Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightസ്റ്റേഡിയത്തിനു...

സ്റ്റേഡിയത്തിനു പുറത്തും അകത്തും ചൂട്

text_fields
bookmark_border
സ്റ്റേഡിയത്തിനു പുറത്തും അകത്തും ചൂട്
cancel

ചൂട് കൂടിയതോടെ ഇരിക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയിലായി കാര്യങ്ങൾ. പുറത്തെങ്ങും ഇറങ്ങാനേ തോന്നുന്നില്ല. പെട്ടെന്നു ക്ഷീണിതരാവുന്നുവെന്നു താരങ്ങളും പരാതിപ്പെടുന്നു. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി 25 ഡിഗ്രിക്ക് മേലേയാണ് ചൂട്. സ്വിച്ച് ഓഫ് ചെയ്തതു പോലെ മഴ മറഞ്ഞിരിക്കുന്നു. സ്ട്രാറ്റ്ഫോഡിലെ ചൂട് അത്ലറ്റിക്സ് ട്രാക്കിലേക്കും പട൪ന്നതു പോലെ. വരണ്ട കാലാവസ്ഥയിൽ ജനങ്ങൾ പൊറുതി മുട്ടുമ്പോൾ ഒളിമ്പിക്സ് ട്രാക്കിൽ ചൂടൻ നിമിഷങ്ങൾ തുടരുകയാണ്. 4ഃ100 മീറ്റ൪ വനിതാ റിലേയിൽ ലോക റെക്കോഡോടെ യു.എസ് വനിതകൾ സ്വ൪ണം നേടിയ നിമിഷം അത്യുജ്ജ്വലമെന്നേ പറയേണ്ടൂ. ടീം സ്പിരിറ്റിന്റെ പോരാട്ടവീര്യം തെളിഞ്ഞ പ്രകടനമായിരുന്നു അത്. ഒരു മിനിറ്റിലും താഴെ, കൃത്യമായി പറഞ്ഞാൽ 40.82 സെക്കൻഡിൽ ഓടിതീ൪ക്കുക എന്ന മിന്നൽപ്രളയത്തിനാണ് അത്ലറ്റിക് ട്രാക്സ് സാക്ഷ്യം വഹിച്ചത്. ജ൪മൻ വനിതകൾ 1985ൽ സ്ഥാപിച്ച റെക്കോഡാണ് പഴങ്കഥയായത്. ലണ്ടൻ ഒളിമ്പിക്സിന്റെ അത്ലറ്റിക്സ് ട്രാക്സിൽ പിറന്ന രണ്ടാം ലോക റെക്കോഡ്. 800 മീറ്ററിൽ വ്യാഴാഴ്ച ഡേവിഡ് റുഡിഷ സ്ഥാപിച്ച റെക്കോഡായിരുന്നു മറ്റൊന്ന്. ടോണി ജോൺസ് എന്ന ബ്രിട്ടീഷ് സുഹൃത്തിന്റെ നി൪ബന്ധത്തിനു വഴങ്ങിയാണ് സ്ട്രാറ്റ്ഫോഡിലെ റിവ൪ബാങ്ക് അറീനയിലേക്ക് പോയത്. അവിടെ വനിതകളുടെ ഹോക്കി മത്സരം നടക്കുന്നു. വെങ്കലത്തിനു വേണ്ടി ന്യൂസിലൻഡിനെതിരെ ബ്രിട്ടീഷ് ടീം ഇറങ്ങുന്നു. ഗാലറിയിലിരിക്കുമ്പോഴാണ് ഒരു വി.ഐ.പിയെ നേരിട്ട് കണ്ടത്. പ്രിൻസ് രാജകുമാരന്റെ ഭാര്യ കാറ്റി. കേംബ്രിജിന്റെ രാജകുമാരി. മാൾബറോ കോളജിൽ പഠിക്കുന്ന കാലത്ത് കാറ്റി ഹോക്കി ടീം ക്യാപ്റ്റനായിരുന്നുവത്രേ. ഇപ്പോൾ 20 വ൪ഷത്തിനു ശേഷം ആതിഥേയ ടീം ഒളിമ്പിക്സ് മെഡൽ നേടുന്നതു കാണാൻ എത്തിയിരിക്കുകയാണ്. രാജകുടുംബ്ധിൽ നിന്ന് ഒളിമ്പിക്സ് ഗാലറിയിലെത്തിയിരിക്കുന്ന വി.ഐ.പിയുടെ ഓരോ ചലനങ്ങളും ഒപ്പിയെടുക്കാൻ മത്സരിക്കുകയാണ് പപ്പരാസികൾ. ഈ ഫോട്ടോഗ്രാഫുകളുടെ വില അവ൪ക്ക് നന്നായറിയാം. എന്നാൽ അതൊന്നും കാറ്റി മുഖവിലക്കെടുക്കുന്നേയില്ല. അവ൪ ഗ്രൗണ്ടിലെ ബ്രിട്ടീഷ് വനിതകളുടെ ഓരോ മുന്നേറ്റത്തെയും പ്രോത്സാഹിപ്പിക്കുന്നു. ഗാലറികളിലൊന്നും വലിയ തിരക്കുണ്ടായിരുന്നില്ല. ഉണ്ടായിരുന്നതിൽ ഏറെയും ബ്രിട്ടീഷുകാ൪. അവ൪ ഗോൾ ഗോൾ എന്നു വിളിച്ചു കൂവുന്നു. രാജകുമാരി ഗാലറിയിൽ ഇരിക്കുന്നതു കൊണ്ടാവണം, ബ്രിട്ടീഷ് താരങ്ങൾക്ക് ഒരു തരം അങ്കലാപ്പ് ഗ്രൗണ്ടിൽ കണ്ടു.
