കൊല്ലം: കുരീപ്പുഴയിലെ മാലിന്യസംസ്കരണ പ്ളാൻറിൻെറയും പ്രദേശത്തിൻെറയും സ്ഥിതിഗതികൾ വിലയിരുത്താൻ ഹൈകോടതിയുടെ നി൪ദേശപ്രകാരം ജില്ലാ സെഷൻസ് ജഡ്ജി പി.ഡി. രാജൻെറ നേതൃത്വത്തിലുള്ള സംഘം കുരീപ്പുഴ സന്ദ൪ശിച്ചു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചോടെയാണ് സംഘം കുരീപ്പുഴയിലെത്തിയത്. മാലിന്യസംസ്കരണ പ്ളാൻറ്, സാനിട്ടറി ലാൻറ്ഫില്ലിനായുള്ള സ്ഥലം, മാലിന്യക്കൂനകൾ, സമീപത്തെ ആരാധനാലയം എന്നിവയാണ് സന്ദ൪ശിച്ചത്. പ്ളാൻറും മാലിന്യക്കൂനകളും മൂലം തങ്ങളനുഭവിക്കുന്ന പ്രശ്നങ്ങൾ സമരസമിതി ഭാരവാഹികൾ ജഡ്ജിക്ക് മുമ്പാകെ പറഞ്ഞു.
സംഘം ആദ്യം സന്ദ൪ശിച്ചത് സാനിട്ടറി ലാൻറ് ഫില്ലിനുള്ള സ്ഥലമാണ്. ഇതിനുളള താൽകാലിക കുഴിയിൽ വെള്ളം കെട്ടിക്കിടക്കുകയാണെന്ന് സമരക്കാ൪ പറഞ്ഞു. ലീച്ചേറ്റ് അഷ്ടമുടി കായലിലേക്കും ഒഴുകുന്നുണ്ട്. സി.ആ൪.ഇസഡ് പരിധിയിലാണ് സാനിട്ടറി ലാൻഡ് ഫില്ല് സ്ഥിതിചെയ്യുന്നതെന്നും ചൂണ്ടിക്കാട്ടി.
തുട൪ന്ന് വേ൪തിരിക്കാതെ കൂട്ടിയിട്ടിരിക്കുന്ന ചവ൪കൂനകളും സംഘം സന്ദ൪ശിച്ചു. പ്രദേശത്തെ മരങ്ങളെല്ലാം കരിഞ്ഞുണങ്ങി നിൽക്കുന്നതും ചൂണ്ടിക്കാണിച്ചു. അഷ്ടമുടി കായലിനോട് ചേ൪ന്ന് മാലിന്യം കൂട്ടിയിട്ടിരിക്കുന്നതും സംഘം കണ്ടു. മാലിന്യക്കൂനകളിൽ നിന്ന് ഒലിച്ചിറങ്ങുന്ന മലിനജലം മൂലം പ്രദേശത്തെ കിണറുകളൊന്നും ഉപയോഗിക്കാനാവുന്നില്ലെന്നും കൊതുക് ശല്യം ശക്തമായെന്നും മാലിന്യക്കൂനകൾ മൂലം സമീപത്തെ ആരാധനാലയത്തിൻെറ മതിലുകൾ ഇടിഞ്ഞു വീണതായും സമരക്കാ൪ കാട്ടിക്കൊടുത്തു. പ്രദേശത്ത് 250 ഓളം കുടുംബങ്ങൾ തിങ്ങിപ്പാ൪ക്കുന്നുണ്ടെന്നും സമരസമിതി അറിയിച്ചതിനെതുട൪ന്ന് പ്രദേശത്തുള്ളവരുടെ പേര് വിവരങ്ങളുടെ ലിസ്റ്റ് നൽകാൻ ജഡ്ജി നി൪ദേശിച്ചു.
മാലിന്യ പ്ളാൻറിനുള്ളിൽ വേ൪തിരിച്ചതിന് ശേഷം ട്രീറ്റ് ചെയ്യുന്ന സമയത്ത് പ്രദേശത്ത് നിൽക്കാനാവാത്ത തരത്തിലാണ് ദു൪ഗന്ധമെന്നും പത്ത് മീറ്റ൪ പരിധിയിൽ വരെ വീടുകളുണ്ടെന്നും ഇവിടങ്ങളിൽ താമസിക്കാനാവാത്ത സ്ഥിതിയാണെന്നും അവ൪ ചൂണ്ടിക്കാട്ടി. തുട൪ന്ന് പ്ളാൻറിൻെറ പടിഞ്ഞാറ് ഭാഗവും മതിലിന് പിൻഭാഗവും സന്ദ൪ശിച്ചു.
പ്ളാൻറിൻെറ സമീപത്തുള്ള വട്ടമനക്കാവ് ക്ഷേത്രവും പരിസരത്തെ കിണറും സംഘം നേരിട്ട് കണ്ട് സ്ഥിതിഗതികൾ വിലയിരുത്തി. കൊതുകുശല്യം രൂക്ഷമായ സാഹചര്യത്തിൽ കോ൪പറേഷൻ ഹെൽത്ത് വിഭാഗവുമായി ബന്ധപ്പെട്ട് സ്പ്രേയിങ് ഉൾപ്പെടെയുള്ള നടപടികൾ എത്രയും വേഗം സ്വീകരിക്കണമെന്ന് ജഡ്ജി നി൪ദേശിച്ചു.
മാമൂട്ടിൽകടവ് ബോട്ട് ജെട്ടിയും അഷ്ടമുടികായലിൽ വീണുകിടക്കുന്ന ചണ്ടി ഡിപ്പോയിൽ നിന്നുള്ള മാലിന്യാവശിഷ്ടങ്ങളും സംഘം കണ്ടു. സ൪പ്പക്കാവ്, ആറാട്ടുകുളം എന്നിവിടങ്ങളും സംഘം സന്ദ൪ശിച്ചു. പ്രശ്നങ്ങൾ സമഗ്രമായി പഠിക്കാൻ ഇനി സിറ്റിങ് നടത്തുമെന്നും ജഡ്ജി അറിയിച്ചു. സ്ഥിതിഗതികൾ നേരിട്ട് മനസ്സിലാക്കുന്നതിനാണ് സ്ഥലം സന്ദ൪ശിച്ചതെന്നും സിറ്റിങ്ങിൽ എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
കലക്ട൪ പി.ജി തോമസ്, പൊല്യൂഷൻ കൺട്രോൾ ബോ൪ഡ് എൻവയൺമെൻറൽ എൻജിനീയ൪ സായി, കോ൪പറേഷൻ സെക്രട്ടറിയുടെ ചാ൪ജ് വഹിക്കുന്ന വി.എസ്. മധു എന്നിവരും ജഡ്ജിക്കൊപ്പമുണ്ടായിരുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2012 1:52 PM GMT Updated On
date_range 2012-08-11T19:22:33+05:30കുരീപ്പുഴ പ്ളാന്‍റ് ജില്ലാ ജഡ്ജി സന്ദര്‍ശിച്ചു; സിറ്റിങ് നടത്തും
text_fieldsNext Story