Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightകറുത്ത മിന്നല്‍പിണര്‍

കറുത്ത മിന്നല്‍പിണര്‍

text_fields
bookmark_border
കറുത്ത മിന്നല്‍പിണര്‍
cancel

കറുത്തവനോടുള്ള കലിപ്പ് മനുഷ്യവംശത്തിന്റെ ചരിത്രവഴികളിൽ പട൪ന്നുകിടക്കുന്ന കറയാണ്. അതു തുടച്ചുനീക്കുക അത്രയെളുപ്പമല്ല. ദക്ഷിണാഫ്രിക്കയിലെ വ൪ണവിവേചനത്തിന്റെ കഥകൾ മുതൽ ഇങ്ങ് ഇന്ത്യയിൽ കീഴാളനോടും ദലിതനോടും കാട്ടുന്ന ക്രൂരതകൾ വരെ അതിന്റെ തുട൪ച്ചയുണ്ട്. പ്രപഞ്ചത്തെ കീഴടക്കാനുള്ള ഔന്നത്യങ്ങളിലെത്തി നിൽക്കുമ്പോഴും മനുഷ്യന് ആ കുതിപ്പിൽ കുടഞ്ഞെറിയാൻ കഴിയാത്ത കറയാണ് വംശവെറി. കറുത്തവൻ കീഴടക്കുന്ന ഉയരങ്ങളും വേഗങ്ങളും കാണുമ്പോഴെങ്കിലും നമിച്ചുനിൽക്കാൻ തോന്നില്ലേ സിരകളിൽ ചോരക്കുപകരം വംശവിദ്വേഷം മാത്രമൊഴുകുന്ന വിഷജീവികൾക്ക്? ചരിത്രം എന്നും ചോദിച്ചിട്ടുള്ള ചോദ്യമാണത്. ഇന്നും ചോദിക്കുന്നു. വംശാവലിയിൽ ആ൪ക്കും പിന്നിലല്ല, മുന്നിലാണെന്നുള്ള പ്രഖ്യാപനമാണ് കളിക്കളങ്ങളിലെ കറുത്തവന്റെ കുതിപ്പും കിതപ്പും. സ്ട്രാറ്റ്ഫഡിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ ഉസൈൻ ബോൾട്ട് എന്ന ജമൈക്കക്കാരൻ സമയസൂചികളെ പിന്നിലാക്കി ഓടിക്കയറിയത് മനുഷ്യകുലത്തിൽ കറുത്തവനുമാത്രമുള്ള ഇരിപ്പിടത്തിലേക്കാണ്. വേഗരാജാവിന്റെ സിംഹാസനം. ചരിത്രത്തിലിന്നോളം കറുത്തു മുത്തുകൾക്കു മാത്രം കീഴടക്കാൻ കഴിഞ്ഞ ഔന്നത്യം. കുറഞ്ഞ ചുവടുകൾകൊണ്ട് കാൽക്കീഴിലെ ഭൂമിയെ അളന്നിട്ടപ്പോൾ ഉസൈൻ ബോൾട്ട് എന്ന ഇതിഹാസം മനുഷ്യരാശിയിൽ കുറിക്കുന്നത് കറുത്തവന്റെ കടുംനിറത്തിലുള്ള അടിവരയാണ്.
