പൂമുറ്റത്തെത്തുന്ന അത്തം
text_fieldsമുറ്റത്തെ പൂക്കളത്തിൽ ഒന്നാം പൂവിട്ടെതിരേൽക്കാൻ ഇന്ന് അത്തം പിറക്കുന്നു. ഇനി തിരുവോണം വരെ മുറ്റത്ത് പൂവിതളുകൾ ചിത്രമെഴുതും. തൃക്കാക്കരപ്പനെ നടുവിൽ പ്രതിഷ്ഠിച്ച് തുമ്പപ്പൂവിതളുകൾ മുറ്റത്തെ ചാണകം മെഴുകിയ പൂത്തറയിൽ ഇന്ന് അണിനിരക്കും. പിന്നെ തൊടിയിലും വയലിറമ്പിലും മരത്തണലുകളിലും പൂത്ത കാക്കപ്പൂവും മുക്കുറ്റിയും കണ്ണാന്തളിയും ചെമ്പരത്തിയും ചെത്തിയും തൊട്ടാവാടിയുമെല്ലാമായി കളത്തിനു വലിപ്പമേറി വരും.. തിരുവോണത്തിന് ദശപുഷ്പങ്ങളുടെ മിഴിവോടെ പൂക്കളമുണരും....ഇതൊക്കെ പഴമയുടെ ഓണച്ചിട്ടകൾ പാലിക്കുന്നിടത്ത് ഇപ്പോഴും കണ്ടെടുക്കാനാവുന്ന ചിത്രങ്ങൾ മാത്രം.പൂത്തറയും പൂവട്ടിയും തൃക്കാക്കരപ്പനും പൂവിളിയുമെല്ലാം തെല്ലിട മാറ്റ് കുറയാതെ നിറയുന്ന ഓണക്കാലങ്ങൾ എവിടെയൊക്കെയോ ബാക്കിയുണ്ട്. അതേ സമയം തിരക്കുപിടിച്ച ജീവിതം മാറ്റിയെഴുതിയ ഓണച്ചിത്രങ്ങളും കാണാനാവും. തെരുവോരത്തെ പൂക്കൂട്ടങ്ങളിൽ നിന്ന് വിലപേശി വാങ്ങുന്ന ജമന്തിയും ചെട്ടിയും ചെണ്ടുമല്ലിയുമെല്ലാം ആധിപത്യം സ്ഥാപിച്ച പൂക്കളങ്ങൾ.പൂവിളിയും പൂക്കൂടയും നഷ്ടമായെന്ന പതിവു വിലാപത്തിന് വലിയ അ൪ഥമൊന്നുമില്ല... പല ഭാവഭേദങ്ങളോടെ ഓണം ഉൽസവമായി നുരയുന്നുണ്ട് എന്നത്തേയും പോലെയെന്ന് നിശ്ചയം..ഇത്തവണ തിരുവോണം തിടുക്കപ്പെട്ട് വന്നെത്തും. പത്താം നാളിന് കാക്കാതെ ഒമ്പതിന് വല്ലേ്യാണം കടന്നു വരും. പൂരാടവും ഉത്രാടവും ഒരേ ദിവസം പങ്കിടുന്നതാണ് ഒമ്പതാമോണത്തെ തിരുവോണമാക്കുന്നത്. നാട്ടിൻപുറങ്ങളിൽ പഴയകാലത്തിൻെറ സൂക്ഷിപ്പുകാ൪ ഉള്ളിടത്തെല്ലാം ഇന്ന് പൂത്തറയൊരുങ്ങിക്കഴിഞ്ഞിരിക്കും. മുറ്റത്ത് മണ്ണുകൂട്ടി ചാണകംമെഴുകിയുണ്ടാക്കിയ പൂത്തറ. നടുവിൽ തൃക്കാക്കരപ്പൻെറ പ്രതീകമായി ഒരു ശിലാപാളിയും കുത്തിനി൪ത്തും. കുട്ടികൾ പനയോലകൊണ്ട് പൂക്കൂടകൾ മെടഞ്ഞുവെച്ച് കാത്തിരിപ്പാവും നേരം വെളുക്കാൻ.. തുമ്പതേടി ചെടിക്കൂട്ടങ്ങളിലലയാൻ.. അലയാൻ തൊടികളും മെടയാൻ പൂക്കൂടകളുമില്ലാത്തവരും ആവും വിധം അത്തത്തെ വരവേൽക്കാൻ ഒരുങ്ങിയിരിപ്പാവും.. നിറങ്ങൾ ഏറെ മാറുന്നുണ്ട്...എന്നാലും ഓണം ഓണം തന്നെ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
