പെന്‍ഷന്‍പ്രായം ഉയര്‍ത്താനും നിയമനപ്രായം കുറക്കാനും മുന്‍സര്‍ക്കാറിന്‍െറ കാലത്തും ശിപാര്‍ശ
text_fieldsതിരുവനന്തപുരം: പെൻഷൻ പ്രായം രണ്ട് ഘട്ടമായി 60 ആയി ഉയ൪ത്താനും സ൪വീസിൽ പ്രവേശിക്കുന്നതിനുള്ള പ്രായപരിധി രണ്ട് ഘട്ടമായി 30 ആയി കുറക്കാനും മുൻ സ൪ക്കാറിൻെറ കാലത്തും വിദഗ്ധ സമിതി റിപ്പോ൪ട്ട് ലഭിച്ചിരുന്നു. കേരള പബ്ളിക് എക്സ്പെൻഡിച്ച൪ റിവ്യു കമ്മിറ്റി ഇതിനായി മൂന്ന് റിപ്പോ൪ട്ടുകൾ സമ൪പ്പിച്ചു. സെൻറ൪ ഫോ൪ ഡെവലപ്മെൻറ് സ്റ്റഡീസിലെ വിദഗ്ധരടങ്ങുന്ന സമിതി മൂന്ന് റിപ്പോ൪ട്ടുകളും അന്നത്തെ ധനമന്ത്രി ഡോ. തോമസ് ഐസക്കിനാണ് സമ൪പ്പിച്ചത്. ഇതിൻെറ ചുവടുപിടിച്ച് വിരമിക്കൽ തീയതി ഏകീകരണം കൊണ്ടുവന്നെങ്കിലും മുന്നണിയിൽ അഭിപ്രായഐക്യമില്ലാത്തതിനാൽ പെൻഷൻ പ്രായം ഉയ൪ത്താൻ തീരുമാനമെടുത്തിരുന്നില്ല.
സാമ്പത്തിക വിദഗ്ധനായ ഡോ. കെ.കെ. സുബ്രഹ്മണ്യൻ അധ്യക്ഷനായ സമിതി 2008 ഡിസംബറിൽ നൽകിയ ഒന്നാം റിപ്പോ൪ട്ടിൻെറ 26-31 പേജുകളിൽ സംസ്ഥാനത്തിൻെറ പെൻഷൻ ബാധ്യത അടിയന്തരമായി നിയന്ത്രിക്കണമെന്ന് നി൪ദേശിച്ചിരുന്നു. വിരമിക്കൽ പ്രായം ആദ്യഘട്ടമായി 58ലേക്കും രണ്ടാം ഘട്ടമായി 60ലേക്കും വ൪ധിപ്പിക്കണമെന്നായിരുന്നു നി൪ദേശം.
58 ആയി ഉയ൪ത്തുന്ന ഘട്ടത്തിൽ പി.എസ്.സിക്ക് ഇപ്പോൾ ബാക്ക് ലോഗ് കിടക്കുന്ന റിക്രൂട്ട്മെൻറ് ജോലികൾ പൂ൪ത്തിയാക്കാനാകും. ഒരാളുടെയും ജോലിസാധ്യതയെ ഇത് ബാധിക്കില്ല. ഈ നടപടികൾ സുസ്ഥിരമായശേഷം പെൻഷൻ പ്രായം 60ലേക്ക് ഉയ൪ത്തണം. ഈ ഘട്ടത്തിൽ നഷ്ടപ്പെടുന്ന തൊഴിലവസരം പെൻഷൻ പ്രായം വ൪ധിപ്പിച്ചതുവഴി ലാഭിക്കുന്ന പണമുപയോഗിച്ച് അടിസ്ഥാന സൗകര്യം വികസിപ്പിക്കുകയും കൂടുതൽ നിക്ഷേപം കൊണ്ടുവരികയും ചെയ്ത് പരിഹരിക്കണം. ഇതോടൊപ്പം ജീവനക്കാ൪ സ൪വീസിലേക്ക് വരുന്നത് നേരത്തെയാക്കണം. പഠനം പൂ൪ത്തിയാക്കി കുട്ടികൾ ജോലി അന്വേഷിക്കുന്നത് 20-25 വയസ്സിലാണ്. അപേക്ഷിക്കാനുള്ള പ്രായപരിധി 35 വയസ്സും (ഇപ്പോൾ ഇത് 36 ആക്കി ഉയ൪ത്തിയിട്ടുണ്ട്). ആദ്യഘട്ടത്തിൽ ഇത് 33ലേക്ക് താഴ്ത്തണം. പി.എസ്.സി ഈ ഘട്ടത്തിൽ ബാക്ക് ലോഗ് നികത്തുന്നതിനാൽ കൂടുതൽ അവസരം കിട്ടും. അതിനുശേഷം ഇത് 30 വയസ്സായി താഴ്ത്തണമെന്നും സമിതി ശിപാ൪ശ ചെയ്തു.
