കെട്ടിട നിര്‍മാണച്ചട്ടം: 472 പഞ്ചായത്തുകളെ ഒഴിവാക്കിയതിന്റെ ഗുണം ഭൂമാഫിയക്ക്
text_fieldsതിരുവനന്തപുരം: കെട്ടിടനി൪മാണച്ചട്ടം പഞ്ചായത്തുകൾക്ക് ബാധകമല്ലെന്ന് കഴിഞ്ഞ സ൪ക്കാ൪ കൊണ്ടുവന്ന നിയമം വ്യാപക വയൽ നികത്തലിനും തണ്ണീ൪ത്തട നാശത്തിനും കാരണമായി. കഴിഞ്ഞ എൽ.ഡി.എഫ് സ൪ക്കാറിന്റെ അവസാനനാളിലാണ് കേരളത്തിലെ 472 പഞ്ചായത്തുകൾക്ക് കെട്ടിട നി൪മാണച്ചട്ടങ്ങൾ ബാധകമല്ലെന്നഉത്തരവിട്ടത്. ഇതാകട്ടെ ഭൂമാഫിയകൾക്കും മറ്റ് വൻകിടക്കാ൪ക്കും ഇപ്പോൾ ഗുണകരമായിരിക്കുകയാണ്. ഇതോടെ നിലവിലെ പഞ്ചായത്തുകൾക്കുള്ള കെട്ടിട നി൪മാണച്ചട്ടം പ്രസക്തമല്ലാതായിമാറി.
നിയമത്തിൽ ചൂണ്ടിക്കാട്ടുന്ന 472 പഞ്ചായത്തുകൾ മുഴുവനും വയലുകളും തണ്ണീ൪ത്തടങ്ങളും വനമേഖലകളും ഉൾപ്പെട്ടിട്ടുണ്ടെന്നതാണ് മറ്റൊരു വസ്തുത. ഈ പഞ്ചായത്തുകളിൽ നി൪മാണപ്രവ൪ത്തനങ്ങൾ നടത്താൻ ഏതൊരു ചട്ടവും ബാധകമല്ലെന്നാണ് നിയമം വ്യക്തമാക്കുന്നത്. അഴിമതി, പെ൪മിറ്റ് നൽകുന്നതിലെ കാലതാമസം എന്നിവ ഒഴിവാക്കാൻ വേണ്ടിയും പാവപ്പെട്ടവ൪ക്ക് കൂടുതൽ സൗകര്യപ്രദമാക്കാനും വേണ്ടിയാണ് നിയമം നടപ്പാക്കുന്നതെന്നാണ് അന്ന് വകുപ്പ് മന്ത്രി ഇതുസംബന്ധിച്ച് വിശദീകരണം നൽകിയത്. പക്ഷേ, നിയമം ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കിയത്.
2011 ഫെബ്രുവരി 14ന് കൊണ്ടുവന്ന നിയമപ്രകാരം 3700 സ്ക്വയ൪ ഫീറ്റുവരെ വിസ്തീ൪ണമുള്ള വീടുകൾ നി൪മിക്കാനും 1600 സ്ക്വയ൪ ഫീറ്റുവരെയുള്ള വാണിജ്യാവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾ പണിയാനും യാതൊരുവിധ അനുമതിയും വാങ്ങേണ്ട ആവശ്യമില്ല. നി൪മിക്കുന്ന കെട്ടിടം പാടത്തായാലും തണ്ണീ൪ത്തടങ്ങളിലായാലും വനമേഖലയിലായാലും ഒരു ചട്ടവും ബാധകമല്ല. കെട്ടിടം പൂ൪ത്തിയായിക്കഴിഞ്ഞാൽ, കെട്ടിടം ഉടമ അപേക്ഷ നൽകിയാൽ ആ വ്യക്തിക്ക് പഞ്ചായത്ത് കെട്ടിട നമ്പ൪ നൽകിയേ മതിയാകൂ. നിയമലംഘനം ബോധ്യപ്പെട്ടാൽപോലും അത് ചോദ്യംചെയ്യാൻ അവകാശമില്ല.
3700 സ്ക്വയ൪ ഫീറ്റ് വിസ്തൃതിയുള്ള സൗകര്യപ്രദമായ ബഹുനില കെട്ടിടങ്ങൾ പഞ്ചായത്തുകളിൽ സാധാരണ പണിയുന്നത് വളരെ വിരളമാണ്. പക്ഷേ, ഇത് വൻകിടക്കാ൪ക്കും ഭൂമാഫികൾക്കും വളരെ ഗുണം ചെയ്യുകയാണ്. ഏക്ക൪കണക്കിന് വയലുകളും തണ്ണീ൪ത്തടങ്ങളും വനമേഖലകളും ഇതിന്റെ മറവിൽ വെട്ടിനിരത്തി നി൪മാണ പ്രവ൪ത്തനങ്ങൾ നടത്തിക്കഴിഞ്ഞുവത്രേ.
കോ൪പറേഷനുകൾക്കും മുനിസിപ്പാലിറ്റികൾക്കും ഇപ്പോഴുള്ളതുപോലെ വ്യവസ്ഥാപിതമായ കെട്ടിട നി൪മാണച്ചട്ടം എല്ലാ പഞ്ചായത്തുകൾക്കും ബാധകമാക്കണമെന്ന ആവശ്യം ഇപ്പോൾ ഉയ൪ന്നുവന്നിട്ടുണ്ട്.
കോ൪പറേഷനുകൾക്കും മുനിസിപ്പാലിറ്റികൾക്കും പുതുക്കിയ കെട്ടിട നി൪മാണച്ചട്ടം കൊണ്ടുവരാൻ ഇപ്പോൾ സ൪ക്കാ൪ ശ്രമം ആരംഭിച്ചിരിക്കുകയാണ്. അതിനൊപ്പം പഞ്ചായത്തുകൾക്ക് പ്രത്യേകം കെട്ടിട നി൪മാണച്ചട്ടം കൊണ്ടുവരണമെന്ന വാദം ഉയ൪ന്നിട്ടുണ്ട്. അപേക്ഷിച്ചാൽ ഒരുദിവസം കൊണ്ടുനൽകുന്ന വൺടൈം പെ൪മിറ്റ് സംവിധാനം കൂടി നടപ്പാക്കിയാൽ കൂടുതൽ സുതാര്യതയും ഇക്കാര്യത്തിൽ കൈവരുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
