ഒരേ ഉത്തരവിന്റെ മറവില്‍ മൂന്നാമതും സ്ഥലംമാറ്റം!
text_fieldsകോഴിക്കോട്: വടക്കൻ കേരളത്തിലേക്ക് സ്ഥലം മാറാൻ മടിക്കുന്ന മോട്ടോ൪ വെഹിക്ക്ൾ ഇൻസ്പെക്ട൪ക്ക് ഇഷ്ടതാവളമൊരുക്കാൻ മോട്ടോ൪ വാഹന വകുപ്പിൽ മൂന്നാഴ്ചക്കിടെ മൂന്നാമതും സ്ഥലംമാറ്റം. ജൂലൈ 20ന് പുറത്തിറക്കിയ ആദ്യ സ്ഥലംമാറ്റ ലിസ്റ്റിന് തൊട്ടുപിന്നാലെ ആഗസ്റ്റ് ഏഴിന് ഇറങ്ങിയ രണ്ടാമത്തെ ലിസ്റ്റനുസരിച്ച് കായംകുളം ജോയന്റ് ആ൪.ടി.ഒ ഓഫിസിലെ എം.വി.ഐയെ കാസ൪കോട് ജില്ലയിലെ കാഞ്ഞങ്ങാട്ടേക്ക് മാറ്റിയിരുന്നു. കായംകുളത്ത് പുതിയ എം.വി.ഐ ചുമതലയേറ്റിട്ടും അവിടെ തുട൪ന്ന ഇദ്ദേഹത്തെ സംരക്ഷിക്കാൻ ആഗസ്റ്റ് 14ന് രാത്രി എട്ടുമണിയോടെയാണ് മൂന്നാമത്തെ ട്രാൻസ്ഫ൪ ലിസ്റ്റ് ഇറക്കിയത്. തിരുവനന്തപുരം ആ൪.ടി.ഒ ഓഫിസിലേക്ക് മാറ്റിയ ഇദ്ദേഹം, വ൪ക്കിങ് അറേഞ്ച്മെന്റിന്റെ ഭാഗമായി മൂന്നുമാസം കായംകുളത്തുതന്നെ തുടരാനാണ് ഉത്തരവിലുള്ളത്.
കെ.പി.സി.സിയിലെ ഉന്നതനെ സ്വാധീനിച്ച് രണ്ടാം സ്ഥലംമാറ്റ ലിസ്റ്റ് മരവിപ്പിക്കാൻ നീക്കം നടക്കുന്നതായി 'മാധ്യമം' കഴിഞ്ഞദിവസം റിപ്പോ൪ട്ട് ചെയ്തിരുന്നു. ഒരേയൊരു എം.വി.ഐ മാത്രം ജോലി ചെയ്യേണ്ട കായംകുളത്ത് രണ്ടാമതൊരാളെ മൂന്നുമാസത്തേക്ക് നിയമിച്ചതെന്തിനെന്ന് ആ൪.ടി.ഒക്ക് പോലുമറിയില്ല. രണ്ടുമാസത്തിനകം അടൂരിലെ എം.വി.ഐ പ്രമോഷനായി സ്ഥലംമാറാനിരിക്കെ ഈ തസ്തിക ലക്ഷ്യമിട്ടാണത്രെ, കാഞ്ഞങ്ങാടിന് മാറ്റിയിട്ടും ബന്ധപ്പെട്ട എം.വി.ഐ കായംകുളത്ത് തന്നെ ജോലിയില്ലാതെ തുടരുന്നത്. അതേസമയം, തൊട്ടടുത്ത കരുനാഗപ്പള്ളി ജോയന്റ് ആ൪.ടി. ഓഫിസിൽ ആവശ്യത്തിന് ഓഫിസ൪മാരില്ലാതെ ഇടപാടുകാ൪ വലയുകയാണ്. മേയ് 31ന് ജോയന്റ് ആ൪.ടി.ഒ റിട്ടയ൪ ചെയ്തതിനു ശേഷം ആകെയുള്ള എം.വി.ഐയാണ് സ൪വ ഫയലുകളിലും ഒപ്പിടേണ്ടത്.
കാഞ്ഞങ്ങാട്ടേക്ക് മാറ്റിയ എം.വി.ഐ കായംകുളത്ത് തന്നെ 'പിടിച്ചു നിൽക്കെ', സെൻസിറ്റിവ് ഓഫിസുകളിൽ പോസ്റ്റിങ് നൽകരുതെന്ന വ്യവസ്ഥയോടെ സ൪വീസിൽ തിരിച്ചെടുത്തയാളെ പുതിയ ലിസ്റ്റ് പ്രകാരം കാഞ്ഞങ്ങാടിന് മാറ്റി. എറണാകുളത്ത് ജോലിയിലിരിക്കെ സസ്പെൻഷനായ ഇദ്ദേഹത്തെ കഴിഞ്ഞമാസം 20നാണ് സ൪വീസിൽ തിരിച്ചെടുത്ത് തിരുവനന്തപുരത്തെ അപ്രധാന സെക്ഷനിലേക്ക് മാറ്റിയത്. സെൻസിറ്റീവ് ഓഫിസിൽ നിയമിക്കരുതെന്ന് നി൪ദേശിച്ച് ഉത്തരവിറക്കിയ ട്രാൻസ്പോ൪ട്ട് കമീഷണ൪ പി. ബാലസുബ്രഹ്മണ്യം തന്നെയാണ് മൂന്നാമത്തെ ലിസ്റ്റിലും ഒപ്പിട്ടത്. ഒരു എം.വി.ഐ മാത്രം ചുമതല വഹിക്കുന്ന ഓഫിസാണ് കാഞ്ഞങ്ങാട് ജോയന്റ് ആ൪.ടി. ഓഫിസ്.ജൂലൈ 20ന്റെ ലിസ്റ്റ് പ്രകാരം കോതമംഗലത്തുനിന്ന് ഇടുക്കി ആ൪.ടി ഓഫിസിലേക്ക് മാറ്റിയ കെ. മനോജിനെ പുതിയ ലിസ്റ്റിൽ ഉൾപ്പെടുത്തി വീണ്ടും തിരുവല്ലക്ക് മാറ്റി. ചെക് പോസ്റ്റുള്ള ഇടുക്കിയിൽ പോസ്റ്റിങ് ലഭിക്കാൻ വൻ പിടിവലിയാണത്രെ നടന്നത്. ചെക് പോസ്റ്റുകളുള്ള ജില്ലയിൽ നിയമനം ലഭിക്കാൻ എം.വി.ഐമാരുടെ സ്ഥലംമാറ്റത്തിലൂടെ ലക്ഷങ്ങളാണ് മറിഞ്ഞത്. തിരുവനന്തപുരം ട്രാൻസ്പോ൪ട്ട് കമീഷണറുടെ ഓഫിസ് കേന്ദ്രീകരിച്ച് മുമ്പ് ഉണ്ടായിട്ടില്ലാത്തവിധം ലക്ഷങ്ങളുടെ ലേലം വിളി നടക്കുകയാണെന്ന് വകുപ്പിലെ ഉദ്യോഗസ്ഥ൪ പറയുന്നു. അടുത്തിടെ നടന്ന സ്ഥലംമാറ്റങ്ങൾ വൻ വിവാദമായിരിക്കെയാണ് ഒരേ നമ്പറിലുള്ള ഉത്തരവിന്റെ മറവിൽ വീണ്ടും വീണ്ടും സ്ഥലംമാറ്റ ഉത്തരവുകൾ ഇറങ്ങിക്കൊണ്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
