തടവുകാരുടെ പ്രവാഹം; കണ്ണൂരിലെ ജയിലുകള്‍ സ്ഫോടനാത്മകം
text_fieldsകണ്ണൂ൪: ജില്ലയിലെ ജയിലുകളിൽ റിമാൻഡ് തടവുകാരുടെ ബാഹുല്യം. സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജൻെറ അറസ്റ്റിനെ തുട൪ന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടന്ന അക്രമ കേസുകളിൽ വ്യാപക അറസ്റ്റ് നടക്കുന്നതിനാൽ ജയിലുകൾ നിറഞ്ഞുകവിഞ്ഞു.
കണ്ണൂ൪ സെൻട്രൽ ജയിൽ, സബ് ജയിൽ, ജില്ലാ ജയിൽ, തലശ്ശേരി സബ്ജയിൽ എന്നിവിടങ്ങളിൽ തടവുകാരെ പാ൪പ്പിക്കാൻ ഇടമില്ലാത്ത നിലയിലായി. ശിക്ഷാ തടവുകാരെ മാത്രം പാ൪പ്പിക്കേണ്ട സെൻട്രൽ ജയിലിൽ ഇതുവരെ 557 റിമാൻഡ് തടവുകാരാണ് എത്തിയത്. 800ഓളം തടവുകാരെ പാ൪പ്പിക്കാൻ സൗകര്യമുള്ള സെൻട്രൽ ജയിലിൽ തടവുകാരുടെ മൊത്തം എണ്ണം 1200 കവിഞ്ഞു. സെൻട്രൽ ജയിലിനോടനുബന്ധിച്ചുള്ള ജില്ലാ ജയിലിൽ 132 റിമാൻഡ് തടവുകാരുണ്ട്. ഇവിടെ വേണ്ടത്ര ജീവനക്കാരോ സൗകര്യങ്ങളോ ഇല്ല. സെൻട്രൽ ജയിലിൽ നിന്ന് ഡെപ്യൂട്ടേഷനിൽ നിയമിച്ച ഏതാനും ജീവനക്കാരെ വെച്ചാണ് ജയിൽ പ്രവ൪ത്തിക്കുന്നത്. ഇവിടെ ഭക്ഷണമടക്കം സെൻട്രൽ ജയിലിൽ നിന്നാണെത്തിക്കുന്നത്.
100 തടവുകാരെ പാ൪പ്പിക്കാനുള്ള സൗകര്യമുള്ള കണ്ണൂ൪ സ്പെഷൽ സബ് ജയിലിൽ നിലവിൽ 148 റിമാൻഡ്് തടവുകാരുണ്ട്. സ്ഥലപരിമിതി മൂലം ഇവിടെ നിന്ന് 70 തടവുകാരെ സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു. 29 തടവുകാരെ പാ൪പ്പിക്കാൻ ശേഷിയുള്ള തലശ്ശേരി സബ്ജയിലിൽ 60ലേറെ തടവുകാരായി. 44 തടവുകാരെ പാ൪പ്പിക്കാൻ ശേഷിയുള്ള കണ്ണൂ൪ സബ്ജയിലിൽ 114 തടവുകാരുണ്ട്. ഇതിൽ 111 പേ൪ റിമാൻഡ് തടവുകാ൪.
ആഗസ്റ്റ് ഒന്നിനുശേഷം ജില്ലയിൽ മുന്നൂറിലേറെ അക്രമസംഭവങ്ങളിലായി മൊത്തം പതിനായിരത്തിലേറെ പേ൪ക്കെതിരെയാണ് കേസുള്ളത്. തടവറകളിലെ സ്ഥിതി സ്ഫോടനാത്മകമാണ്. ആഗസ്റ്റ് നാലിന് ജില്ലാ ജയിലിൽ സി.പി.എം തടവുകാരുടെ മ൪ദനമേറ്റ് 12 റിമാൻഡ് തടവുകാ൪ക്ക് പരിക്കേറ്റിരുന്നു. ഭക്ഷണ വിതരണത്തിനിടെയുണ്ടായ വാക്കേറ്റമാണ് അക്രമത്തിൽ കലാശിച്ചത്.
സെൻട്രൽ ജയിലിലും തടവുകാരും വാ൪ഡ൪മാരുമായി സംഘ൪ഷം പതിവാണ്. സ്പെഷൽ സബ്ജയിലിൽനിന്ന് സെൻട്രൽ ജയിലിലേക്ക് മാറ്റിയ റിമാൻഡ് തടവുകാ൪ വാ൪ഡ൪മാരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതായി കഴിഞ്ഞ മാസം പരാതി ഉയ൪ന്നിരുന്നു. ഭീഷണിയെത്തുട൪ന്ന് കണ്ണൂ൪ സെൻട്രൽ ജയിലിലെ ഹെഡ് വാ൪ഡൻ കൊല്ലം സ്വദേശി എസ്. സന്തോഷ് തിരൂ൪ സബ്ജയിലിലേക്ക് സ്ഥലംമാറ്റം വാങ്ങിപ്പോയ സംഭവവും കഴിഞ്ഞമാസമുണ്ടായി.
ഭൂരിപക്ഷം സി.പി.എം തടവുകാരുള്ള ജയിലുകളിൽ ബി.ജെ.പി, മുസ്ലിംലീഗ്, എസ്.ഡി.പി.ഐ പാ൪ട്ടികളിലുള്ളവരുമുണ്ട്. സെൻട്രൽ ജയിലിൽ വ൪ഷങ്ങൾക്കുമുമ്പ് നടന്ന സംഘട്ടനത്തിൽ കോഴിക്കോട് കക്കട്ടിൽ സ്വദേശിയായ സി.പി.എം പ്രവ൪ത്തകൻ രവീന്ദ്രൻ കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
