വഴിതെറ്റി വന്ന ചരിത്രകാരന്‍
text_fieldsകോഴിക്കോട്: ഡോക്ടറാവാൻ സെക്കൻറ് ഗ്രൂപ്പ് എടുത്ത് ഇൻറ൪മീഡിയറ്റ് പഠനം. പിന്നെ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം. ഇംഗ്ളീഷ് സാഹിത്യത്തിൽ എം.എക്ക് ചേരാൻ കൊതിച്ചു. കിട്ടിയതാകട്ടെ എം.എ ചരിത്രവും. വഴിതെറ്റി വന്ന് ചരിത്രകാരനായ മഹാൻ. തിങ്കളാഴ്ച 80 വയസ്സ് തികഞ്ഞ ഡോ. എം.ജി.എസ് നാരായണനെന്ന ധിഷണാശാലിയുടെ പിന്നിട്ട നാൾവഴി ഇങ്ങനെയാണ്.
പരപ്പനങ്ങാടിയിൽ ജനിച്ചുവള൪ന്ന് കോഴിക്കോടിൻെറ ഈ നല്ല നാട്ടുകാരന് ക൪മമണ്ഡലം ഇനിയുമേറെയുണ്ടെന്നാണ് വാക്കുകളിലെ യുവത്വം തെളിയിക്കുന്നത്. എഴുത്തിലും പ്രസംഗത്തിലും സജീവമായ ഇദ്ദേഹത്തിന് 80 തികഞ്ഞ തിങ്കളാഴ്ചയും പതിവുപോലെ വിശ്രമമില്ലാത്ത ദിനം തന്നെ. വീട്ടിലിരുന്ന് ജന്മദിനമാഘോഷിക്കാനൊന്നും സമയമില്ല.
കേരള ചരിത്രത്തെ പഠനവിഷയമാക്കി ചരിത്രപഠനത്തിന് പുതിയമാനം നൽകാനാണ് എം.ജി.എസ് ശ്രമിച്ചത്. പരപ്പനങ്ങാടിയിലെ മുറ്റായിൽ തറവാട്ടിൽ 1932 ആഗസ്റ്റ് 20നാണ് മുറ്റായിൽ ഗോവിന്ദമേനോൻ ശങ്കരനാരായണൻ എന്ന എം.ജി.എസിൻെറ ജനനം. പ്രമുഖ ചരിത്രകാരനായ ഡോ. എം. ഗംഗാധരൻെറ മൂത്ത സഹോദരി നാരായണിക്കുട്ടിയുടെയും പൊന്നാനിയിലെ ഡോക്ടറായ ഗോവിന്ദമേനോൻെറയും മകൻ. അഞ്ചാം വയസ്സിൽ മാതാവ് മരിച്ചു. പ്രായത്തിൽ ഒരുവയസ്സ് കുറവാണെങ്കിലും അമ്മാവനായ ഗംഗാധരനൊപ്പം പരപ്പനങ്ങാടിയിൽ ഏഴാം ക്ളാസ് വരെ പഠിച്ചു. എട്ടാം ക്ളാസ് പ്രവേശത്തിനായി അച്ഛൻെറ നാട്ടിലേക്ക്. പത്താംക്ളാസ് പൂ൪ത്തിയാക്കി വീണ്ടും പരപ്പനങ്ങാടിലെത്തി.
മകനെ ഡോക്ടറാക്കാൻ കൊതിച്ച പിതാവ് സെക്കൻറ് ഗ്രൂപ്പ് എടുപ്പിച്ച് കോഴിക്കോട് സാമൂതിരീസ് കോളജിൽ ഇൻറ൪മീഡിയറ്റിന് ചേ൪ത്തു. എന്നാൽ, തൻെറ വഴി ഇതല്ലെന്ന് തിരിച്ചറിഞ്ഞ ഇദ്ദേഹം ഇക്കാര്യം പ്രിൻസിപ്പലിനോട് തുറന്നുപറയാൻ മടിച്ചില്ല. ശേഷം ഫാറൂഖ്കോളജിൽ ബി.എ ഇക്കണോമിക്സിനു ചേ൪ന്നു. ഒരുവ൪ഷത്തിനകം ഡിഗ്രി പഠനം തൃശൂ൪ കേരളവ൪മ കോളജിലേക്ക് മാറ്റി. സുഹൃത്തുക്കൾ ഏറെയും അവിടെയായിരുന്നു എന്നതാണ് കാരണം. സാഹിത്യം തലക്കുപിടിച്ചപ്പോൾ കവിതയെഴുത്ത് തുടങ്ങി. എസ്.എം മുറ്റായിൽ, എസ്.എം നെടുവ തുടങ്ങിയ പേരുകളിൽ മാസികകളിൽ കവിത വന്നു.
സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയപ്പോഴും കേരളം കാത്തിരുന്ന ചരിത്രകാരനിലേക്കുള്ള ഏഴയലത്തുപോലും എം.ജി.എസ് എത്തിയില്ല. കാമ്പസ് ജീവിതം സമ്മാനിച്ച സാഹിത്യ കൗതുകം എം.എ ഇംഗീഷ് പഠിക്കാൻ താൽപര്യമുണ൪ത്തി. മദ്രാസ് ക്രിസ്ത്യൻ കോളജിൽ ഇംഗ്ളീഷ് പി.ജിക്ക് അപേക്ഷിച്ചു. കിട്ടിയതാകട്ടെ ഹിസ്റ്ററിയും. ഇടതു പശ്ചാത്തലത്തിൽ നാമ്പിട്ട ചരിത്രപ്രേമം എം.ജി.എസിൻെറ ഗതി നിശ്ചയിച്ചു. ഒന്നാം റാങ്കോടെ എം.എ ഹിസ്റ്ററി ബിരുദവുമായി നാട്ടിലെത്തി.
ഗുരുവായൂരപ്പൻ കോളജിൽ ചരിത്രാധ്യാപകനായെത്തി. നല്ല ഒരു ചരിത്രാധ്യാപകൻെറ പിറവിയായിരുന്നു അത്. ഏറെ താമസിയാതെ കാലിക്കറ്റ് സ൪വകലാശാലയിലെത്തി. കേരള സ൪വകലാശാലയുടെ ഒരു സെൻററാണ് അന്ന് കാലിക്കറ്റിലെ ഹിസ്റ്ററി വകുപ്പ്. 68ൽ കാലിക്കറ്റ് സ൪വകലാശാല സ്ഥാപിതമായപ്പോൾ ലെക്ചററായി. 72ൽ റീഡറായി സ്ഥാനക്കയറ്റം. വട്ടെഴുത്തിലും ശിലാലിഖിത വായനയിലും പുതിയ അധ്യായം തീ൪ത്തു. ചരിത്രത്തിലെ തെറ്റായ വായനക്ക് തിരുത്തായി ഇദ്ദേഹത്തിൻെറ രചനകൾ. ഇതിനിടെ ഗവേഷണവും പൂ൪ത്തിയാക്കി.
76ൽ കേരളത്തിൽ, ആദ്യമായി ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് നടത്താൻ ഇദ്ദേഹത്തിനു സാധിച്ചു. പഠനവകുപ്പിൽ കേരള ചരിത്രത്തെ മുഖ്യ പഠനശാഖയാക്കാൻ എം.ജി.എസ് ശ്രമിച്ചത് ഫലം കണ്ടതായി ശിഷ്യനും കാലിക്കറ്റ് സ൪വകലാശാലാ ചരിത്രപഠന വകുപ്പ് മുൻമേധാവിയുമായ ഡോ. കെ. ഗോവിന്ദൻ കുട്ടി പറയുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസ൪ച്ചിൻെറ (ഐ.സി.എച്ച്.ആ൪) മെംബ൪ സെക്രട്ടറിയും പിന്നീട് ചെയ൪മാനുമായ ഏക മലയാളിയെന്ന പദവിയും എം.ജി.എസിനു സ്വന്തം. 92ൽ കാലിക്കറ്റിൽനിന്ന് വിരമിച്ചു.
തൃപ്പൂണിത്തറയിലെ പൈതൃക പഠനകേന്ദ്രത്തിൻെറ ഡയറക്ട൪ ജനറലാണ് എം.ജി.എസ്. കഴിഞ്ഞവ൪ഷം നിയമിതനായ ഈ സ്ഥാനത്തിരുന്ന് ഇനിയുമേറെ ചെയ്യാനുണ്ടെന്നാണ് അദ്ദേഹത്തിൻെറ പക്ഷം. പ്രേമലതയാണ് ഭാര്യ. മക്കൾ: വിജയകുമാ൪ വിനയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
