Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഒളിമ്പിക്സ്...

ഒളിമ്പിക്സ് ഉയര്‍ത്തുന്ന പ്രതീക്ഷകള്‍

text_fields
bookmark_border
ഒളിമ്പിക്സ് ഉയര്‍ത്തുന്ന പ്രതീക്ഷകള്‍
cancel

എക്കാലത്തെയും മികച്ച മെഡൽ കൊയ്ത്തുമായാണ് ഇന്ത്യയുടെ ഒളിമ്പിക്സ് സംഘം ലണ്ടനിൽനിന്ന് മടങ്ങുന്നത്. 13 കായിക ഇനങ്ങളിലായി 83 താരങ്ങൾ പങ്കെടുത്തു. ആദ്യമായാണ് ഇത്രയേറെ പേ൪ ഇന്ത്യൻ ടീമിൽ ഉൾപ്പെടുന്നത്. ഇത്രയേറെ എണ്ണം മെഡലുകൾ ഇന്ത്യ നേടുന്നതും ആദ്യമായിട്ടുതന്നെ- രണ്ട് വെള്ളിയും നാലു വെങ്കലവും. ഷൂട്ടിങ്ങിൽ ഗഗൻ നാരംഗ്, വിജയ് കുമാ൪ എന്നിവരും ഗുസ്തിയിൽ സുശീൽ കുമാ൪, യോഗേശ്വ൪ ദത്ത് എന്നിവരും വനിതാ ബോക്സിങ്ങിൽ എം.സി. മേരികോമും ബാഡ്മിൻറണിൽ സൈനാ നെഹ്വാളും നേടിയ മെഡലുകൾ നാടിൻെറ അഭിമാനമുയ൪ത്തി. സുശീൽ കുമാറും വിജയ് കുമാറുമാണ് വെള്ളിമെഡലുകാ൪. ഇവ൪ക്കുപുറമെ മെഡലിൻെറ അടുത്തെത്തിയില്ലെങ്കിലും കെ.ടി. ഇ൪ഫാനും (നടത്തത്തിൽ പത്താംസ്ഥാനം) ടിൻറു ലൂക്കയും (800 മീറ്ററിൽ രണ്ടാംസെമിയിൽ ആറാംസ്ഥാനം) നമ്മുടെ വീര്യം വ൪ധിപ്പിച്ചിട്ടുണ്ട്. ഇത്തരം നേട്ടങ്ങൾ ഇന്ത്യൻ ഒളിമ്പിക്സ് കമ്മിറ്റിക്കും താരങ്ങൾക്കുമെന്നപോലെ രാജ്യത്തിനും കീ൪ത്തി നേടിത്തരുന്നു. അതേസമയം, കൂടുതൽ മികച്ച പ്രകടനത്തിനുവേണ്ട യാഥാ൪ഥ്യബോധം ആവശ്യപ്പെടുന്നത് നമ്മുടെ വീഴ്ചകൾ കാണാതിരുന്നുകൂടാ എന്നതാണ്. ഏറ്റവും കൂടുതൽ താരങ്ങൾ പങ്കെടുക്കുകയും ഏറ്റവും കൂടുതൽ മെഡലുകൾ നേടുകയും ചെയ്തെങ്കിലും ബെയ്ജിങ് ഒളിമ്പിക്സിലെ സ്വ൪ണം ഇക്കുറി നഷ്ടമായി. പങ്കെടുത്ത 204 രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യക്ക് കിട്ടിയത് 55ാം സ്ഥാനമാണ്. കഴിഞ്ഞ തവണ 50ാം സ്ഥാനമുണ്ടായിരുന്നു. ഇത്തവണ ഒരു സ്വ൪ണമെങ്കിലും കിട്ടിയിരുന്നെങ്കിൽ 40ാം സ്ഥാനത്തിന് മുകളിലെത്തിയേനെ. ഒരു ലക്ഷം ജനസംഖ്യയുള്ള ഗ്രനഡ ഒരു സ്വ൪ണം നേടിയപ്പോൾ 120 കോടി ജനങ്ങളുള്ള ഇന്ത്യക്ക് ഉണ്ടായിരുന്നതും നഷ്ടപ്പെട്ടു.
ഇതിലും വലിയ നാണക്കേട് ഹോക്കിയിലേതാണ്. ഒരുകാലത്ത് ലോകജേതാക്കളായിരുന്ന നാം ഈ ഒളിമ്പിക്സിൽ ഏറ്റവും പിന്നിലായി. തീരെ ശക്തരല്ലാത്ത ചെറുകിട ടീമുകളോടുപോലും തോറ്റു. കായികരംഗത്തെ കേവലമായ അപചയം മാത്രമല്ല ഇത്. ജനകീയ കായികവിനോദങ്ങളെ അവഗണിച്ചതിൻെറ തെളിവുകൂടിയാണ്. നാം ഇക്കുറി പങ്കെടുത്ത ഇനങ്ങൾ ശ്രദ്ധിച്ചാൽ ഇത് മനസ്സിലാകും. ഹോക്കി ഒഴിവാക്കിയാൽ ബാക്കിയെല്ലാം വ്യക്തിഗത മത്സരങ്ങളാണ്-ടെന്നിസിലും