വിസ്മയ കാഴ്ചയൊരുക്കി ലണ്ടന്‍
text_fieldsമനുഷ്യചരിത്രത്തിൽ മറ്റൊരു കായികമാമാങ്കം കൂടി തങ്കലിപികളിൽ എഴുതിച്ചേ൪ത്ത് ലണ്ടൻ ഒളിമ്പിക്സിനു കൊടിയിറങ്ങി. 17 പകലിരവുകളിൽ ലണ്ടനിലേക്ക് ലോകം മുഴുവൻ ചുരുങ്ങിയ നിമിഷങ്ങൾ അവിസ്മരണീയം എന്നേ പറയേണ്ടൂ. 204 രാജ്യങ്ങളിൽനിന്നുള്ള പതിനായിരത്തിലേറെ അത്ലറ്റുകൾ എത്തിയ സ്ട്രാറ്റ്ഫോ൪ഡ് ഒളിമ്പിക്സ് സ്റ്റേഡിയത്തിൽ ഇപ്പോഴിതാ ആളും അരങ്ങുമൊഴിഞ്ഞു. കായികചരിത്രത്തിൻെറ സ്മാരകശിലകളിൽ ഉസൈൻ ബോൾട്ടും മൈക്കൽ ഫെൽപ്സും സാക്ഷിയായ നിമിഷങ്ങൾ. ചൈനീസ് ആധിപത്യത്തിൽനിന്ന് തെന്നിമാറി അമേരിക്ക വീണ്ടും മുന്നിലേക്ക് ഓടിക്കയറിയ നിമിഷങ്ങൾ. എക്കാലത്തെയും വലിയ മെഡൽനേട്ടവുമായി മടങ്ങുന്ന ഇന്ത്യൻ ടീം. രണ്ടരയാഴ്ചത്തെ കാഴ്ചകളുടെയും ആഘോഷങ്ങളുടെയും അമൂ൪ത്തതക്കുശേഷം ഇനി ലണ്ടൻ ശൂന്യമെന്നുതന്നെ പറയാം. കായികാവേശത്തിൻെറ സിരകളിൽ കരുത്തിൻെറ അഗ്നിജ്വാലകൾ പക൪ന്ന ഒളിമ്പിക്സ് ദീപവും അണഞ്ഞിരിക്കുന്നു. ഇനി നാലു വ൪ഷത്തിനുശേഷം ബ്രസീലിലെ റിയോ ഡെ ജനീറോയിൽ കാണാം എന്ന വാഗ്ദാനം.
ബൈ ബൈ ലണ്ടൻ, അതു പറയുമ്പോൾ സ്ട്രാറ്റ്ഫോ൪ഡ് സ്റ്റേഡിയത്തിലെ എൺപതിനായിരത്തോളം കാണികൾ നിറഞ്ഞ ഗാലറിയിൽ സന്തോഷാശ്രുക്കൾ നിറഞ്ഞ നിരവധി കണ്ണുകൾ കണ്ടു. വൈകാരികമായ ആവേശംപോലെ ബ്രിട്ടീഷ് ജനത കണ്ട ഒളിമ്പിക്സിന് ഇതാ പടിയിറങ്ങുന്നു- പക്ഷേ, അപ്പോഴും നിരവധി കണ്ണുകൾ അന്വേഷിച്ച ഒരു കാര്യമുണ്ടായിരുന്നു. എവിടെ ഉദ്ഘാടനമഹാമഹം കൊഴുപ്പിക്കാനെത്തിയ ബ്രിട്ടീഷ് രാജ്ഞി? റോയൽ ഫാമിലിയിൽനിന്ന് സമാപന ചടങ്ങിൻെറ പ്രൗഢോജ്ജ്വല ചടങ്ങിലേക്ക് എഴുന്നള്ളിയത് യുവരാജാവ് പ്രിൻസും രാജകുമാരി കാറ്റിയുമായിരുന്നു.
