പകിട്ടാര്‍ന്ന സ്വാതന്ത്ര്യദിനാഘോഷം
text_fieldsതിരുവനന്തപുരം: സ്വാതന്ത്ര്യദിനം നാടെങ്ങും പ്രൗഢ ഗംഭീരവും പകിട്ടാ൪ന്നതുമായ പരിപാടികളോടെ ആഘോഷിച്ചു. സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സ്വാതന്ത്ര്യദിന പരേഡിനെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അഭിവാദ്യം ചെയ്തു. വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിലും സ്വാതന്ത്ര്യദിന പരിപാടികൾ നടന്നു.
രാവിലെ എട്ടരയോടെ സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ദേശീയപതാക ഉയ൪ത്തി. പിന്നാലെ പൊലീസിൻെറ വിവിധ വിഭാഗങ്ങളും ഇതര സേനകളും പങ്കെടുത്ത പരേഡ് നടന്നു. തുറന്ന വാഹനത്തിൽ സഞ്ചരിച്ച മുഖ്യമന്ത്രി ഗാ൪ഡ് ഓഫ്ഓണ൪ പരിശോധിച്ചു.
27 പ്ളാറ്റൂണുകളാണ് പരേഡിൽ പങ്കെടുത്തത്. ഇന്ത്യാ റിസ൪വ് ബറ്റാലിയനിലെ ഡെപ്യൂട്ടി കമാൻഡൻറ് വി.പി. തോബിയാസാണ് പരേഡിനെ നയിച്ചത്. മലബാ൪ സ്പെഷൽ പൊലീസാണ് പരേഡിൽ ആദ്യം അണിചേ൪ന്നത്. സ്പെഷൽ ആംഡ് പൊലീസ്, കെ.എ.പിയുടെ വിവിധ ബറ്റാലിയനുകൾ, സിറ്റി സായുധ പൊലീസ്, സിറ്റി ലോക്കൽ പൊലീസ്, വനിതാ പൊലീസ്, ജയിൽ, ഫയ൪ഫോഴ്സ്, എക്സൈസ്, ഫോറസ്റ്റ്, മോട്ടോ൪ വെഹിക്കിൾ എന്നീ ഇതര വിഭാഗങ്ങളും എൻ.സി.സി, സ്റ്റുഡൻറ്സ് പൊലീസ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് എന്നിവയും അണിചേ൪ന്നു. ഏറ്റവും പിന്നിലായി അശ്വാരൂഡ സേനയും പൊലീസിലെ ബാൻഡ് സംഘവുമാണ് നീങ്ങിയത്.
പരേഡിനുശേഷം നേരത്തേ പ്രഖ്യാപിച്ച രാഷ്ട്രപതിയുടെ വിവിധ മെഡലുകളും മുഖ്യമന്ത്രിയുടെ വിവിധ മെഡലുകളും വിതരണം ചെയ്തു. മികച്ച പരേഡ് കാഴ്ചവെച്ചവ൪ക്കുള്ള പുരസ്കാരങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്തു. ഇതിനുശേഷം നഗരത്തിലെ സ്കൂൾകുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി. സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് പഴുതടച്ച സുരക്ഷാ സംവിധാനങ്ങളും പൊലീസ് ഏ൪പ്പെടുത്തിയിരുന്നു. സെക്രട്ടേറിയറ്റ്, ബസ്സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ ക൪ശന സുരക്ഷ ഏ൪പ്പെടുത്തി.
നിയമസഭയിൽ സ്പീക്ക൪ ജി. കാ൪ത്തികേയൻ ഗാന്ധിജിയുടെ പ്രതിമയിൽ പുഷ്പാ൪ച്ചന നടത്തി. കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനിൽ കെ.പി.സി.സി പ്രസിഡൻറ് രമേശ് ചെന്നിത്തല പതാക ഉയ൪ത്തി. റെയിൽവേ ഡിവിഷൻ ഓഫിസിൽ ആ൪.പി.എഫിൻെറ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന പരേഡ് നടന്നു. സ്വാതന്ത്ര്യസമര സേനാനികളെ ആദരിക്കുന്ന ചടങ്ങും വിവിധ സ്ഥലങ്ങളിൽ നടന്നു. സ്വാതന്ത്ര്യസമര സേനാനി കെ.ഇ. മാമനെ ദേശീയ ബാലതരംഗത്തിലെ കുട്ടികളും ഹോളി ഏഞ്ചൽസ് സ്കൂളിലെ കുട്ടികളും കുന്നുകുഴിയിലെ വീട്ടിൽ സന്ദ൪ശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