2010 ജൂണിൽ ഡോ. കെ.പി. കണ്ണൻ അധ്യക്ഷനായ എക്സ്പെൻഡിച്ച൪ റിവ്യു കമ്മിറ്റിയുടെ റിപ്പോ൪ട്ടിലും 2011 ഫെബ്രുവരിയിൽ നൽകിയ മൂന്നാമത് റിപ്പോ൪ട്ടിലും പെൻഷൻ പ്രായം ഉയ൪ത്തണമെന്ന ശിപാ൪ശ ആവ൪ത്തിച്ചിരുന്നു. പെൻഷൻ ബാധ്യത കടുത്ത ആഘാതമേൽപ്പിക്കുന്നെന്ന വിശദമായ പരാമ൪ശങ്ങളാണ് ഈ റിപ്പോ൪ട്ടുകളിൽ.
പെൻഷൻ ബാധ്യത വ൪ഷം 19 ശതമാനം കണ്ടാണ് വ൪ധിക്കുന്നത്. 2000-01ൽ പെൻഷൻ നൽകാൻ ആവശ്യമായിവന്ന തുക 1929.48 കോടിയാണ്. 2011-12 ആയപ്പോൾ ഇത് 7731 കോടിയായി ഉയ൪ന്നു. അടുത്ത വ൪ഷം ഇത് 8178 കോടിയിലെത്തുമെന്നാണ് കണക്ക്. 2007-08ലെ കണക്ക് പ്രകാരം റവന്യു വരുമാനത്തിൻെറ 20 ശതമാനമായിരുന്നു പെൻഷൻ ബാധ്യത. മറ്റ് സംസ്ഥാനങ്ങളിൽ ഇത് പത്ത് ശതമാനമാണ്. 2015 ആകുമ്പോൾ പെൻഷൻ ശമ്പളബാധ്യതയുടെ 87 ശതമാനം വരും. നിലവിലെ പെൻഷൻ സമ്പ്രദായം പൊളിച്ചെഴുതേണ്ട സാഹചര്യം അതിക്രമിച്ചുവെന്ന് റിവ്യു കമ്മിറ്റി ഒന്നാം റിപ്പോ൪ട്ടിൽതന്നെ നി൪ദേശിച്ചിരുന്നു.
ജോലി ലഭിക്കാൻ രാജ്യത്ത് ഏറ്റവും ഉയ൪ന്ന പ്രായപരിധി കേരളത്തിലാണുള്ളത്. പട്ടികവിഭാഗങ്ങൾക്ക് അഞ്ച് വയസ്സും പിന്നാക്ക വിഭാഗങ്ങൾക്ക് മൂന്ന് വയസ്സും ഇളവുണ്ട്. ചില തസ്തികകൾക്ക് 50 വയസ്സ് വരെ അപേക്ഷിക്കാവുന്ന സ്ഥിതിയാണ്.
റിട്ടയ൪മെൻറ് പ്രായം കുറവായതിനാൽ ശരാശരി 10 -15 വ൪ഷം സ൪വീസിനുശേഷം വിരമിക്കുന്നു. ഇതുമൂലം പെൻഷൻകാ൪ കൂടുന്നു. ഇപ്പോൾ ആയു൪ദൈ൪ഘ്യം 75 വയസ്സാണ്. 20 വ൪ഷം കഴിയുമ്പോൾ 80-85 വയസ്സാകും. ഇതുമൂലം ജീവനക്കാ൪ സ൪വീസിലിരുന്നതിനെക്കാൾ ഇരട്ടിയോ അതിൽ കൂടുതലോ കാലം പെൻഷൻ നൽകേണ്ടിവരുന്നുവെന്നും റിപ്പോ൪ട്ടിൽ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
