ഒളിമ്പിക്സിന് സമാപനം; നെറുകയില്‍ അമേരിക്ക
text_fieldsലണ്ടൻ: കായിക കരുത്തും പോ൪വീര്യവും മാറ്റുരച്ച 30ാമത് വിശ്വകായികമേളക്ക് ചരിത്രനഗരിയായ ലണ്ടനിൽ സമാപനം. 17 നാൾ ലോകം കാതോ൪ത്ത പോരാട്ടക്കഥകൾക്കൊടുവിൽ വിശ്വകായിക സിംഹാസനം വീണ്ടെടുത്ത് അമേരിക്ക മടങ്ങുമ്പോൾ ചരിത്ര നേട്ടത്തോടെ ഇന്ത്യൻ പടിയിറക്കം.1900ൽ ആരംഭിച്ച ഒളിമ്പിക്സ് പങ്കാളിത്തത്തിനിടയിൽ ഏറ്റവും മികച്ച നേട്ടമായ രണ്ട് വെള്ളിയും നാല് വെങ്കലവുമായി ആറ് മെഡലുകളോടെയാണ് ഇന്ത്യൻ സംഘം ലണ്ടനിൽ നിന്ന് മടങ്ങുന്നത്. സുശീൽ കുമാറും (ഗുസ്തി) വിജയ് കുമാറും (ഷൂട്ടിങ്) വെള്ളി നേടിയപ്പോൾ മേരി കോം (ബോക്സിങ്), സൈന നെഹ്വാൾ (ബാഡ്മിന്റൺ), ഗഗൻ നാരംഗ് (ഷൂട്ടിങ്), യോഗേശ്വ൪ ദത്ത് (ഗുസ്തി) എന്നിവരാണ് വെങ്കല നേട്ടക്കാ൪. സ്വ൪ണത്തിളക്കത്തിന്റെ കുറവിൽ മെഡൽ പട്ടികയിൽ 55ാം സ്ഥാനത്താണ് ഇന്ത്യ. 2008 ബെയ്ജിങ് ഒളിമ്പിക്സിൽ ഒരു സ്വ൪ണവും രണ്ട് വെങ്കലവുമായിരുന്നു ഇന്ത്യയുടെ സമ്പാദ്യം.
നാലു വ൪ഷം മുമ്പ് പുതുശക്തിയായി ഉദിച്ചുയ൪ന്ന ചൈനയെ പിന്തള്ളി ട്രാക്കും ഫീൽഡും ഗെയിംസും ഒരുപോലെ വാണ അമേരിക്ക ഒരിടവേളക്കുശേഷം ഒളിമ്പിക്സ് ചാമ്പ്യൻ പട്ടം തിരിച്ചുപിടിച്ചു. 46 സ്വ൪ണം, 29 വെള്ളി, 29 വെങ്കലമടക്കം 104 മെഡലുകൾ മാറിലണിഞ്ഞാണ് അമേരിക്ക ചാമ്പ്യന്മാരായതെങ്കിൽ 38 സ്വ൪ണം 27 വെള്ളി, 22 വെങ്കലം എന്നിവയാണ് രണ്ടാം സ്ഥാനത്തുള്ള ചൈനയുടെ സമ്പാദ്യം.
രണ്ട് ഒളിമ്പിക്സിലും സ്പ്രിന്റ് ഡബ്ളോടെ ട്രിപ്പ്ൾ സ്വ൪ണനേട്ടം ആവ൪ത്തിച്ച ജമൈക്കൻ കൊടുങ്കാറ്റ് ഉസൈൻ ബോൾട്ടും, 22 മെഡലുകളുമായി ഒളിമ്പിക്സ് ചരിത്രത്തിലെ ഏറ്റവും വലിയ മെഡൽവേട്ടക്കാരനായ അമേരിക്കൻ നീന്തൽ ഇതിഹാസം മൈക്കൽ ഫെൽപ്സും ലണ്ടനിലെ വിശ്വതാരങ്ങളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
