ചെറിയ തിരുത്തലിന്റെ സൂചനകള്‍
text_fieldsദു൪ബലമായ കാലവ൪ഷം, കുത്തനെ ഇടിയുന്ന വ്യവസായിക ഉൽപാദന വള൪ച്ച തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങളെ ഓഹരി വിപണി അഭിമുഖീകരിച്ച ആഴ്ചയാണ് കടന്നുപോയത്. വാരാവസാനത്തോടെ വിപണിയുടെ ആവേശം ഏറക്കുറെ ചോ൪ന്ന് പോകുന്നതാണ് കണ്ടതെങ്കിലും സൂചികകൾ രണ്ട് ശതമാനത്തോളം നേട്ടമുണ്ടാക്കിയാണ് ഇടപാടുകൾ അവസാനിപ്പിച്ചത്.
എന്നാൽ, വരുംദിവസങ്ങളിൽ വിപണിയിൽ വീണ്ടും ആവേശം വിതറാൻ ഉതകുന്നതൊന്നും ഇല്ലാത്തതിനാൽ കഴിഞ്ഞ ആഴ്ചകളിൽ പ്രകടമായ മുന്നേറ്റം തുടരാനുള്ള സാധ്യത കുറയുകയാണ്. കൂടാതെ അടുത്ത ആഴ്ച പണപ്പെരുപ്പം, ഉപഭോക്തൃ വില സൂചികയിലെ മാറ്റം എല്ലാം പുറത്തുവരാനിരിക്കുകയാണ്. ഇവ വിപണിയെ നിരാശപ്പെടുത്താനാണ് സാധ്യത ഏറെയെന്നതിനാൽ വരും ദിവസങ്ങളിൽ ചെറിയ തോതിലാണെങ്കിലും വിപണിയിൽ ലാഭമെടുക്കൽ പ്രകടമാകാനാണ് സാധ്യത. അടിസ്ഥാന സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ട് ഇത് കാരണങ്ങളാണ് താനും.
ജൂലൈ മാസത്തെ പണപ്പെരുപ്പം 7.25 ശതമാനത്തിൽനിന്ന് 7.40 ശതമാനമായി വ൪ധിക്കുമെന്നാണ് ഇതുവരെയുള്ള സൂചനകൾ. ഭക്ഷ്യോൽപന്ന വില സൂചികയും ഉയരുന്ന പ്രവണതയാണ് കാണിക്കുന്നത്. ഇതിന് പുറമെ വിപണിയെ ഇപ്പോൾ ഏറെ അലട്ടുന്നത് കാലവ൪ഷം ഇപ്പോഴും ദു൪ബലമായി തുടരുന്നതാണ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് 19 ശതമാനം കുറവ് മഴയാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. 19 സംസ്ഥാനങ്ങളിൽ ശരാശരിയിലും കുറവാണ് മഴ. കാ൪ഷിക ഉൽപാദനത്തിന്റെ കാര്യത്തിൽ ഏറെ പ്രാധാന്യമുള്ള സംസ്ഥാനങ്ങളും ഈ പട്ടികയിലുണ്ട്. കാലവ൪ഷം കുറഞ്ഞത് കാ൪ഷിക ഉൽപാദനത്തെ ബാധിച്ചാൽ അത് ഭക്ഷ്യവിലപ്പെരുപ്പം വീണ്ടും വ൪ധിക്കാനിടയാക്കുമെന്ന ആശങ്കയും ശക്തമാണ്. ഇതെല്ലാം വിപണിയെ അൽപം പിന്നാക്കം കൊണ്ടുപോയേക്കുമെന്നാണ് വിലയിരുത്തൽ.
അതേസമയം, ആഗസ്റ്റ് മാസം ഇതുവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വിൽപനയേക്കാൾ ഏറെ വാങ്ങലുകൾ നടത്തുന്നതാണ് കണ്ടത്. തദ്ദേശ ധനകാര്യസ്ഥാപനങ്ങൾ വിൽപനയാണ് കൂടുതലായി നടത്തിയതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ഇന്ത്യയിലെ ദീ൪ഘകാല അടിസ്ഥാന സാമ്പത്തിക ഘടകങ്ങൾ ഇപ്പോഴും ശക്തമാണെന്നത് മുൻനി൪ത്തി വിദേശ നിക്ഷേപ സ്ഥാപനങ്ങൾ നിക്ഷേപ താൽപര്യം തുടരുകയും തദ്ദേശ സ്ഥാപനങ്ങൾ വിൽപനയിൽനിന്ന് പിന്മാറുകയും ചെയ്താൽ ചിത്രം മറ്റൊന്നാകും. സാങ്കേതികമായി വിപണിയിൽ ഇപ്പോഴും 'കാള'കൾ തന്നെയാണ് ചെറിയ തോതിലെങ്കിലും മുൻതൂക്കം പ്രകടമാക്കുന്നത്. 17557.70ത്തിൽ പോയവാരം ഇടപാടുകൾ അവസാനിപ്പിച്ച ബോംബെ ഓഹരി വില സൂചിക (സെൻസെക്സ്) ഒരവസരത്തിൽ 17595 എന്ന നി൪ണായക നിലവാരം മറികടക്കുകയും ചെയ്തിരുന്നു.
വരും ദിവസങ്ങളിൽ വിദേശ നിക്ഷേപ സ്ഥാപനങ്ങളിൽനിന്നുൾപ്പെടെയുള്ള പിന്തുണ നിലനി൪ത്താൻ വിപണിക്ക് കഴിഞ്ഞാൽ 17760, 18500 നിലവാരങ്ങളിലേക്ക് സൂചിക ഉയരാം. 18800 നിലവാരത്തിൽ ശക്തമായ പ്രതിരോധവും വിപണി അഭിമുഖീകരിക്കാം. എന്നാൽ, വിപണി ലാഭമെടുക്കലിലേക്ക് നീങ്ങിയാൽ 17050വരെയാണ് ആദ്യഘട്ടത്തിൽ സൂചിക എത്താവുന്നത്. 17000ത്തിന് മുകളിൽ സൂചിക നിലനിൽക്കുന്നിടത്തോളം ആശങ്കപ്പെടേണ്ട കാര്യമില്ല. പോയവാരം 5320.40ത്തിൽ ഇടപാടുകൾ അവസാനിപ്പിച്ച ദേശീയ ഓഹരി വിലസൂചിക (നിഫ്റ്റി) യും സാങ്കേതികമായി ചെറിയ തിരുത്തലിലേക്ക് നീങ്ങിയേക്കാം.
നിലവിലെ സാഹചര്യത്തിൽ 5200വരെയാണ് തിരുത്തൽ എത്താവുന്നത്. അതേസമയം, വരും ദിവസങ്ങളിൽ വിപണി കൂടുതൽ നിക്ഷേപ താൽപര്യം ആക൪ഷിക്കുകയാണെങ്കിൽ സൂചിക 5400ന് മുകളിലേക്ക് ഉയരാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
