൽ അസീസ് എന്നിവ൪ പങ്കുകൊണ്ടു. വിദേശികളും സ്വദേശികളും ഉംറ തീ൪ഥാടകരുമടക്കം പതിനായിരങ്ങൾ മക്ക ഹറമിലെ നമസ്കാരത്തിൽ സംബന്ധിച്ചു.
മക്കയുടെ അടുത്ത പ്രദേശങ്ങളിൽ നിന്ന് ശനിയാഴ്ച രാത്രി മുതൽ ഹറമിലെ പെരുന്നാൾ നമസ്കാരത്തിന് പങ്കെടുക്കാൻ ആളുകളുടെ ഒഴുക്കായിരുന്നു. റോഡുകളിലെ തിരക്ക് നിയന്ത്രിക്കാൻ ട്രാഫിക് രംഗത്ത് കൂടുതൽ പേരെ നിയോഗിച്ചിരുന്നു. ഹറമിലെ പെരുന്നാൾ നമസ്കാരത്തിനും ഖുതുബക്കും ഡോ. സാലിഹ് ബിൻ അബ്ദുല്ല ബിൻ ഹുമൈദ് നേതൃത്വം നൽകി. സ്നേഹവും കുടുംബബന്ധങ്ങളും ഊട്ടിയുറപ്പിക്കാനാണ് പെരുന്നാൾ നിശ്ചയിച്ചിരിക്കുന്നതെന്ന് ഹറം ഇമാം പറഞ്ഞു. സ്നേഹമാണ് ആഘോഷങ്ങളുടെ തിളക്കവും സന്തോഷവുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മദീനയിൽ മസ്ജിദുന്നബവിയിൽ നടന്ന പെരുന്നാൾ നമസ്കാരത്തിൽ പത്ത് ലക്ഷത്തിലധികം ആളുകൾ പങ്കെടുത്തു. നമസ്കാരത്തിനും ഖുതുബക്കും ശൈഖ് ഹുസൈൻ ആലു ശൈഖ് നേതൃത്വം നൽകി. അളവറ്റ ദൈവാനുഗ്രഹങ്ങൾക്ക് മുസ്ലിം കാണിക്കുന്ന സന്തോഷമാണ് ഈദുൽഫിത്വറെന്ന് മസ്ജിദുന്നബവി ഇമാംപറഞ്ഞു. വിഭാഗീയതയും പക്ഷപാതിത്വവും വെടിഞ്ഞ് ഐക്യവും സാഹോദര്യവും ബലിഷ്ഠമാക്കാനുള്ള സുദിനമാണ് പെരുന്നാൾ. ബ൪മ, സിറിയ,ഫലസ്തീൻ തുടങ്ങിയ രാജ്യങ്ങളിൽ ദുരിതമനുഭവിക്കുന്നവരുടെ കൂടെ നിലകൊള്ളുക മുസ്ലിമിൻെറ ബാധ്യതയാണെന്നും മസ്ജിദുന്നബവി ഇമാം ഉദ്ബോധിപ്പിച്ചു. പെരുന്നാൾ ദിനത്തിൽ വിവിധ പ്രവിശ്യാ ഗവ൪ണ൪മാ൪ ആശുപത്രികൾ സന്ദ൪ശിക്കുകയും രോഗികൾക്ക് പെരുന്നാൾ ഉപഹാരം നൽകുകയും ചെയ്തു. റിയാദ്, തബൂക്ക്, കിഴക്കൻ, ഹാഇൽ, അൽബാഹ തുടങ്ങിയ വിവിധ മേഖലകളിൽ വൈവിധ്യമാ൪ന്ന കലാപരിപാടികളും വെടിക്കെട്ടുകളും അരങ്ങേറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story