മത്സരം തീരും മുമ്പേ അവിടെ നിന്നിറങ്ങി. ചൂട് അൽപം കൂടുതലാണെന്നു തോന്നി. പാതിവഴി പിന്നിട്ടപ്പോഴേക്കും ജോൺസ് ഫോണിൽ വിളിച്ചു, ബ്രിട്ടൻ 3-1 ന് ജയിച്ചത്രേ. അതിന്റെ ട്രീറ്റ് രാത്രിയിലുണ്ട്. ഏതു റസ്റ്റാറന്റിൽ പോകണമെന്നായി. ടു കോഴ്സ് ഡിന്ന൪ കഴിക്കുന്ന അവരോടൊത്ത് ഭക്ഷണം കഴിക്കുന്നത് അത്ര സുഖകരമല്ല. തീറ്റയും കുടിയും ഒന്നു കാണേണ്ടതു തന്നെയാണ്. അതൊരു ആഘോഷമാണ്. മെല്ലെ തുടങ്ങി, കത്തിക്കയറുന്ന സ്റ്റൈൽ നമുക്ക് അത്ര പരിചിതമല്ലല്ലോ... നൈഫ് എടുത്തുള്ള പ്രയോഗംതന്നെ ഒരു ബാ൪ബേറിയൻ സ്റ്റൈലായി കാണുന്ന മലയാളിക്ക് പ്രത്യേകിച്ചും. ടേബ്ൾ മാനേഴ്സ് കീപ്പ് ചെയ്താൽ വിശപ്പ് മാറിയില്ലെങ്കിലോ എന്നു ഭയന്ന് നന്ദി പറഞ്ഞൊഴിയുക മാത്രമായിരുന്നു പോംവഴി.
രണ്ടു ദിവസമായി മഴ മാറിയ മട്ടാണ്. ചൂട് 28 ഡിഗ്രിയിൽ എത്തി നിൽക്കുന്നു. വല്ലാത്ത അസ്വസ്ഥത. വീക്കെൻഡ് ആഘോഷിക്കാൻ ലണ്ടൻ സ്വദേശികൾ പലരും ബീച്ചുകളിലേക്ക് മാറിക്കഴിഞ്ഞു. ലണ്ടനിൽ നിന്ന് ഏകദേശം 150 കിലോമീറ്ററുണ്ട് ബോണ്മൗത്തിലേക്ക്. ഇതൊരു ബീച്ചാണ്. സതാംപ്ടൺ വരെ ചെന്നാൽ, ഒരു സുഹൃത്ത് കൂടി ഒപ്പം വരാമെന്നു സമ്മതിച്ചു. ബോണ്മൗത്തിലേക്കുള്ള യാത്രയിൽ ഇംഗ്ളണ്ടിന്റെ പ്രതാപകാലം മുഴുവൻ വ്യക്തമായിരുന്നു. യാത്രയിൽ ചൂടിനു നേരിയ ശമനമുണ്ടെന്നു തോന്നി.
ബോണ്മൗത്ത് എത്തുന്തോറും കാറിന്റെ കൈ്ളമറ്റ് കൺട്രോൾ എ.സി ഡിസ്പ്ലേയിൽ പുറത്തെ ചൂടിന്റെ വ്യതിയാനം രേഖപ്പെടുത്തിക്കൊണ്ടേയിരുന്നു. ലണ്ടനിൽ നിന്ന് 100 മൈലുകൾ അകലമേയുള്ളുവെങ്കിലും മറ്റൊരു രാജ്യത്ത് എത്തിപ്പെട്ടതു പോലെയാണ് ഇവിടെയെത്തിയപ്പോൾ തോന്നിയത്. ഒരു ഉത്സവത്തിനുള്ള ആളുകളുണ്ട് തീരത്ത്. എല്ലാവരും കടൽക്കുളി ആസ്വദിക്കുകയാണ്. അന്തരീക്ഷത്തിനും നല്ല വ്യത്യാസം. ചൂട് ഇല്ലെന്നുതന്നെ പറയാം. മാനത്തെങ്ങും മഴക്കാറിന്റെ കണിക പോലുമില്ല. ഒളിമ്പിക്സിനെയും മാറിമറിഞ്ഞ കാലാവസ്ഥ ഏറെ പിടികൂടിയിട്ടുണ്ട്.
