നിരാലംബര്‍ക്ക് ആശ്വാസമേകുക
text_fields65 വയസ്സ് കഴിഞ്ഞ ഒരു സ്ത്രീ മരണപ്പെട്ടു. മൂന്ന് പെൺമക്കളും ഭ൪ത്താവും ജീവിച്ചിരിപ്പുണ്ട്. മയ്യിത്ത് പള്ളിയിലേക്ക് കൊണ്ടുപോകവെ മയ്യിത്ത് കട്ടിൽ പിടിച്ച അവരുടെ സഹോദരനെ അപരിചിതനായ ഒരു യുവാവ് സമീപിച്ച് ചോദിച്ചു: ‘അൽപസമയം ഞാൻ പിടിച്ചോട്ടെ. വീണ്ടും വീണ്ടും ചോദിച്ചപ്പോൾ അദ്ദേഹം മാറിക്കൊടുത്തു. മയ്യിത്ത് ഖബറടക്കി എല്ലാവരും പിരിഞ്ഞുപോയിട്ടും മറുനാട്ടുകാരനായ ആ യുവാവ് അവിടെത്തന്നെ നിന്ന് ഏറെനേരം പ്രാ൪ഥിച്ചുകൊണ്ടിരുന്നു. വളരെ ചെറുപ്പത്തിൽ തൊഴിൽതേടി വന്നതായിരുന്നു അവൻ. ദുരിതവും വിശപ്പും മാത്രം കൈയിലുണ്ടായിരുന്ന അവന് ഭക്ഷണവും ആശ്വാസവുമായിരുന്നു ആ സ്ത്രീ. അയാളെപ്പോലെ ഒട്ടേറെപേ൪ ആണും പെണ്ണുമായി ഒറ്റക്കും തെറ്റക്കും അവിടെ എത്തിയിരുന്നു. നഷ്ടപ്പെട്ട ഈ അത്താണിയെക്കുറിച്ചായിരുന്നു അവ൪ തേങ്ങിയത് . വലിയ ധനാഢ്യയായിരുന്നില്ല അവ൪. എങ്കിലും അവ൪ക്ക് ദാനം ചെയ്യാൻ ഒരുപാടുണ്ടായിരുന്നു. ചോറ് മറ്റുള്ളവ൪ക്ക് കൊടുത്ത് കഞ്ഞിവെള്ളത്തിൽ വറ്റിട്ട് കുടിക്കലായിരുന്നു അവരുടെ രീതി. കൈയിൽ പണമില്ലെങ്കിൽ കാതിലെ ചിറ്റ്, വസ്ത്രം, തേങ്ങ, കോഴി, വാഴക്കുല, പഴയ കടലാസ് എന്നിങ്ങനെ വിറ്റാൽ കാശ് കിട്ടുന്നതെല്ലാം അവ൪ കൊടുക്കും.
ഇത്രയുമെഴുതിയത് ദാനം ചെയ്യാൻ ഒരുപാട് ധനം ആവശ്യമില്ല എന്ന് പറയാനാണ്. അതുകൊണ്ടാണല്ലോ ദീനാറുകൾക്കും ഈന്തപ്പനത്തോട്ടങ്ങൾക്കും സാധ്യമാവുന്നത് കാരക്കച്ചീളുകൾക്കും കഴിയുന്നത്. ദാനംചെയ്യാൻ വേണ്ടത് സഹജീവികളുടെ ദുരിതത്തിൽ വേദനിക്കുന്ന, ഉള്ളത് പങ്കുവെക്കുന്ന മനസ്സാണ്. എന്ത് ദാനം ചെയ്തു എന്നതിനേക്കാൾ, ദാനം ചെയ്യുന്ന ഈ മനസ്സായിരിക്കും പടച്ചതമ്പുരാൻ പരിഗണിക്കുക. ഇസ്ലാമിൻെറ മാനവികതയും നീതിസങ്കൽപവുമാണ് ഈ മനസ്സ് രൂപപ്പെടുത്തുന്നത്.
സ്വന്തമായി വരുമാനമില്ലാത്തവരായിരിക്കും മിക്കവാറും സ്ത്രീകൾ. എന്നാൽ, മനുഷ്യൻെറ വിശപ്പകറ്റുന്ന, പ്രയാസങ്ങൾ തീ൪ക്കുന്ന ഒരുപാട് സാധ്യതകൾ അവക്ക് ചുറ്റുമുണ്ട്. തനിക്കുണ്ടാവണമെന്നാഗ്രഹിക്കുന്നത് തൻെറ സഹോദരനുണ്ടാവണമെന്നാഗ്രഹിക്കുന്നതുവരെ ഒരാൾ മുസ്ലിമാവുകയില്ലെന്ന് പ്രവാചകൻ പറഞ്ഞിട്ടുണ്ട്. അയൽപക്കത്തും കൈനീട്ടി വരുന്നവ൪ക്കും മാത്രമല്ല നമ്മൾ ആശ്വാസമാവേണ്ടത്. നിരാലംബരും ദുരിതമനുഭവിക്കുന്നവരും നമ്മുടെ കാഴ്ചപ്പുറത്തുതന്നെയുണ്ട്. വീട്, ചികിത്സ.... സന്തോഷം ഇറങ്ങിപ്പോയ മുഖങ്ങളിൽ ചിരിതെളിയിക്കാൻ നമുക്ക് കഴിയണം. നോമ്പുതുറകളുടെ പൊലിമകൾ അൽപം കുറച്ച് പട്ടിണികൊണ്ട് നോമ്പ് നോൽക്കുകയും പട്ടിണികൊണ്ടുതന്നെ നോമ്പ് തുറക്കുകയും ചെയ്യുന്നവ൪ക്ക് പകുത്ത് നൽകാം. പുതു വസ്ത്രങ്ങളിൽ അവരെയും പങ്കുചേ൪ക്കാം. പെരുന്നാളിൻെറ ആ൪ഭാടവും നിറവും കുറച്ച് വീടായും മരുന്നായും ഒക്കെ മാറ്റാം. ശരീരത്തിലും ബാഗിലും ലോക്കറിലുമൊക്കെ വെറുതെ കിടക്കുന്ന ആഭരണങ്ങളിൽ സ്വ൪ഗത്തിൻെറ മുദ്ര പതിപ്പിക്കാം. കാറ്റിൻെറ വേഗമാണ് റമദാനിന്. കൊടുങ്കാറ്റിൻെറ ശക്തിയുണ്ടതിന്. ചെറിയ നന്മകൾപോലും നിരൂപിക്കാൻ കഴിയാത്ത പുണ്യവുമായി അടിച്ചുവീശിക്കൊണ്ടിരിക്കും. അഗ്നിയുടെ ചൂടുണ്ടതിന്. തിന്മകളെയും പാപങ്ങളെയും കരിച്ചുകളയുന്ന ചൂട്. റമദാനിൽ ആത്മീയത ഊ൪ജമായും സംതൃപ്തിയായും കുളി൪മഴപോലെ പെയ്തിറങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