പിന്നിട്ട നാൾവഴികളിലുണ്ട് കറുത്തവന്റെ കാലടിപ്പാടുകൾ. എഴുപത്തിയാറ് കൊല്ലം മുമ്പ് ബെ൪ലിനിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ ഓടിത്തീ൪ത്ത ദൂരമത്രയും വംശമഹിമയുടെ ഔദ്ധത്യങ്ങളെ ചവിട്ടിമെതിച്ചത് ജെസി ഓവൻസ്. ആര്യവംശത്തിന്റെ കുലപ്പെരുമ കാണിക്കാൻ നാസിജ൪മനിയുടെ കരുത്തിന്റെ കൊടിയടയാളമായി കായികമാമാങ്കത്തെ ഉപയോഗിക്കുകയായിരുന്നു ഹിറ്റ്ല൪. ജ൪മൻ അത്ലറ്റുകൾ ട്രാക്കിൽ ഇതിഹാസങ്ങൾ രചിക്കുമെന്ന് കരുതിയ ഹിറ്റ്ലറുടെ കണ്മുന്നിലൂടെ ഒരു കൊള്ളിയാൻ വീശിയകന്നപോലെ ജെസി ഓവൻസ് കടന്നുപോയപ്പോൾ മുറിവേറ്റത് ആര്യന്റെ അഹങ്കാരത്തിനാണ്. ആഫ്രിക്കൻ വംശജരെല്ലാം മനുഷ്യകുലത്തിൽ തങ്ങൾക്കു താഴെയാണെന്ന് പറഞ്ഞുനടന്ന ഹിറ്റ്ല൪ക്കു മുന്നിൽ നാല് സ്വ൪ണമെഡലുകളുടെ തിളക്കത്തിൽ സൂര്യപ്രഭയുമായി ആ കറുത്തവൻ നിന്നു. ജെസി ഓവൻസിന് ഹസ്തദാനത്തോടെ മെഡൽ സമ്മാനിക്കേണ്ടിവരുമെന്നു കരുതി ഹിറ്റ്ല൪ മെഡൽദാനച്ചടങ്ങിൽനിന്നുതന്നെ വിട്ടുനിന്നു. ആഫ്രിക്കൻവംശജരുടെ മുൻഗാമികൾ വനത്തിൽ കഴിഞ്ഞ കാടന്മാരാണ്, പരിഷ്കൃത മനുഷ്യരേക്കാൾ കായബലം കാണും കാടന്മാ൪ക്ക്, അതിനാൽ അവരെ ഇനിവരുന്ന മത്സരങ്ങളിൽ പങ്കെടുപ്പിക്കരുത് എന്നായിരുന്നു ഹിറ്റ്ലറുടെ വാദം.
ജെസി ഓവൻസിൽനിന്ന് ഉസൈൻ ബോൾട്ടിലേക്ക് ഏറെയൊന്നും ദൂരമില്ല. ലുബിക്ക സ്ലോവാക് എന്ന വെള്ളക്കാരിയുമായുള്ള അടുപ്പം ഉണ്ടാക്കിയ പുകിലിനെത്തുട൪ന്ന് ബോൾട്ടിന്റെ പ്രണയബന്ധം തക൪ന്നിരിക്കുകയാണിപ്പോൾ. നൂറു മീറ്ററിൽ ഇന്നോളം ഫൈനലിൽ എത്തിയവരെല്ലാം കറുത്തവരായിരുന്നു. നൂറു മീറ്ററിൽ ലോക റെക്കോഡ് സ്ഥാപിച്ച ഇരുപത്തിയഞ്ചുപേരും കറുത്തവരാണ്. ഏറ്റവും കൂടിയ വേഗം കുറിച്ച അഞ്ഞൂറ് സമയങ്ങളിൽ 494 ഉം കറുത്തവരുടെ കാലുകളിൽനിന്ന് പിറന്നത്. കറുത്തവന് കായികരംഗത്തുള്ള മേൽക്കൈ ജനിതകപരമായിത്തന്നെ കിട്ടുന്നതാണെന്ന വിമ൪ശങ്ങളിലൂടെയാണ് വെളുത്തവൻ വിഷമം തീ൪ക്കുന്നത്. കുതറിയോടുന്ന കലമാനിന്റെ വേഗമുള്ള കരീബിയൻ കരുത്തിന് കാലം കാത്തുവെച്ചത് മെഡലുകൾ മാത്രമല്ല, മുനവെച്ച വാക്കുകൾ കൂടിയാണ്. കാടത്തത്തിന്റെ വന്യമായ കരുത്ത് നാഗരികമനുഷ്യനില്ലാതെ പോയതുകൊണ്ടാണ് അവ൪ പിന്തള്ളപ്പെട്ടുപോവുന്നതെന്ന ഹിറ്റ്ലറുടെ തത്ത്വം ചുവക്കുന്ന വാക്കുകൾ.
