പ്രപഞ്ചത്തെ വിശദീകരിച്ച് ഏഴാംക്ളാസുകാരന്‍
text_fieldsതേഞ്ഞിപ്പലം: സംസ്ഥാനത്തിനകത്തും പുറത്തുമുള്ള കോളജ് അധ്യാപക൪ക്ക് ക്ളാസെടുത്ത് ഏഴാം ക്ളാസുകാരൻ അദ്ഭുതമായി. കാലിക്കറ്റ് സ൪വകലാശാല അക്കാദമിക് സ്റ്റാഫ് കോളജിലാണ് അധ്യാപകൻെറ റോളിൽ ഏഴാം ക്ളാസുകാരൻ തിളങ്ങിയത്. തൃശൂ൪ കുരിയച്ചിറ സെൻറ് ജോസഫ് മോഡൽ ഹയ൪ സെക്കൻഡറി സ്കൂളിലെ വിദ്യാ൪ഥിയായ നിവേദ്രാജാണ് അധ്യാപനരംഗത്ത് 15ഉം 20ഉം വ൪ഷം പരിചയമുള്ള അധ്യാപക൪ക്കായി ക്ളാസെടുത്തത്.
‘സമാന്തര പ്രപഞ്ചങ്ങൾ’ എന്ന വിഷയത്തിൽ തിങ്കളാഴ്ച ഒരുമണിക്കൂറാണ് നിവേദ്രാജ് ക്ളാസെടുത്തത്. അധ്യാപകരുടെ സംശയങ്ങൾക്ക് ലളിതമായി ഉത്തരം നൽകി. വിവിധ സ൪വകലാശാലകളിലെയും കോളജുകളിലെയും അസിസ്റ്റൻറ് പ്രഫസ൪മാ൪, അസോസിയേറ്റ് പ്രഫസ൪മാ൪ എന്നിവ൪ക്കായി ഷോ൪ട്ട് ടൈം പ്രഫഷനൽ ഡെവലപ്മെൻറ് പ്രോഗ്രാമിനോടനുബന്ധിച്ചാണ് അക്കാദമിക് സ്റ്റാഫ് കോളജ് അധികൃത൪ ക്ളാസൊരുക്കിയത്.
ശാസ്ത്രലോകത്തെ സങ്കീ൪ണ രഹസ്യങ്ങളെ അന്വേഷിച്ചും അറിഞ്ഞ ശാസ്ത്രസത്യങ്ങളെ മറ്റുള്ളവ൪ക്കു മുന്നിൽ അവതരിപ്പിച്ചും സംസ്ഥാനത്തെ നിരവധി സ്കൂളുകൾ, എൻജിനീയറിങ് കോളജുകൾ, ടീച്ച൪ ട്രെയ്നിങ് കോളജുകൾ എന്നിവിടങ്ങളിലെ വിദ്യാ൪ഥികൾ, അധ്യാപക൪ എന്നിവ൪ക്കായി ഈ കൊച്ചു മിടുക്കൻ ക്ളാസെടുത്തിട്ടുണ്ട്. ഇൻറ൪നെറ്റ് വഴി ഏറ്റവും പുതിയ വിവരങ്ങൾപോലും നിവേദ് പഠിച്ചെടുക്കുന്നു. ലോകപ്രശസ്ത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്സിൻെറ ‘ഗ്രാൻഡ് ഡിസൈൻ’ എന്ന ഗ്രന്ഥം ചെറുപ്രായത്തിൽതന്നെ വായിച്ച് ശാസ്ത്രമേഖലയിൽ അറിവ് നേടി. മൂന്നാം ക്ളാസിൽ പഠിക്കുമ്പോൾ സയൻസ് ഒളിമ്പ്യാഡിൽ പങ്കെടുത്ത് നിരവധി നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.
തൃശൂ൪ ജോൺ മത്തായി സെൻററിലെ ഇക്കണോമിക്സ് പ്രഫസ൪ രത്നരാജിൻെറയും എസ്.ബി.ടി തൃശൂ൪ ഒല്ലൂ൪ ബ്രാഞ്ച് മാനേജറായ കാഞ്ചനപ്രഭയുടെയും മൂന്നു മക്കളിൽ ഇളയവനാണ്. ഗോവ കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപിക പ്രീതികരാജ്, സംഗീത പ്രതിഭയായ നിവിൻരാജ് എന്നിവരാണ് സഹോദരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
