റെക്കോഡ് പുതുക്കി റാണയുടെ നടത്തം
text_fieldsലണ്ടൻ: 50 കിലോമീറ്റ൪ നടത്തത്തിൽ മത്സരിച്ച ഏക ഇന്ത്യക്കാരനായ ബസന്ത ബഹാദൂ൪ റാണക്ക് 36ാം സ്ഥാനം മാത്രം. എന്നാൽ സ്വന്തം പേരിലുള്ള ദേശീയ റെക്കോഡ് മെച്ചപ്പെടുത്താനായതിൽ 28കാരന് ആശ്വസിക്കാം. ഒളിമ്പിക്സിൽ ശനിയാഴ്ച മൂന്ന് മണിക്കൂ൪ 56 മിനിറ്റ് 48 സെക്കൻഡ് സമയത്തിനാണ് അദ്ദേഹം ഫിനിഷ് ചെയ്തത്. ഇതോടെ കഴിഞ്ഞ മേയിൽ റാണ റഷ്യയിൽ കുറിച്ച നാല് മണിക്കൂ൪ രണ്ട് മിനിറ്റ് 13 സെക്കൻഡിൻെറ റെക്കോഡ് പഴങ്കഥയായി.
മൂന്ന് മണിക്കൂ൪ 35 മിനിറ്റ് 59 സെക്കൻഡ് എന്ന ഒളിമ്പിക് റെക്കോഡുമായി റഷ്യയുടെ ഇരട്ട ലോകചാമ്പ്യൻ സെ൪ജി കി൪ദ്യാപ്കിനാണ് 50 കിലോ മീറ്റ൪ നടത്തത്തിൽ സ്വ൪ണം നേടിയത്. തുട൪ച്ചയായ രണ്ടാം തവണയും ആസ്ട്രേലിയയുടെ ജെയേഡ് ടാലൻറ് വെള്ളി നേടിയപ്പോൾ ചൈനീസ് താരം സി ടിയാൻഫെങ് വെങ്കലം സ്വന്തമാക്കി. ഇന്ത്യൻ സമയം ഉച്ചക്ക് ആരംഭിച്ച മത്സരം 30 കിലോ മീറ്റ൪ പിന്നിടുന്നത് വരെ 53ാം സ്ഥാനത്തായിരുന്നു റാണ. ടിയാൻഫെങ്ങായിരുന്നു അപ്പോൾ ഒന്നാമത്. 35 കിലോമീറ്ററിലെത്തിയപ്പോഴേക്കും നാല് സ്ഥാനം മെച്ചപ്പെടുത്തിയ ഇന്ത്യൻ താരം 49ലേക്ക് കയറി. ഘട്ടം ഘട്ടമായി മുന്നേറ്റം തുട൪ന്ന റാണക്ക് 40 കിലോമീറ്ററായപ്പോൾ 43ാം സ്ഥാനവും ലഭിച്ചു. ശേഷിച്ച 10 കിലോമീറ്ററിനിടെയാണ് അദ്ദേഹം 36ലേക്ക് കുതിച്ചത്. 63 പേരുമായി തുടങ്ങിയ മത്സരത്തിൽ ഫിനിഷിങ് പോയൻറിലെത്തിയത് 51 താരങ്ങളാണ്.
റഷ്യയിൽ വേൾഡ് റേസ് വോകിങ് കപ്പിലാണ് റാണയുടെ ആദ്യ ദേശീയ റെക്കോഡ് പ്രകടനം. ഇത് ബി മാ൪ക്ക് യോഗ്യതയോടെ അദ്ദേഹത്തിന് ഒളിമ്പിക്സ് പ്രവേശം നൽകി. 2005ൽ ഗു൪ദേവ് സിങ് കുറിച്ച നാല് മണിക്കൂ൪ 16 മിനിറ്റ് 22 സെക്കൻഡായിരുന്നു അതുവരെ മികച്ച സമയം. ചരിത്രത്തിലാദ്യമായി ഒളിമ്പിക്സിലെ 50 കിലോ മീറ്റ൪ നടത്തത്തിൽ മത്സരിക്കുന്ന ഇന്ത്യൻ അത്ലറ്റാണ് റാണ. നേപ്പാളിലെ കാഠ്മണ്ഡുവിനടുത്ത ഗ്രാമത്തിലാണ് ജനനം. ഗൂ൪ഖ റെജിമെൻറിലൂടെ അദ്ദേഹം ഇന്ത്യൻ സൈന്യത്തിൽ ചേ൪ന്നു. കഴിഞ്ഞയാഴ്ച 20 കിലോമീറ്റ൪ നടത്തത്തിൽ മൂന്ന് ഇന്ത്യക്കാ൪ പങ്കെടുത്തിരുന്നു. ഇവരിൽ മലയാളിയായ കെ.ടി. ഇ൪ഫാൻ ദേശീയ റെക്കോഡോടെ പത്താമതെത്തി. മറ്റു മത്സരാ൪ഥികളായിരുന്ന ഗു൪മീത് സിങ്ങിനും ബൽജീന്ദ൪ സിങ്ങിനും യഥാക്രമം 33ഉം 43ഉം സ്ഥാനമാണ് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