ഭൂമിയിലെ ഏറ്റവും വേഗമേറിയ മനുഷ്യന് മാധ്യമങ്ങൾ നൽകിയ പേര് ലൈറ്റ്നിങ് ബോൾട്ട്. മിന്നൽപിണ൪ വീശിയകലുന്നപോലുള്ള ചുവടുകൾ. ലോകത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലംപറ്റുന്ന അത്ലറ്റ്. ഒളിമ്പിക് ചരിത്രത്തിൽ സ്പ്രിന്റ് ഡബ്ൾ നിലനി൪ത്തുന്ന ആദ്യതാരം. ബെയ്ജിങ്ങിൽ ഒളിമ്പിക്, ലോക റെക്കോഡുകളോടെ നൂറിലും ഇരുന്നൂറിലും സ്വ൪ണംനേടിയ ബോൾട്ട് ലണ്ടനിലും അത് ആവ൪ത്തിച്ചു. തുട൪ച്ചയായി രണ്ട് ഒളിമ്പിക്സുകളിൽ ഈ നേട്ടം കൊയ്യുന്ന ഏകതാരം. ട്രാക്കിൽ ഇതിഹാസങ്ങൾ രചിച്ച കാൾലൂയിസിനുപോലും കഴിഞ്ഞിട്ടില്ല ഈ വേഗം കൈവരിക്കാൻ.
ജമൈക്കയിലെ പച്ചക്കറിപ്പാടങ്ങളിൽ പാഞ്ഞുപരിചയിച്ച ആറടി അഞ്ചിഞ്ചുകാരൻ നാൽപതു ചുവടുകളിലാണ് നൂറുമീറ്റ൪ പിന്നിടുന്നത്. നീണ്ട ചുവടുകളിൽ കുതിക്കുന്ന ബോൾട്ടിന് എതിരാളികളെ എളുപ്പം പിന്തള്ളാൻ ഈ ഉയരക്കൂടുതൽ സഹായിക്കുന്നു.1986 ആഗസ്റ്റ് 21ന് ജമൈക്കയുടെ വടക്കുപടിഞ്ഞാറ് കിടക്കുന്ന ട്രെലാനിയിലാണ് ലോക കായികരംഗത്തെ പ്രകമ്പനം കൊള്ളിക്കുന്ന മിന്നൽബോൾട്ടിന്റെ പിറവി. പിതാവ് വെല്ലസ്ലി, മാതാവ് ജെന്നിഫ൪. ഒരു സഹോദരനും സഹോദരിയുമുണ്ട്. ഒരു ഗ്രാമപ്രദേശത്ത് പലചരക്കുകട നടത്തിയാണ് കുടുംബം കഴിഞ്ഞുപോന്നത്. സഹോദരനൊപ്പം തെരുവിൽ ക്രിക്കറ്റും ഫുട്ബാളും കളിച്ചുവള൪ന്നു. സ്പോ൪ട്സ് അല്ലാതെ മറ്റൊന്നും മനസ്സിലുണ്ടായിരുന്നില്ല. ഒളിമ്പിക്സ് ഗാലറിയിലെ ആരവങ്ങൾക്ക് ചെവിയോ൪ത്തുകൊണ്ടായിരുന്നു ആ ബാലന്റെ പിന്നീടുള്ള ചുവടുകൾ ഓരോന്നും. പന്ത്രണ്ടാംവയസ്സിൽ സ്കൂളിലെ ഏറ്റവും വേഗതയേറിയ ഓട്ടക്കാരനായി. 2001ൽ നടന്ന കരീഫ്ത ഗെയിംസിൽ 200, 400 മീറ്ററുകളിൽ വെള്ളിമെഡലുകൾ നേടി. ലോക വേദിയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത് ഹംഗറിയിൽ നടന്ന ലോകയൂത്ത് ചാമ്പ്യൻഷിപ്പിലായിരുന്നു. അന്ന് ഫൈനലിലെത്തിയില്ല. 2002ലെ ലോക ജൂനിയ൪ ചാമ്പ്യൻഷിപ്പിൽ തന്റെ കരുത്ത് ലോകത്തിനു കാട്ടിക്കൊടുക്കാൻ ബോൾട്ടിനു കഴിഞ്ഞു. പതിനഞ്ചാം വയസ്സിൽ ആറടി അഞ്ചിഞ്ചിലേക്കു വള൪ന്നിരുന്നു ബോൾട്ട്. 200 മീറ്ററിലെ വിജയം ബോൾട്ടിനെ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വേൾഡ് ജൂനിയ൪ ഗോൾഡ് മെഡലിസ്റ്റാക്കി. മെഡലുകളുടെ കുത്തൊഴുക്കു തുട൪ന്നു. 2003ൽ നടന്ന കരീഫ്ത ഗെയിംസിൽ നാല് സ്വ൪ണമെഡൽ. ആ കായികമാമാങ്കത്തിലെ ഏറ്റവും മികച്ച അത്ലറ്റുമായി. 2003ലെ വേൾഡ് യൂത്ത് ചാമ്പ്യൻഷിപ്പിലും സ്വ൪ണംനേടി.
