ന്യൂനപക്ഷ സംരക്ഷണം ഉറപ്പാക്കണം -രാഷ്ട്രപതി
text_fieldsന്യൂദൽഹി: രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കുന്നതിനും സാന്ത്വനം നൽകുന്നതിനും പ്രത്യേക ശ്രദ്ധ വേണമെന്ന് രാഷ്ട്രപതി പ്രണബ് മുഖ൪ജി. സ്വാതന്ത്ര്യദിനത്തലേന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
അസമിലെ അക്രമങ്ങൾ വേദനാജനകമാണ്. രാജ്യത്തിൻെറ സുരക്ഷക്ക് ഭീഷണിയുയ൪ത്തിയ പഴയ തീനാളങ്ങൾ പൂ൪ണമായും അണഞ്ഞിട്ടില്ല. ചാരം ഇപ്പോഴും പുകയുന്നു. അക്രമം ഒന്നിനും പരിഹാരമല്ല. ഒരക്രമം, കൂടുതൽ അക്രമങ്ങളിലേക്കുള്ള ക്ഷണമാണ്. മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധി കൊണ്ടുവന്ന അസം ഉടമ്പടി അടക്കം, ആ നാടിൻെറ മുറിവുണക്കാൻ വ്യക്തമായ ശ്രമങ്ങൾ നടന്നിട്ടുണ്ട്. നീതിയുടെയും ദേശീയ താൽപര്യത്തിൻെറയും വികാരത്തോടെ അത് വിലയിരുത്തുകയും ഇപ്പോഴത്തെ സാഹചര്യത്തിൽ സ്വാംശീകരിക്കുകയും വേണം.
രാജ്യത്ത് ഒരു വിശ്വാസവും അപകടത്തിലല്ല. ചെറിയ സംഭവങ്ങൾകൊണ്ട് ഇന്ത്യയെ പിന്നാക്കം വലിക്കാനും കഴിയില്ല. ദേശീയ ഐക്യവും സാഹോദര്യവുമില്ലാതെ ഭാവിയില്ല. വിശ്വാസസ്വാതന്ത്ര്യം, സാമ്പത്തിക നീതി, ലിംഗസമത്വം എന്നിവയെല്ലാം വഴി ആധുനിക രാജ്യം കെട്ടിപ്പടുക്കുകയാണ് നാം. പുതിയൊരു സാമ്പത്തിക മുന്നേറ്റത്തിന് നമുക്കുവേണ്ടത് സമാധാനമാണ്. പട്ടിണിക്കും രോഗങ്ങൾക്കും ദാരിദ്ര്യത്തിനുമെതിരെ രണ്ടാം സ്വാതന്ത്ര്യ സമരമാണ് ഇപ്പോൾ ഉണ്ടാകേണ്ടത്. സാമ്പത്തിക പുരോഗതിയാണ് ജനാധിപത്യത്തിൻെറ പരീക്ഷണങ്ങളിലൊന്ന്. അതിൽ പ്രധാനം വിദ്യാഭ്യാസമാണ്. നല്ല വിദ്യാഭ്യാസം നൽകാൻ കഴിഞ്ഞാൽ രോഗവും പട്ടിണിയും ദാരിദ്ര്യവും കുറയും.
ആഗോളതലത്തിൽ സാമ്പത്തിക സാഹചര്യങ്ങൾ പ്രതികൂലമാണ്. എങ്കിലും, അതിനെ വിശ്വാസപൂ൪വം അതിജയിച്ചുനിൽക്കാൻ ഇന്ത്യക്ക് ഒട്ടൊക്കെ സാധിക്കുന്നുണ്ട്. രണ്ടു പതിറ്റാണ്ടത്തെ സാമ്പത്തിക പരിഷ്കാരങ്ങൾ ശരാശരി വരുമാന നില മെച്ചപ്പെടുത്തിയിട്ടുണ്ട്. പിന്നാക്ക മേഖലകൾ ദേശീയ സാമ്പത്തിക മുഖ്യധാരയിലേക്ക് കടന്നുവന്നിട്ടുണ്ട്. എങ്കിലും, നിരവധി വിടവുകൾ നികത്തപ്പെടാനുണ്ട്. ഹരിത വിപ്ളവം രാജ്യത്തിൻെറ കിഴക്കൻമേഖലയിലേക്കും വ്യാപിപ്പിക്കണം. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാകണം. വിദ്യാഭ്യാസ, ആരോഗ്യ സേവനങ്ങൾ അവസാനത്തെ പൗരനും ഏറ്റവും നേരത്തെ ലഭ്യമാക്കണം.
ഹസാരെ, രാംദേവ് സമരങ്ങളെ പരോക്ഷമായി രാഷ്ട്രപതി വിമ൪ശിച്ചു. ഭരണകൂടം ഏകാധിപത്യ പ്രവണത കാണിക്കുമ്പോൾ ജനാധിപത്യം അതിൻെറ പ്രത്യാഘാതം അനുഭവിക്കുന്നു. പ്രതിഷേധം പക൪ച്ചവ്യാധിയാകുമ്പോഴും കാര്യങ്ങൾ കുഴഞ്ഞു മറിയും. ജനാധിപത്യമെന്നാൽ പങ്കുവെക്കുന്ന പ്രക്രിയയാണ്. ജനാധിപത്യാവേശം അന്തസ്സാ൪ന്ന പെരുമാറ്റവും ആവശ്യപ്പെടുന്നുണ്ട്. പാ൪ലമെൻറ് അതിൻേറതായ രീതിയിൽ മുന്നോട്ടുപോകണം. അപശ്ശബ്ദങ്ങൾ ചിലപ്പോൾ ഉണ്ടായെന്നുവരാം. അതിനോട് പ്രതികരിക്കാൻ തെരഞ്ഞെടുപ്പ് എന്ന അവസരമുണ്ട്. പാ൪ലമെൻറ് ജനത്തിൻെറ ആത്മാവാണ്. അതിൻെറ അവകാശങ്ങളും ചുമതലകളും അടിക്കടി ചോദ്യംചെയ്യുന്നത് നമ്മെത്തന്നെ അപകടപ്പെടുത്തുമെന്ന് മുഖ൪ജി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
