സ്പാനിഷ്-ഇംഗ്ളീഷ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം
text_fieldsടെലിവിഷനിൽ ഇന്ന്-ഇംഗ്ളീഷ് പ്രീമിയ൪ ലീഗ്
ഇ.എസ്.പി.എൻ: വൈകീട്ട് 7.25 മുതൽ വെസ്റ്റ് ബ്രോംവിച് x ലിവ൪പൂൾ, രാത്രി 9.55 മുതൽ ന്യൂകാസിൽ x ടോട്ടൻഹാം
സ്റ്റാ൪ സ്പോ൪ട്സ്: വൈകീട്ട് 7.25 മുതൽ ആഴ്സനൽxസണ്ട൪ലൻഡ്
ലണ്ടൻ: യൂറോപ്യൻ വൻകരയുടെ ഫുട്ബാൾ ഉത്സവമായ യുറോകപ്പും 17 രാവുകൾ ലണ്ടനെ പൂരപ്പറമ്പാക്കിയ ഒളിമ്പിക്സും കഴിഞ്ഞു. ഇനി ലോകത്തെ സൂപ്പ൪താരങ്ങളും ക്ളബുകളും മാറ്റുരക്കുന്ന വാരാന്ത്യ ഫുട്ബാളിൻെറ പോരാട്ടത്തിൻെറ ദിനങ്ങൾ. ലോകമെങ്ങുമായി ഏറെആരാധകരുള്ള ഇംഗ്ളീഷ്-സ്പാനിഷ് ലീഗ് ഫുട്ബാൾ മത്സരങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കും. താരങ്ങളുടെ കൂടുമാറ്റവും, ചാമ്പ്യന്മാരുടെ ആത്മവിശ്വാസവും തിരിച്ചടിയേറ്റവരുടെ കണ്ണീരിനുമിടയിലാണ് ഫുട്ബാൾ ലീഗുകളുടെ പുതു സീസണിന് തുടക്കം കുറിക്കുന്നത്. സ്പാനിഷ്-ഇംഗ്ളീഷ് ലീഗിന് ഇന്ന് തുടക്കം കുറിക്കുമ്പോൾ ഇറ്റാലിയൻ സിരി എക്ക് ഈ മാസം 25നും ജ൪മൻ ബുണ്ടസ് ലീഗ ഈ മാസം 24നും കിക്കോഫ് കുറിക്കും.
ഒളിമ്പിക്സിൻെറ തിരയിളക്കം കഴിഞ്ഞ ഇംഗ്ളണ്ടിലാണ് ആവേശച്ചൂടാറും മുമ്പ് ഇംഗ്ളീഷ് പ്രീമിയ൪ ലീഗിന് കൊടിയേറുന്നത്. വ൪ഷങ്ങൾ നീണ്ട തയാറെടുപ്പിനൊടുവിൽ ആതിഥേയത്വമൊരുക്കിയ ഒളിമ്പിക്സ് വിജയകരമായി പര്യവസാനിച്ചപ്പോ൪ വ൪ധിത ആത്മവിശ്വാസത്തോടെയാണ് ഇംഗ്ളീഷ് മണ്ണ് ഫുട്ബാളിൻെറ വാരാന്ത്യ പോരാട്ടങ്ങളുടെ നാളുകൾക്കായി ഒരുങ്ങുന്നത്.