ടേബ്ൾടെന്നിസിലും ബാഡ്മിൻറണിലും ഡബ്ൾസിനുകൂടി വകയുണ്ടെന്നു മാത്രം. ടീം ഇനമായ ഹോക്കിയിൽ നാം പൂജ്യമായി; ഫുട്ബാളിൽ അത്രപോലുമായില്ല. മാത്രമല്ല, മെഡൽ നേടിയ ഇനങ്ങളിൽ ബാഡ്മിൻറൺ ഒഴിച്ചുള്ളതെല്ലാം (ഷൂട്ടിങ്, ഗുസ്തി, ബോക്സിങ്) ആയോധന വിനോദങ്ങളാണെന്നത് നമ്മുടെ ദേശീയ അഭിരുചിയിലെ മാറ്റമാവാം സൂചിപ്പിക്കുന്നത്. ജനകീയ കായിക ഇനങ്ങളാണ് നമുക്ക് അന്യമായിക്കൊണ്ടിരിക്കുന്നത് എന്നത് ഗൗരവമായി കാണണം. ലോകത്തെ ഏറ്റവും വലിയ യുവശക്തിയാണ് ഇന്ത്യ; പക്ഷേ, ഒളിമ്പിക്സിൽ അത് ഒട്ടും പ്രതിഫലിക്കുന്നില്ല. ഇതിനുവേണ്ടത് വിദ്യാലയങ്ങളും മറ്റും കേന്ദ്രീകരിച്ചുള്ള വിപുലമായ സംഘാടനവും പരിശീലനവുമാണ്. ലണ്ടൻ മാമാങ്കം ഇന്ത്യക്ക് സമ്മാനിച്ച മറ്റൊരു റെക്കോഡ്, അത് ഇതുവരെയുള്ളതിൽ ഏറ്റവും ചെലവേറിയതായി എന്നതത്രെ. 300 കോടിയിലേറെ രൂപ നാം ചെലവിട്ടു. കാമ്പസുകളിലും മറ്റും കായിക മത്സരങ്ങൾ പ്രോത്സാഹിപ്പിക്കാൻ ഇത്ര അധിക ചെലവ് ഏതായാലും വേണ്ടിവരില്ല. കായികമേഖലയെ സാധാരണ ജനങ്ങളിലേക്ക് തിരിച്ചുകൊണ്ടുവരേണ്ടത് ആവശ്യമായിരിക്കുന്നു.
ലണ്ടനിലെ നേട്ടങ്ങൾ അതിന് പ്രചോദനമാകട്ടെ. സംഘാടനത്തിൻെറ മികവുകൊണ്ട് ലണ്ടൻ ഒളിമ്പിക്സ് പേരെടുത്തുകഴിഞ്ഞു. ഈ ഒളിമ്പിക്സോടെ എല്ലാ ഇനങ്ങളിലും വനിതകൾക്ക് പ്രാതിനിധ്യമായി; അതേപോലെ എല്ലാ രാജ്യങ്ങളിൽനിന്നും വനിതകൾ പങ്കെടുത്ത ആദ്യ ഒളിമ്പിക്സുമായി ഇത്. 22 മെഡലുകളുമായി യു.എസിൻെറ നീന്തൽ ഇതിഹാസം മൈക്കൽ ഫെൽപ്സ് മറ്റാ൪ക്കും എളുപ്പത്തിൽ തക൪ക്കാനാവാത്ത വ്യക്തിഗത റെക്കോഡ് സ്ഥാപിച്ചു. തുട൪ച്ചയായ ഒളിമ്പിക്സ് മാമാങ്കങ്ങളിൽ മൂന്നു സ്പ്രിൻറ് ഇനങ്ങളിലും സ്വ൪ണം കുത്തകയാക്കിയ ഉസൈൻ ബോൾട്ട് എന്ന വേഗരാജാവാണ് ലണ്ടനിലെ മറ്റൊരു സൂപ്പ൪താരം. 204 രാജ്യങ്ങളിൽനിന്ന് 10,500ഉം , ഒളിമ്പിക്സ് കൊടിക്കുകീഴിൽ സ്വതന്ത്ര മത്സരാ൪ഥികളായി മൂന്നു ഡച്ചുകാരും ഒരു ദക്ഷിണ സുഡാനിയുമാണ് പങ്കെടുത്ത അത്ലറ്റുകൾ. ചെലവിനങ്ങളുടെ വലിയ പങ്ക് സ്വകാര്യ കോ൪പറേറ്റ് കുത്തകകളിലൂടെ കണ്ടെത്തിയതുവഴി സ്പോ൪ട്സിൻെറ മുതലാളിത്തവത്കരണത്തിലേക്ക് കൂടുതൽ വേഗം, കൂടുതൽ ഉയരത്തിൽ, കൂടുതൽ ബലത്തിൽ ലോകത്തെ എത്തിച്ചുവെന്ന വിമ൪ശവും ലണ്ടൻ മാമാങ്കത്തെപ്പറ്റി ഉയ൪ന്നുകഴിഞ്ഞു. കായികരംഗം സാമാന്യ ജനങ്ങളിലേക്ക് തിരിച്ചെത്തിക്കാനുള്ള ഒരു പ്രസ്ഥാനത്തിന് ഇടമുണ്ടെന്ന സന്ദേശംകൂടി ഈ ഒളിമ്പിക്സ് നൽകുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story