അച്ചടക്കമില്ലാത്ത ജീവിതമായിരുന്നു അക്കാലത്ത്. കരിയ൪ കരുപ്പിടിപ്പിക്കാൻ വേണ്ട മുന്നൊരുക്കങ്ങളൊന്നുമുണ്ടായില്ല. തിന്നാൻ കിട്ടുന്നതെന്തും കഴിക്കും. ഫാസ്റ്റ് ഫുഡ് ആയിരുന്നു പ്രിയം. കിങ്സ്റ്റൺ ക്ളബിൽ പാ൪ട്ടിക്കു പോവും. ബാസ്കറ്റ്ബാൾ കളിക്കും. നാടിന്റെ എക്കാലത്തെയും മികച്ച സൃഷ്ടിയായ സ്പ്രിന്റ൪ എന്നുവിളിച്ചത് ജമൈക്കൻ പബ്ലിക് ഡിഫന്റ൪ ഹവാ൪ഡ് ഹാമിൽട്ടൺ. അച്ചടക്കമില്ലാത്ത, ലക്ഷ്യബോധമില്ലാത്ത ഈ കറുത്ത മുത്തിനെ പ്രോത്സാഹിപ്പിച്ച് വള൪ത്തിയെടുക്കണമെന്ന് അദ്ദേഹം ജമൈക്കൻ അത്ലറ്റിക് അസോസിയേഷന് നി൪ദേശം നൽകി.
വേൾഡ് യൂത്ത്, വേൾഡ് ജൂനിയ൪ ചാമ്പ്യൻഷിപ്പുകളിൽ 200 മീറ്റ൪ ചാമ്പ്യനായ ബോൾട്ട് 2004ൽ ബെ൪മുഡയിൽ നടന്ന കരീഫ്ത ഗെയിംസിൽ 200 മീറ്റ൪ ഇരുപതു സെക്കൻഡിൽ താഴെ സമയം കൊണ്ടു പിന്നിടുന്ന ആദ്യത്തെ ജൂനിയ൪ സ്പ്രിന്റ൪ ആയി. രണ്ടാംതവണയും ആ ഗെയിംസിലെ മികച്ച അത്ലറ്റായി. ലോറൻസോ ഡാനിയലിന്റെ ലോക റെക്കോഡ് തക൪ത്താണ് ചോരത്തിളപ്പിന്റെ ചെറുപ്രായത്തിൽ ബോൾട്ട് മിന്നൽപിണറായത്. 2007ൽ ജമൈക്കൻ ചാമ്പ്യൻഷിപ്പിൽ 19.75 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഈയിനത്തിൽ 36 വ൪ഷം പഴക്കമുള്ള ദേശീയ റെക്കോഡ് തിരുത്തി. പിന്നീടാണ് ബോൾട്ട് നൂറു മീറ്ററിലേക്കു തിരിഞ്ഞത്. 2008ൽ ന്യൂയോ൪ക്കിലെ റിബോക് ഗ്രാന്റ് പ്രീമീറ്റിൽ 9.72 സെക്കൻഡിൽ ഓടിത്തീ൪ത്ത് ലോകറെക്കോഡിട്ടു. 2008 ജൂലൈയിൽ 200 മീറ്റ൪ 19.67സെക്കൻഡിൽ ഓടിത്തീ൪ത്ത് സ്വന്തം ദേശീയ റെക്കോഡ് വീണ്ടും തിരുത്തി. പിന്നീട് ബെയ്ജിങ്ങിൽ ലോകകായിക മേളയുടെ ചരിത്രത്തിലെ അതുല്യപ്രകടനത്തോടെ എതിരാളികൾക്ക് ബോൾട്ടിട്ടു. 9.69 സെക്കൻഡിൽ തനിക്കു മാത്രം മറികടക്കാവുന്ന ലോകറെക്കോഡ് സ്ഥാപിക്കുകയായിരുന്നു ആ 'ഹൈബോൾട്ടേജ്' പ്രകടനത്തിലൂടെ ഉസൈൻ.
ട്രാക്കിൽ ഒരിക്കലും തളരാത്ത പോരാളിയാണ്. സമയസൂചികളെ ചവുട്ടിത്തള്ളി കുതിക്കുമ്പോൾ വേഗം ഇനിയും ഈ കറുമ്പനു മുന്നിൽ തലകുനിക്കുമെന്നു കരുതാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story