ബോണ്മൗത്തിൽ ഞങ്ങളുടെ കാ൪ പാ൪ക്ക് ചെയ്തിടത്ത് ആസ്ട്രേലിയൻ നീന്തൽ താരം സ്റ്റെഫാനി റൈസിനെ കണ്ടു. കൂടെ മറ്റു സുഹൃത്തുക്കളും. സ്റ്റൈഫാനിയായിരുന്നു ഇന്നത്തെ ഒരു ടാബ്ലോയ്ഡിന്റെ പ്രധാന തലക്കെട്ട്. അതുകൊണ്ടു തന്നെ കണ്ടപ്പോൾ പെട്ടെന്നു തിരിച്ചറിഞ്ഞു. യുഎസിന്റെ ബാസ്കറ്റ്ബാൾ താരം കോബ് ബ്രയന്റുമായി അവിഹിതബന്ധമുണ്ടെന്നായിരുന്നു ടാബ്ലോയ്ഡിന്റെ കണ്ടെത്തൽ.
പെണ്ണും കെട്ടി രണ്ടു പെൺകുട്ടികളുമുള്ളയാളാണ് ബ്രയന്റ്. ബെയ്ജിങ് ഒളിമ്പിക്സിലെ നീന്തൽക്കുളത്തിൽ നിന്നു മൂന്നു സ്വ൪ണമെഡൽ വാരിക്കൂട്ടിയ ആളാണ് സ്റ്റെഫാനി. എന്നാൽ, ആ അപ്രമാദിത്വം അവ൪ക്ക് ലണ്ടനിൽ തുടരാനായില്ല. ഇപ്പോൾ കണ്ടാൽ ഏകദേശം ഒരു 70 കിലോ ഭാരം തോന്നിക്കുന്നു. അവരോടൊത്ത് ഒരു ഫോട്ടോഗ്രാഫിനു ശ്രമിച്ചെങ്കിലും സ്റ്റെഫാനി താൽപര്യം കാണിച്ചില്ല. സെലിബ്രിറ്റികളുടെ ബന്ധങ്ങളാണ് ഇവിടെ ഒളിമ്പിക്സ് കത്തിനിൽക്കുമ്പോൾ പോലും വാ൪ത്തകൾ. അതിനപ്പുറം ലോകം കുലുങ്ങിയാലും സായ്പ്പ് കവാത്ത് മറക്കുകയില്ലെന്നതാണ് സത്യം.
തിരികെ പോരുമ്പോൾ ഉസൈൻ ബോൾട്ടിന്റെ റിലേ മത്സരം കാണാനായിരുന്നു ഞങ്ങളുടെ തീരുമാനം. എത്ര കണ്ടാലും മതി വരാത്ത ഒരു അത്ലറ്റായി ബോൾട്ട് മാറിയിരിക്കുന്നു. ലോകമെങ്ങുമുള്ള ബോൾട്ടിന്റെ ആരാധകരുടെ എണ്ണം തന്നെ ലക്ഷങ്ങൾ കവിയും. 200 മീറ്റ൪ സ്വ൪ണം കിട്ടിയ രാത്രി ബോൾട്ട് തന്റെ 1.3 മില്യൻ ഫാൻസിനായി നന്ദി പ്രകാശിപ്പിച്ച് ട്വിറ്ററിൽ എഴുതിയിരുന്നു. ഇത് പതിനായിരത്തിലധികം തവണ റീ ട്വീറ്റ് ചെയ്തുവത്രേ. ട്വിറ്ററിന്റെ കാര്യത്തിൽ ഒരു റെക്കോഡായിരുന്നു ഇത്. ബോൾട്ട് അങ്ങനെയാണ്, ചെയ്യുന്നതെല്ലാം പെ൪ഫെക്ട് ആയി ചെയ്യും. ഇല്ലെങ്കിൽ ചെയ്യില്ലത്രേ...'പെ൪ഫെക്ട് ബോൾട്ട്' എന്ന ഗാ൪ഡിയന്റെ തലക്കെട്ട് എത്ര സുന്ദരമായിരുന്നുവെന്ന് ഓ൪ത്തു. ഇന്നറിയാം, ബോൾട്ടിന്റെ മൂന്നാം സ്വ൪ണത്തിന്റെ വിധി. അതു കൂടിയണിഞ്ഞാൽ, ബോൾട്ട് ട്രിപ്പ്ൾ ബോൾട്ടാവും. അയാൾക്ക് അതു കഴിയും. അതിനു കാത്തിരിക്കുക തന്നെ!!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story