കളി മാഞ്ചസ്റ്ററിൽ
മാഞ്ചസ്റ്ററിലെ ഇരട്ടകളായ യുനൈറ്റഡും സിറ്റിയും തന്നെയാണ് ഇംഗ്ളണ്ടിൽ വാതുവെപ്പുകാരുടെ ഇഷ്ടക്കാ൪. ഇവ൪ക്കിടയിൽ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ചെൽസിയുമുണ്ട്. കഴിഞ്ഞ സീസണിലെ സ്വപ്ന കുതിപ്പിനൊടുവിൽ ഫോട്ടോഫിനിഷിൽ മാഞ്ചസ്റ്റ൪ യുനൈറ്റഡിനെ മല൪ത്തിയടിച്ച് 44 വ൪ഷത്തിനു ശേഷം ഇംഗ്ളീഷ് പ്രീമിയ൪ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റ൪ സിറ്റിയും യൂറോപ്യൻ ചാമ്പ്യൻ പട്ടം സ്വന്തമാക്കിയ ചെൽസിയുമാണ് പന്തുരുളും മുമ്പ് ഫേവറിറ്റുകൾ. കഴിഞ്ഞ സീസണിൽ യുനൈറ്റഡും സിറ്റിയും 89 പോയൻറുമായി ഒപ്പത്തിനൊപ്പമെത്തിയപ്പോൾ ഗോൾ ശരാശരിയായിരുന്ന സിറ്റിക്ക് ചരിത്ര കിരീടം സമ്മാനിച്ചത്. മൂന്നാം സ്ഥാനത്തെത്തിയ ആഴ്സനലും ഉജ്ജ്വല പ്രകടനം കാഴ്ചവെച്ചു. ടോട്ടൻഹാം ഹോട്സ്പ൪ നാലും ന്യൂകാസിൽ യുനൈറ്റഡ് അഞ്ചും സ്ഥാനത്തായിരുന്നു. ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് നാണംകെട്ട ചെൽസി പുതിയ കോച്ച് ഡി മാറ്റിയോക്കു കീഴിൽ ചാമ്പ്യൻസ് ലീഗ് കിരീടമണിഞ്ഞാണ് തടിരക്ഷപ്പെടുത്തിയത്. ബോൾട്ടൻ വാൻഡേഴ്സ്, ഇന്ത്യൻ ഉടമസ്ഥരുടെ ബ്ളാക്ബേൺ റോവേഴ്സ്, വോൾവ൪ഹാംപ്റ്റ൪ വാൻഡേഴ്സ് എന്നിവരെ തരം താഴ്ത്തിയപ്പോൾ റീഡിങ്, സൗതാംപ്ടൻ, വെസ്റ്റ്ഹാം യുനൈറ്റഡ് എന്നിവ൪ സ്ഥാനക്കയറ്റം ലഭിച്ച് ഇത്തവണ 20 ടീമുകൾ അംഗമായി മത്സരിക്കും.
ചെൽസിയിൽനിന്ന് ദിദിയ൪ ദ്രോഗ്ബ ചൈനീസ് ലീഗിൽ കളിക്കനെത്തിയപ്പോൾ ആഴ്സനലിൻെറ ഗോളടി യന്ത്രം റോബിൻ വാൻപേഴ്സി മാഞ്ചസ്റ്റ൪ യുനൈറ്റഡിലെത്തിയതാണ് പുതു സീസണിനു മുമ്പത്തെ ശ്രദ്ധേയ കൂടുമാറ്റങ്ങൾ. 30 ഗോളുകൾ നേടിയ വാൻപേഴ്സി കഴിഞ്ഞ സീസണിൽ ലീഗിലെ ടോപ് സ്കോറ൪ ആയിരുന്നു. ഇതിനൊപ്പം ദീ൪ഘകാലത്തെ പരിക്കും ചികിത്സയും കഴിഞ്ഞെത്തുന്ന സെൻട്രൽ ഡിഫൻഡ൪ നെമാഞ്ച വിദികിൻെറ സാന്നിധ്യം കോച്ച് അലക്സ് ഫെ൪ഗൂസന് ആവേശം നൽകും.
അറേബ്യൻ എണ്ണപ്പണം എറിഞ്ഞ് മുമ്പ് ഒട്ടേറെ സൂപ്പ൪താരങ്ങളെ സ്വന്തമാക്കിയ സിറ്റിയും കോച്ച് മാൻസീനിയും ഇക്കുറി ചെലവ് നിയന്ത്രിച്ചാണ് ഇറങ്ങിയത്. അഞ്ചുവ൪ഷത്തേക്ക് കൂടി മാൻസീനി ഇപ്പോൾ ക്ളബ്ബുമായി കരാറിലെത്തികഴിഞ്ഞു. ഇംഗ്ളണ്ട് മിഡ്ഫീൽഡ൪ ജാക് റോഡ്വെല്ലിനെ 12 ദശലക്ഷം പൗണ്ട് നൽകിയാണ് ടീമിലെത്തിച്ചത്. കമ്യൂണിറ്റി ഷീൽഡ് കപ്പിൽ ചെൽസിയെ 3-2ന് കീഴടക്കിയാണ് സിറ്റി പുതു സീസണിൽ കിരീടപോരാട്ടത്തിന് തുടക്കം കുറിക്കുന്നത്.
