കൊല്ലപ്പെട്ട സുബ്രഹ്മണ്യന്‍ സി.പി.എം അല്ല -വീട്ടുകാര്‍
text_fieldsതൃശൂ൪: 1970 ഒക്ടോബ൪ രണ്ടിന് സി.പി.ഐക്കാ൪ കൊലപ്പെടുത്തിയ അന്തിക്കാട് ശങ്കരങ്കണ്ടത്ത് സുബ്രഹ്മണ്യൻ സി.പി.എം അംഗമായിരുന്നില്ലെന്ന് വീട്ടുകാ൪. സി.പി.എം പ്രവ൪ത്തകനായിരുന്ന പൂക്കോട്ട് സുബ്രഹ്മണ്യനെ ലക്ഷ്യംവെച്ചാണ് അക്രമികൾ എത്തിയത്. ഇരുവ൪ക്കും കുത്തേറ്റെങ്കിലും മരിച്ചത് ശങ്കരങ്കണ്ടത്ത് സുബ്രഹ്മണ്യനായിരുന്നു.
അന്തിക്കാട് പുത്തമ്പുള്ളികാവ് ക്ഷേത്രത്തിന് സമീപമായിരുന്നു രണ്ട് സുബ്രഹ്മണ്യന്മാരുടെയും വീടുകൾ. ഇരുവരും ഉറ്റകൂട്ടുകാ൪. 21, 24 വയസ്സ്. പൂക്കോട്ട് സുബ്രഹ്മണ്യൻ സി.പി.എമ്മിലും സമുദായ സംഘടനയിലും സജീവമായിരുന്നു. പാ൪ട്ടി പിള൪പ്പിന് ശേഷം സി.പി.എമ്മിനൊപ്പം നിന്ന പൂക്കോട്ട് സുബ്രഹ്മണ്യന് നേരെ നിരന്തരം ഭീഷണിയുണ്ടായിരുന്നതായി മകൾ ശ്രീലത ‘മാധ്യമ’ത്തോട് പറഞ്ഞു.
ഇപ്പോഴത്തെ പഞ്ചായത്തോഫിസിന് തെക്ക് കാ൪ത്യായനി ക്ഷേത്രത്തിന് സമീപത്തെ വഴിയിലൂടെ വീട്ടിലേക്ക് വരുമ്പോഴാണ് നാട്ടുകാരനായ സി.പി.ഐ പ്രവ൪ത്തകൻ പണ്ടാരൻ ശ്രീധരൻെറ നേതൃത്വത്തിൽ പൂക്കോട്ട് സുബ്രഹ്മണ്യനെ മാരകായുധങ്ങളുമായി ആക്രമിച്ചത്. തടയാൻ ശ്രമിക്കുന്നതിനിടെ ശങ്കരങ്കണ്ടത്ത് സുബ്രഹ്മണ്യന് വയറ്റിൽ കുത്തേൽക്കുകയായിരുന്നു.
കൈക്ക് കുത്തേറ്റ പൂക്കോട്ട് സുബ്രഹ്മണ്യൻ സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. മാരകമായി കുത്തേറ്റ ശങ്കരങ്കണ്ടത്ത് സുബ്രഹ്മണ്യൻ സമീപത്തെ കടയിൽ കയറി (ഇപ്പോഴത്തെ മില്ല്) വിവരം പറഞ്ഞു. തുട൪ന്ന് 70 മീറ്റ൪ അപ്പുറം അന്തിക്കാട് സെൻററിൽ പിടഞ്ഞുവീണ് മരിക്കുകയായിരുന്നു.
പൂക്കോട്ട് സുബ്രഹ്മണ്യൻേറതടക്കം സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിൽ സി.പി.ഐ പ്രവ൪ത്തകൻ പണ്ടാരത്തിൽ ശ്രീധരനെ പിന്നീട് ജീവപര്യന്തം ശിക്ഷിച്ചു. എട്ടുവ൪ഷം മുമ്പ് പണ്ടാരത്തിൽ ശ്രീധരൻ മരിച്ചു. വനംവകുപ്പിൽനിന്ന് വിരമിച്ചതോടെ പൂക്കോട് സുബ്രഹ്മണ്യൻ അന്തിക്കാട് താമസമാക്കി വീണ്ടും രാഷ്ട്രീയത്തിലിറങ്ങി. സി.പി.എം വിട്ട് ജനതാദളിലായി പ്രവ൪ത്തനം. മൂന്നുവ൪ഷം മുമ്പ് നേരത്തെ കുത്തേറ്റ സ്ഥലത്തുവെച്ച് പൂക്കോട്ട് സുബ്രഹ്മണ്യനും കുഴഞ്ഞുവീണ് മരിച്ചു.കുത്തേറ്റ് അന്ന് ഓടിക്കയറിയ വീട്ടിലേക്കാണ് അവശനായി ചെന്നത്. അവിടെ വെച്ചായിരുന്നു മരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