രാജ്ഞിയുടെ അസാന്നിധ്യമൊന്നും സ്ട്രാറ്റ്ഫോ൪ഡിലെ സെൻറ൪ സ്റ്റേജിലെ ആവേശത്തെ തെല്ലും കുറച്ചില്ല. മില്യൻ ഡോള൪ സെലിബ്രേഷൻ കണ്ട സമാപനച്ചടങ്ങിൽ പങ്കെടുക്കുമ്പോൾ അന്യഗ്രഹത്തിൽ എത്തിയതുപോലെയായിരുന്നു. ഇരിക്കുന്ന സീറ്റിനടിയിൽനിന്നുപോലും ലേസ൪ വെളിച്ചം വ൪ണം വിതറി പാഞ്ഞകന്നു. പ്രകാശവ൪ണങ്ങളുടെ അദ്ഭുതപ്പകിട്ട് കാണേണ്ടതുതന്നെയായിരുന്നു. ഇത് സ്വപ്നമാണോ എന്നുപോലും തോന്നിച്ച നിമിഷങ്ങൾ. ഒളിമ്പിക്സിനെ ഇരു കൈകളിലും ഏറ്റുവാങ്ങിയ കാനറിപ്പക്ഷികളെപോലെ ബ്രസീലിൽനിന്നുള്ള കലാകാരന്മാ൪ അവതരിപ്പിച്ച വിവിധയിനം പരിപാടികൾ ഒളിമ്പിക്സിൻെറ ആവേശം നാലു വ൪ഷം മുമ്പേ ഈ ലാറ്റിനമേരിക്കൻ രാജ്യം ഏറ്റെടുക്കുന്നതിൻെറ സൂചനയാണ് നൽകിയത്.
പുല൪ച്ചെ അരങ്ങേറിയ മഞ്ഞക്കിളികളുടെ പാരമ്പര്യ നൃത്തലാസ്യങ്ങൾക്കൊപ്പം സ്ട്രാറ്റ്ഫോ൪ഡിൽ പുന$സൃഷ്ടിക്കപ്പെട്ടത് മറ്റൊരു ലണ്ടൻ. ടവ൪ ബ്രിഡ്ജ്, ബിഗ് ബെൻ ക്ളോക്ക്, ലണ്ടൻ ഐ എന്നിവയുടെ മിനിയേച്ച൪, സ്റ്റേഡിയത്തിൽ അണിനിരന്നു. ഒപ്പം ഒളിമ്പിക്സ് വളയങ്ങളുടെ കണ്ണഞ്ചിക്കുന്ന ലേസ൪ രശ്മി പ്രകടനവും. സ്പൈസ് ഗേൾസ് ഗാനം സത്യത്തിൽ അരോചകമായി അനുഭവപ്പെട്ടെങ്കിലും പകിട്ടുനിറഞ്ഞ വെടിക്കെട്ടുകളുടെയും പ്രകാശഗോപുരങ്ങളുടെയും വിസ്മയക്കാഴ്ചകൾ അതൊക്കെയും മറച്ചു. ബ്രസീലിൻെറ എക്കാലത്തെയും ഇതിഹാസമായ ഫുട്ബാൾതാരം പെലെ അതിനിടയിൽ സ്റ്റേജിലേക്ക് വന്നു. തുട൪ന്ന് ലണ്ടൻ മേയ൪ ബോറിസ് ജോൺസൺ ഒളിമ്പിക്സ് പതാക റിയോ ഡെ ജനീറോ മേയ൪ എഡ്വേ൪ഡോ പയസിനു കൈമാറി. വെളുത്ത റോൾസ് റോയ്സ് കാറിൽ ഗാനാമൃതവുമായി ജെസ്സി ജെ സ്റ്റേജിലേക്ക് എത്തിയതോടെ ഗാലറിയിലെ ആവേശം അണപൊട്ടി. തുട൪ന്ന് 204 രാജ്യങ്ങളുടെയും പതാകയും വഹിച്ച് ചുവന്ന യൂനിഫോമിൽ ബ്രിട്ടീഷ് സുന്ദരികൾ സ്റ്റേഡിയം വലം വെച്ചു. ലേസ൪ രശ്മികൾ കൺചിമ്മിയ ആ നിമിഷം തന്നെ 303 വെളുത്ത പെട്ടികൾ സ്റ്റേഡിയത്തിലെ വിശാലമായ സ്റ്റേജിലേക്ക് എത്തിച്ചു. ലണ്ടൻ ഒളിമ്പിക്സിൽ നടന്ന 303 മത്സരങ്ങളെ പ്രതീകാത്മകമായി അവതരിപ്പിക്കുകയായിരുന്നു ഇത്.
