മനാമ: ഒടുവിൽ സുനിലിന് ഓ൪മ തിരിച്ചുകിട്ടി. വീടിന് പുറത്തിറങ്ങി നടക്കാനായി. നന്നായി ഭക്ഷണവും കഴിക്കുന്നുണ്ട്. സുനിൽ ശശിധരനെ ഓ൪മയില്ലേ? കഴിഞ്ഞ ജനുവരിയിലെ മരംകോച്ചും തണുപ്പിൽ ഹമദ് ടൗണിലെ താമസ സ്ഥലത്ത് നാലു പേ൪ മരിക്കാനിടയായ തീപിടിത്തത്തിൽ രക്ഷപ്പെട്ട ഏക യുവാവ്. അത്യാസന്ന നിലയിൽ ബി.ഡി.എഫ് ആശുപത്രിയിലെ ഐ.സി.യുവിലും 21ാം വാ൪ഡിലുമായി 22 ദിവസം കഴിഞ്ഞ സുനിൽ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നിരിക്കുന്നു. എല്ലാവരുടെയും പ്രാ൪ഥനക്കും സഹായത്തിനും എങ്ങനെ നന്ദി പ്രകാശിപ്പിക്കണമെന്നറിയാതെ കുഴങ്ങുകയാണ് സുനിലിൻെറ അഛനും അമ്മയും ബഹ്റൈനിലുള്ള സഹോദരനും. മാനസികാവസ്ഥ എന്തായിരിക്കുമെന്ന് ആശങ്കയുള്ളതിനാൽ സഹപ്രവ൪ത്തകരായ നാല് പേ൪ മരണപ്പെട്ടത് സുനിലിനെ അറിയിച്ചിരുന്നില്ല. കുറച്ച് ദിവസം മുമ്പ് സ്കാനിങ്ങിനായി മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോയപ്പോഴായിരുന്നു ഡോക്ട൪ നടന്ന സംഭവങ്ങളെല്ലാം സുനിലിനെ അറിയിച്ചത്. നി൪വികാരനായി എല്ലാം സുനിൽ കേട്ടിരുന്നു. തൻെറ ജീവിതം തിരിച്ചുകിട്ടിയ ആശ്വാസത്തിനിടയിലും സഹപ്രവ൪ത്തകരുടെ ജീവൻ നഷ്ടമായതിലുള്ള വേദന മൗനത്തിലുണ്ടായിരുന്നിക്കാം.
ജനുവരി 22ന് തണുപ്പകറ്റാൻ പെയിൻറ് ടിന്നിനകത്ത് വിറക് കത്തിച്ചുവെച്ചപ്പോഴുണ്ടായ വിഷപ്പുക ശ്വസിച്ചാണ് ഉറങ്ങിക്കിടക്കുകയായിരുന്ന വടകര സ്വദേശികളായ സുരേഷ്ബാബു (45), നകുലൻ (53), മടപ്പള്ളിയിലെ പ്രിയേഷ് (27), തൃശൂ൪ ഇരിങ്ങാലക്കുട കല്ലേറ്റിങ്കര ലാലു (37) എന്നിവ൪ ദാരുണമായി ശ്വാസം മുട്ടി മരിച്ചത്. മൂന്നാഴ്ചയോളം മരണത്തോട് മല്ലടിച്ച് ബി.ഡി.എഫ് ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് കിടന്ന കിടപ്പിലെങ്കിലും പത്തനംതിട്ട അടൂ൪ എളമന്നൂ൪ സ്വദേശി സുനിൽ ശശിധരന് ശരീരം അനക്കാനായത്. സുനിലിൻെറ ശ്വാസകോശത്തിൽ ശസ്ത്രക്രിയ നടത്തിയാണ് ഡോക്ട൪മാ൪ വിഷപ്പുക നീക്കം ചെയ്തത്. ശരീരത്തിനകത്തുള്ള പുക പൂ൪ണമായി നീക്കം ചെയ്യാനാകാത്ത അവസ്ഥയിൽ സുനിലിൻെറ ഭാവിയെക്കുറിച്ച് ഒന്നും പറയാൻ ഡോക്ട൪മാ൪ക്കായില്ല. പതിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിൽ ആശുപത്രിയിലെ മുഴുവൻ ജീവനക്കാരും ശ്രദ്ധയോടെ സുനിലിനെ പരിചരിച്ചു. ഇവിടെ പരസ്യ കമ്പനിയിൽ ആ൪ട്ടിസ്റ്റായി ജോലി ചെയ്യുന്ന സുനീഷ് ലീവെടുത്ത് സഹോദരൻെറ ബെഡിനടുത്ത് കഴിച്ചുകൂട്ടി. മൂന്നാഴ്ചക്കു ശേഷം ഓ൪മ തിരിച്ചു കിട്ടിയപ്പോൾ സുനിൽ പറഞ്ഞു ‘സംഭവിച്ചതൊന്നും എനിക്ക് ഓ൪മയില്ല. എങ്ങനെയെങ്കിലും വീട്ടിൽ എത്തി അഛനെയും അമ്മയെയും കാണണം’. പിന്നെ വാക്കുകൾ മുറിഞ്ഞു. സംഭവിച്ചതൊന്നും ഓ൪ത്തെടുക്കാനാകാതെ അഗാധമായ ഉറക്കിൽനിന്ന് ആരോ തട്ടിയുണ൪ത്തിയ പോലെ സുനിൽ മിഴി തുറന്നു കിടന്നു. തീവ്രപരിചരണ വിഭാഗത്തിൽനിന്ന് വാ൪ഡിലേക്ക് മാറ്റിയപ്പോഴായിരുന്നു സുനീഷിനോടുള്ള സുനിലിൻെറ ആദ്യ പ്രതികരണം.
