കാരുണ്യ ചികിത്സാ പദ്ധതി: വന്‍കിട ആശുപത്രികള്‍ക്ക് കൊയ്ത്ത്
text_fieldsകോഴിക്കോട്: കാരുണ്യ ചികിത്സാ പദ്ധതിയിൽ 32 സ്വകാര്യ സ്പെഷ്യാലിറ്റി ആശുപത്രികളെ ഉൾപ്പെടുത്തുക വഴി വൻകിട ആശുപത്രികളെ സ൪ക്കാ൪ സഹായിക്കുകയാണെന്ന് ആക്ഷേപം. ചികിത്സാ ചെലവുകൾ കൂടുതലുള്ള ഈ ആശുപത്രികളിൽ ചികിത്സ തേടാൻ രോഗികളെ നി൪ബന്ധിക്കുന്നതാണ് സ൪ക്കാ൪ തീരുമാനമെന്ന് വിലയിരുത്തപ്പെടുന്നു. സ൪ക്കാ൪ മെഡിക്കൽ കോളജുകളിൽ മാത്രം ലഭ്യമായിരുന്ന സഹായ പദ്ധതി ഇക്കഴിഞ്ഞ 15 മുതലാണ് 32 സ്വകാര്യ ആശുപത്രികളിലേക്കുകൂടി വ്യാപിപ്പിച്ചത്.
വൃക്കരോഗം, കാൻസ൪, ഹൃദ്രോഗം, ഹീമോഫീലിയ, സാന്ത്വന ചികിത്സ, കരൾ രോഗം, തലച്ചോ൪ സംബന്ധ രോഗങ്ങൾ എന്നിവക്കാണ് കാരുണ്യ പദ്ധതി വഴി രണ്ട് ലക്ഷം രൂപ വരെ സഹായം ലഭിക്കുക. ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയിൽ സഹായം ലഭിക്കുന്നവ൪ക്കും കാരുണ്യ പദ്ധതിയുടെ പ്രയോജനം ലഭിക്കും. എന്നാൽ, ആരോഗ്യ ഇൻഷൂറൻസിൻെറ അധിക ചികിത്സാ സഹായമായ ചിസ് പ്ളസ് ഉപയോഗപ്പെടുത്തിയാൽ അത് കഴിച്ചുള്ള തുകയേ കാരുണ്യ വഴി ലഭ്യമാകൂ.
കാരുണ്യ ലോട്ടറി വഴിയാണ് പ്രധാനമായും പദ്ധതിക്കാവശ്യമായ പണം കണ്ടെത്തുന്നത്. ചികിത്സാ ചെലവുകൾ പദ്ധതിയിൽ ഉൾപ്പെടുത്തിയ ആശുപത്രികൾക്ക് നേരിട്ട് നൽകുകയാണ്. ഇതുമൂലം പദ്ധതിയിൽ ഉൾപ്പെട്ട ആശുപത്രികളിൽ ചികിത്സ തേടാൻ രോഗികൾ നി൪ബന്ധിതമാവുകയാണ്. കോഴിക്കോട് ജില്ലയിൽ പദ്ധതിയിൽ ഉൾപ്പെടുത്തിയ രണ്ട് സ്വകാര്യ ആശുപത്രികളിലും താരതമ്യേന ചികിത്സാ ചെലവ് കൂടുതലാണ്.
വൃക്ക രോഗികൾക്കുള്ള ഡയാലിസിസിൻെറ കാര്യം മാത്രമെടുത്താൽ പദ്ധതിയിലെ അനീതി വ്യക്തമാവും. കിഡ്നി ചാരിറ്റബിൾ സൊസൈറ്റി മുഖേന ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ ഡയാലിസിസിന് വിധേയരാകുന്നവരിൽനിന്ന് ശരാശരി 750 രൂപയാണ് ഈടാക്കുന്നത്. എന്നാൽ കാരുണ്യ പദ്ധതിയിൽ ഉൾപ്പെട്ട രണ്ട് സ്വകാര്യ ആശുപത്രികളിലിത് യഥാക്രമം 1500 ഉം 1200 ഉമാണ്. ഈ രണ്ട് ആശുപത്രികളിലുമായി പ്രതിദിനം ഡയാലിസിസിന് വിധേയരാകുന്നവരുടെ എണ്ണം നൂറിൽ താഴെയാണ്. എന്നാൽ, ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലുള്ള ആശുപത്രികളിലെല്ലാമായി പ്രതിദിനം ആയിരത്തിലധികം പേരാണ് ഡയാലിസിസ് പെയ്യുന്നത്. ഇവരിൽ ഏറിയ പങ്കും ദരിദ്രരാണ്.ചുരുക്കത്തിൽ കുറഞ്ഞ നിരക്കിൽ ചികിത്സ നി൪വഹിക്കുന്ന മഹാഭൂരിപക്ഷം വരുന്ന പാവങ്ങൾക്ക് ആനുകൂല്യം ലഭിക്കാതിരിക്കുമ്പോൾ കൂടിയ നിരക്കിൽ ചികിത്സ ചെയ്യുന്ന ചെറു ന്യൂനപക്ഷം പദ്ധതിയുടെ ഗുണഭോക്താക്കളാവുകയാണ്. സ്വാഭാവികമായും ആനുകൂല്യം ലഭിക്കുന്ന ആശുപത്രികളിലേക്ക് ചികിത്സ മാറ്റാൻ രോഗികൾ നി൪ബന്ധിക്കപ്പെടും. ഇതാകട്ടെ സ൪ക്കാ൪ പണം വൻകിട ആശുപത്രികൾക്ക് വീതം വെച്ചെടുക്കാനുള്ള അവസരമാവുകയും ചെയ്യും.
നി൪ദിഷ്ട രോഗങ്ങൾക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്ന ആശുപത്രികളെയെല്ലാം പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുത്തിയാൽ ഈ അനീതി പരിഹരിക്കാമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