ബ്രിട്ടൻെറ സൈനികപരേഡ്, വിവിധ ട്രൂപ്പുകൾ അവതരിപ്പിച്ച നൃത്തവും ഗാനവും എല്ലാം ചേ൪ന്ന് സമാപനസമ്മേളനം വ൪ണോജ്ജ്വലമാക്കാൻ ലണ്ടന് കഴിഞ്ഞിരിക്കുന്നു. മൂന്നു മണിക്കൂ൪ നീണ്ട പരിപാടികളിൽ എമിലി സാൻഡേ, മാഡ്നെസ്, പെറ്റ്ഷോ ബോയ്സ്, റേ ഡേവിസ്, വൺ ഡയറക്ഷൻ, ജോ൪ജ് മൈക്കിൾ, ജെസി ജേ, ആനി ലെനോക്സ് തുടങ്ങിയവരുടെ ലൈവ് പെ൪ഫോമൻസ് തന്നെ ഗാലറിയെ ഇളക്കിമറിച്ചു. പാതിരാവ് കഴിഞ്ഞിട്ടും ആഘോഷം അവസാനിക്കാത്ത മട്ടിൽ അത് അനുസ്യൂതം തുട൪ന്നുകൊണ്ടേയിരിക്കുന്നു.
രാത്രി ലണ്ടനിലേക്ക് മടങ്ങാൻ അതിവേഗ ട്രെയിനിൽ ഇരിക്കുമ്പോഴും സ്ട്രാറ്റ്ഫോ൪ഡിലെ ആരവങ്ങൾ അവസാനിച്ചിരുന്നില്ല. ട്രെയിൻ നീങ്ങിത്തുടങ്ങുമ്പോൾ മനസ്സിൽ മന്ത്രിച്ചു, ബൈ ബൈ ലണ്ടൻ! ഒരു മഹാമാമാങ്കത്തെ നെഞ്ചേറ്റിയ മഹാനഗരമേ വിട! പുതിയ ഉയരവും പുതിയ വേഗവും കൺചിമിഴിലൊളിപ്പിച്ച ലണ്ടൻ ഒളിമ്പിക്സ് ഇനി ഓ൪മ! ആശങ്കകളും ഭീതികളുമെല്ലാം വിട്ടൊഴിഞ്ഞ് കായികലോകത്തിൻെറ സ്പന്ദനങ്ങൾ ബ്രിട്ടൻെറ ചരിത്രഗേഹത്തിൽ നിറകൺ തെളിച്ചത്തോടെ കൈക്കുടന്നയിലേറ്റുവാങ്ങിയാണ് ഈ മഹാപൂരം അരങ്ങൊഴിയുന്നത്. കാലത്തിൻെറ കണക്കുപുസ്തകത്തിലേക്ക് അത്രമേൽ അഭിമാനപുരസ്സരം ബ്രിട്ടൻ കൈമാറുകയാണീ മേള. ആതിഥ്യത്തിൻെറ വിജയകരമായ പര്യവസാനത്തിനൊടുവിൽ ലോകത്തോട് ലണ്ടന് പറയാനുള്ളത്, നന്ദിയെന്ന രണ്ടക്ഷരം മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
