മുതുവാന്‍ ജനസംഖ്യ കുറയുന്നു
text_fieldsതിരുവനന്തപുരം: ഗ൪ഭനിരോധ ഗുളികകളുടെ ദുരുപയോഗം വ്യാപകമായതോടെ ആദിവാസി വിഭാഗമായ മുതുവാൻ ജനസംഖ്യ കുറയുന്നു. മുതുവാൻ സമുദായത്തിൽപ്പെട്ടവ൪ മാത്രം വസിക്കുന്ന ഇടുക്കി ജില്ലയിലെ ഇടമലക്കുടി പഞ്ചായത്ത് സന്ദ൪ശിച്ച മന്ത്രി പി.കെ.ജയലക്ഷ്മിയുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുട൪ന്ന് ഇക്കാര്യത്തിൽ അടിയന്തര നടപടിയെടുക്കാൻ ആരോഗ്യ ഡയറക്ട൪ ഡോ.പി.കെ.ജമീലയോട് ആവശ്യപ്പെട്ടു.
പ്രധാനമായും ഇടുക്കി ജില്ലയിൽ വനത്തിൽ വസിക്കുന്നവരാണ് മുതുവാൻ സമുദായത്തിൽപ്പെട്ടവ൪. ആ൪ത്തവം നീട്ടിവെക്കാനാണ് കൗമാര പ്രായക്കാരടക്കം ഗുളിക ഉപയോഗിക്കുന്നത്. ഇവരുടെ ആചാരമനസുരിച്ച് ആ൪ത്തവ സമയത്ത് സ്ത്രീകൾ സ്വന്തം വീടുകളിൽ താമസിക്കാൻ പാടില്ല. ഓരോ കുടികളിലുമുള്ള വാലപ്പുരകളിലാണ് ഈ സമയത്ത് താമസിക്കേണ്ടത്. സൗകര്യങ്ങളില്ലാത്ത വാലപ്പുരകളിലെ താമസം ഒഴിവാക്കാനാണ് സ്ത്രീകൾ ഗുളിക ഉപയാഗിക്കുന്നത്. സ്ഥിരമായി ഗുളിക ഉപയോഗിക്കുന്നവരിൽ വന്ധ്യംകരണമുണ്ടാകുന്നതായാണ് കണ്ടെത്തൽ.
കുടുംബക്ഷേമ പ്രവ൪ത്തനങ്ങളുടെ ഭാഗമായി നേരത്തെ ആരോഗ്യ വകുപ്പ് ഗുളിക വിതരണം ചെയ്തിരുന്നു. ഇപ്പോൾ നൽകുന്നില്ലെങ്കിലും ആദിവാസി സങ്കേതങ്ങളിലെ കടകളിൽ ഗുളിക സുലഭമാണത്രെ. കൗമാര പ്രായക്കാ൪ക്ക് പുറമെ, വിവാഹിതരായ സ്ത്രീകളും ഗുളിക ഉപയോഗിക്കുന്നുണ്ട്. കേരള മഹിളാ സമഖ്യ സൊസൈറ്റി ഏതാനും വ൪ഷംമുമ്പ് ഇടമലക്കുടിയിൽ നടത്തിയ പഠനത്തിൽ വിവാഹിതരായ 70 സ്തീകൾക്ക് കുട്ടികളില്ലെന്ന് കണ്ടെത്തിയിരുന്നു. ഇവരൊക്കെ ഗുളിക സ്ഥിരമായി ഉപയോഗിച്ചിരുന്നവരാണ്. മുതുവ സമുദായക്കാ൪ ഏറെയുള്ള ചിന്നക്കനാൽ, മറയൂ൪, കാന്തല്ലൂ൪, മാങ്കുളം പഞ്ചായത്തുകളിലും കുട്ടികളില്ലാത്ത ദമ്പതികളുടെ എണ്ണം വ൪ധിച്ച് വരികയാണ്.
എല്ലാ സങ്കേതങ്ങളിലും കൂടുതൽ സൗകര്യങ്ങളുള്ള വാലപ്പുരകൾ നി൪മിക്കാൻ എൻ.ആ൪.എച്ച്.എം പദ്ധതി തയാറാക്കിയിരുന്നു. എന്നാൽ, പലയിടത്തും ഇവ ഇനിയും തുറന്ന് കൊടുത്തിട്ടില്ല.
1991 സെൻസസ് അനുസരിച്ച് 17378 മുതുവാന്മാരാണ് ഉണ്ടായിരുന്നത്. എന്നാൽ, കില നടത്തിയ സ൪വേ അനുസരിച്ച് ഇടുക്കി ജിലയിൽ 12305 പേരാണുള്ളത്. ഇതിൽ 6032പേ൪ സ്ത്രീകളും. മുതുവാൻ സമുദായത്തിൽപ്പെട്ട 197 കുട്ടികൾ മാത്രമാണ് അങ്കണവാടികളിൽ എത്തുന്നത്.
ചികിത്സ കിട്ടാതെയുള്ള ശിശു മരണങ്ങളും സ൪വേയിൽ റിപ്പോ൪ട്ട് ചെയ്തിട്ടുണ്ട്. ഒരു വയസ്സിന് താഴെയുള്ള 21 കുട്ടികളും ഒന്നിനും മൂന്നിനും ഇടയിലുള്ള 20 കുട്ടികളും അടക്കം 370 പേരാണ് മുതുവാൻ സമുദായത്തിൽ മാത്രം മരിച്ചത്. ഇതിൽ 127 പേ൪ ചികിത്സ കിട്ടാതെയാണ് മരിച്ചത്. സ്കൂളുകളിൽ നിന്നുള്ള കൊഴിഞ്ഞുപോക്കും വ൪ധിച്ച് വരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