തീപിടിത്തത്തിൻെറ വിവരമറിഞ്ഞ് കുതിച്ചെത്തിയ പൊലീസ് സംഭവസ്ഥലത്ത് എത്തുമ്പോൾ സുനിലിന് മാത്രമേ ജീവൻെറ മിടിപ്പുകൾ അവശേഷിച്ചിരുന്നുള്ളൂ. ഉടനെ ബി.ഡി.എഫ് ആശുപത്രിയിൽ എത്തിച്ചു. സുനിൽ രക്ഷപ്പെടുമെന്ന് പറയാൻ ഡോക്ട൪മാ൪ അന്ന് ധൈര്യപ്പെട്ടില്ല. കാരണം, അത്രയധികം വിഷപ്പുക സുനിൽ ശ്വസിച്ചിട്ടുണ്ടായിരുന്നു. പുക പൂ൪ണമായി നീങ്ങിയാൽ മാത്രമേ എന്തെങ്കിലൂം പറയാൻ കഴിയൂവെന്ന് പറഞ്ഞപ്പോൾ കൂട്ടിനുണ്ടായിരുന്ന സഹോദരൻ സുനീഷ് തക൪ന്നുപോയി. പക്ഷേ, ആത്മവിശ്വാസം കൈവിടാതെ ഊണും ഉറക്കവുമൊഴിച്ച് ചേട്ടനു വേണ്ടിയുള്ള പ്രാ൪ഥനയോടെ സുനീഷ് ആശുപത്രിയിൽ കഴിച്ചുകൂട്ടി.
22 ദിവസത്തെ ബി.ഡി.എഫ് ആശുപത്രിയിലെ ചികിത്സയിലൂടെ ആരോഗ്യനില അൽപം മെച്ചപ്പെട്ടപ്പോൾ കഴിഞ്ഞ ഫെബ്രുവരി 17ന് സുനിലിനെയുമായി സുനീഷ് നാട്ടിലേക്ക് പറന്നു. കൊച്ചിയിൽ വിമാനം ഇറങ്ങി നേരെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കാണ് പോയത്.
ഒരു മാസത്തെ വിദഗ്ധ ചികിത്സക്കുശേഷമാണ് സുനിലിന് ഓ൪മ തിരിച്ചു കിട്ടിയത്. ശരീരം ചലിപ്പിക്കാനാകാതിരുന്ന യുവാവ് ഇപ്പോൾ വീടിന് പുറത്തേക്കിറങ്ങി നടക്കാൻ തുടങ്ങി. ഭാരിച്ച ജോലി ചെയ്യാനായിട്ടില്ലെങ്കിലും അൽപാൽപമായി ജോലികളെല്ലാം ചെയ്യണമെന്നാണ് ഡോക്ട൪മാ൪ നി൪ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം സ്കാൻ ചെയ്തപ്പോൾ തലക്കകത്ത് ചെറിയ കറുത്ത പാട് കണ്ടു. ഇത് ക്രമേണ മാത്രമേ മായുകയുള്ളൂവെന്നാണ് ഡോക്ട൪മാ൪ പറഞ്ഞിരിക്കുന്നത്. മനസ്സ് തെളിഞ്ഞപ്പോഴും അന്നത്തെ തീപിടിത്ത സംഭവത്തെക്കുറിച്ച് സുനിലിന് ഓ൪മയില്ല.
ഉറങ്ങാൻ കിടന്നതു മാത്രമാണ് ഓ൪മയിലുള്ളത്. എത്രദിവസം ബഹ്റൈനിലെ ആശുപത്രിയിൽ കഴിഞ്ഞെന്നൊക്കെ ഇപ്പോഴാണ് ചേട്ടൻ ചോദിച്ചു മനസ്സിലാക്കിയതെന്ന് സഹോദരൻ സുനീഷ് പറഞ്ഞു. എന്തായാലും എളമന്നൂരിലെ സുനീഷ് ഭവനം ഇപ്പോൾ ആഹ്ളാദത്തിലാണ്.
കൈവിട്ടുപോയെന്ന് കരുതിയ മകനെ തിരിച്ചുകിട്ടിയതിൽ അഛൻ ശശിധരനും അമ്മ സുശീലയും അതിരറ്റ സന്തോഷത്തിലാണ്. മകനുമൊന്നിച്ച് ഈ വ൪ഷത്തെ ഓണം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് കുടുംബം.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2012 10:02 AM GMT Updated On
date_range 2012-08-12T15:32:56+05:30സുനില്‍ തിരിച്ചുവന്നു; ജീവിതത്തിലേക്ക്
text_fieldsNext Story