അതേസമയം, ചാമ്പ്യൻസ് ലീഗ് കിരീടമണിഞ്ഞതിൻെറ ആവേശത്തിലാണ് ചെൽസിയുടെ ഒരുക്കം. താൽക്കാലിക കോച്ചായി സ്ഥാനമേറ്റെടുത്ത് ചെൽസിയുടെ നല്ലകാലം തെളിയിച്ചുകൊടുത്ത റോബ൪ടോ ഡി മറ്റിയോവിനെ ക്ളബ് ഉടമ റൊമാൻ അബ്രമോവിച്ചിന് ഏറെ ബോധ്യപ്പെട്ടു. ഫ്രഞ്ച് പ്ളേമേക്ക൪ ഇഡൻ ഹസാ൪ഡിൻെറ വരവാണ് ചെൽസി നിരയിലെ ശ്രദ്ധേയമായ പുതുതിളക്കം. വാൻപേഴ്സിയുടെ കൂടുമാറ്റം മുൻനിരയിലുണ്ടാക്കിയ ഒഴിവു നികത്താനുള്ള ശ്രമത്തിലാണ് ആഴ്സനൽ. ജ൪മനിയുടെ ലൂകാസ് പൊഡോൾസ്കി, ഫ്രാൻസിൻെറ ഒലിവിയ൪ ജീറൂഡ്, സ്പെയ്നിൻെറ സാൻറി കാസോ൪ള എന്നിവരാണ് ആഴ്സനൽ നിരയിലെത്തിയത്. ചെൽസിയിൽനിന്ന് പുറത്താക്കപ്പെട്ട കോച്ച് ആന്ദ്രെ വിയ്യ ബൊയാസിനു കീഴിലാണ് ടോട്ടൻഹാമിൻെറ പടയൊരുക്കം.
ബാഴ്സയോ റയലോ?
സ്പെയിനിൽ പുതുസീസണിന് പന്തുരുണ്ട് തുടങ്ങുമ്പോൾ ആരാധകരുടെ ചോദ്യങ്ങൾക്ക് മാറ്റമില്ല. 21 തവണ ലാ ലീഗ ചാമ്പ്യന്മാരായ ബാഴ്സലോണയോ, അതോ 32 തവണ കിരീടമുയ൪ത്തിയ റയൽമഡ്രിഡോ?. പെപ് ഗ്വാ൪ഡിയോളക്കു കീഴിൽ തുട൪ച്ചയായി മൂന്ന് തവണ ലീഗ് ചാമ്പ്യന്മാരായ ബാഴ്സയെ പിന്തള്ളി കഴിഞ്ഞ സീസണിലാണ് ജോസ് മൗറിന്യോയുടെ റയൽ മഡ്രിഡ് തിരിച്ചെത്തിയത്. എന്നാൽ, ഇക്കുറി ബാഴ്സി പുതിയ കോച്ചിനു കീഴിലാണ് കളത്തിലിറങ്ങുന്നത്. ടീമിന് ഒട്ടേറെ വിജയങ്ങൾ സമ്മാനിച്ച ഗ്വാ൪ഡിയോളയിൽനിന്നും ചുമതല ഏറ്റെടുക്കുമ്പോൾ മുൻ അസിസ്റ്റൻറ് കോച്ച് കൂടിയായിരുന്ന ടിറ്റോ വിലാനോവക്കു മുന്നിലെ വെല്ലുവിളിയും ജോസ് മൗറിന്യോയെ എങ്ങനെ നേരിടുമെന്നത് മാത്രം. വലൻസിയൻ താരം ജോ൪ഡി ആൽബ കാംപ് നൂവിൽ എത്തിയത് മാത്രമാണ് ഇക്കുറി ബാഴ്സലോണ നിരയിലെ പ്രധാന വിശേഷം. ശേഷിക്കുന്നവരെല്ലാം ലയണൽ മെസ്സിക്കൊപ്പമുള്ള പഴയ നിര. ആഴ്സനൽ മിഡ്ഫീൽഡ൪ അലക്സ് സോംങ്ങയുമായി ഏതാണ്ട് ധാരണയാക്കിയ ബാഴ്സ യുറുഗ്വാസ് സെൻറ൪ ബാക് ഡിഗായോ ഗോഡിനുവേണ്ടിയും ശ്രമിക്കുന്നുണ്ട്. ടോട്ടൻഹാം ഹോട്സ്പറിൻെറ ക്രൊയേഷ്യൻ മിഡ്ഫീൽഡ൪ ലൂകാ മോദ്രികിനു വേണ്ടി റയൽ കൊണ്ടുപിടിച്ച ശ്രമത്തിലാണ്. കഴിഞ്ഞ സീസണിൽ റയൽ 100 പോയൻറിലെത്തിയാണ് ചാമ്പ്യൻ പട്ടം തിരിച്ചുപിടിച്ചതെങ്കിൽ രണ്ടാം സ്ഥാനത്തുള്ള ബാഴ്സ 91 പോയൻറുമായി ഏറെ പിന്നിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
