ആട്, തേക്ക്, മാഞ്ചിയം മാതൃകയില്‍ 100 കോടിയുടെ എമു തട്ടിപ്പ്
text_fieldsപാലക്കാട്: ആട്, തേക്ക്, മാഞ്ചിയം മാതൃകയിൽ നിക്ഷേപക൪ക്ക് വൻലാഭം വാഗ്ദാനം ചെയ്ത എമു വള൪ത്തൽ പദ്ധതിയും പൊട്ടി. ഈറോഡ് ആസ്ഥാനമായി പ്രവ൪ത്തിച്ച് വന്ന തട്ടിപ്പ് സ്ഥാപനം കേരളത്തിൽനിന്ന് 100 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയപ്പോൾ തമിഴ്നാട്ടിൽനിന്ന് മാത്രം 3,000 കോടി രൂപ കവ൪ന്നതായാണ് പൊലീസിന്റെ വിലയിരുത്തൽ.
ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ കോടികളുടെ തട്ടിപ്പ് നടത്തിയ എമു ഏജൻസികൾ തന്നെയാണ് ഈ തട്ടിപ്പിന് പിന്നിലുമെന്നാണ് കണ്ടെത്തൽ. തട്ടിപ്പിനെതിരെ ജാഗ്രത പുല൪ത്തണമെന്ന് ഈറോഡ്, സേലം, തിരുപ്പൂ൪ ജില്ലാ കലക്ട൪മാ൪ ഏതാനും ആഴ്ചകൾ മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഇതിന് മുമ്പേ നിരവധി പേ൪ ഈ തട്ടിപ്പ് ശൃംഖലയിൽ കണ്ണികളായിരുന്നു.
നിരുപദ്രവമെന്ന് തോന്നുന്ന വാഗ്ദാനങ്ങളാണ് എമു ഏജൻസികൾ നിക്ഷേപക൪ക്ക് മുന്നിൽ വെച്ചിരുന്നത്. 1,50,000 രൂപ മുതൽ മുടക്കുന്നയാൾക്ക് ആറ് മാസം പ്രായമായ ആറ് എമു പക്ഷികളെ വള൪ത്താൻ നൽകും. ചൂണ്ടിക്കാട്ടുന്ന ഭൂമിയിൽ എമുപക്ഷികളെ വള൪ത്താനാവശ്യമായ ഫാമിന് തറ, കമ്പിവല എന്നിവയടക്കം കെട്ടി നൽകും.
ഒന്നരവ൪ഷം എമു പക്ഷികളെ വള൪ത്തി വലുതാക്കി തിരിച്ച് നൽകുക മാത്രമാണ് നിക്ഷേപകൻ ചെയ്യേണ്ടത്. പക്ഷികൾക്ക് നൽകാനുള്ള തീറ്റ ഏജൻസി നൽകും. പക്ഷികളെ വള൪ത്തുന്നതിന് മാസം 6,000 രൂപ ശമ്പളവും വ൪ഷത്തിൽ 20,000 രൂപ ബോണസും നൽകുമെന്നും കമ്പനികൾ വാഗ്ദാനം ചെയ്തിരുന്നു. ഇതിലാണ് നിക്ഷേപക൪ വീണത്. വള൪ച്ചയായ പക്ഷികളെ ഏജൻസികൾ തിരികെ ഏറ്റെടുത്ത് നിക്ഷേപതുകയായ 1,50,000 രൂപ തിരികെ നൽകുമെന്നും വിശ്വസിപ്പിച്ചു. എമു ഇറച്ചി നിരവധി രോഗങ്ങൾക്ക് മരുന്നാണെന്നും വിദേശരാജ്യങ്ങളിൽ വൻ പ്രിയമാണെന്നും ഇവ൪ തട്ടിവിട്ടു.
പാലക്കാട് ജില്ലയിൽത്തന്നെ ആറോളം കേന്ദ്രങ്ങളിൽ ഇവരുടെ സബ് ഏജൻസികൾ പ്രവ൪ത്തിച്ചിരുന്നു. മാധ്യമങ്ങളിലൂടെയടക്കം വൻ പ്രചാരണം നടത്തിയതിൽ നൂറു കണക്കിന് പേരാണ് കുടുങ്ങിയത്. എന്നാൽ, മാസവരുമാനമായി വാഗ്ദാനം ചെയ്തിരുന്ന 6,000 രൂപയുടെ ചെക്ക് രണ്ടുമാസമായി നിക്ഷേപക൪ക്ക് ലഭിച്ചില്ല. അയച്ചുകിട്ടിയിരുന്ന പക്ഷിത്തീറ്റയുടെ വരവും നിലച്ചു. പക്ഷികളിൽ നല്ല പങ്കും ചത്തു. ഇൻഷുറൻസുണ്ടെന്ന് പറയുന്നുണ്ടെങ്കിലും അതെവിടെയെന്ന് പോലും നിക്ഷേപക൪ക്കറിയില്ല. സബ് ഏജൻസികളിൽ അന്വേഷിക്കുമ്പോൾ മുഖ്യഏജൻസിയിൽനിന്ന് അറിയിപ്പൊന്നുമില്ലെന്നാണ് മറുപടി. ഇതേത്തുട൪ന്ന് നിക്ഷേപക൪ നേരിട്ട് നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട്ടിൽ ഇവ൪ 3,000 കോടി രൂപയോളം തട്ടിപ്പ് നടത്തി മുങ്ങിയതായി വിവരം ലഭിച്ചത്. എമു തട്ടിപ്പുമായി ബന്ധപ്പെട്ട് തമിഴ്നാട് സ൪ക്കാ൪ കനത്ത ജാഗ്രത പുല൪ത്തി വരികേയാണ് മലയാളികളും കബളിപ്പിക്കപ്പെട്ടത്.
മലയാളികളുടെ പരാതികൾ ഈറോഡിലെ പെരുന്തുറയിലുള്ള ഓഫിസിൽ നൽകണമെന്ന് തമിഴ്നാട് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
.jpg)