മെഡിക്കല്‍ ഷോപ്പുകളില്‍ റെയ്ഡ്; നിരോധിത മരുന്നുകള്‍ കണ്ടെത്തി
text_fieldsപത്തനംതിട്ട: ജില്ലയിലെ മൊത്ത -ചില്ലറ മരുന്നു വ്യാപാരശാലകളിൽ വെള്ളിയാഴ്ച വിജിലൻസ് നടത്തിയ റെയ്ഡിൽ കാലാവധി കഴിഞ്ഞതും നിരോധിക്കപ്പെട്ടതുമായ മരുന്നുകളുടെ വൻ ശേഖരം കണ്ടെത്തി.
ഡ്രഗ് ഇൻസ്പെക്ടറുടെ ഓഫിസിലടക്കം വ്യാപക ക്രമക്കേടുകളും കണ്ടെത്തിയിട്ടുണ്ട്. പല ഷോപ്പുകളിലും മരുന്നുകൾ വിലകൂട്ടി വിൽക്കുന്നതായും കണ്ടെത്തി. വിജിലൻസ് സതേൺ റേഞ്ച് ഡിവൈ.എസ്.പി റെജി ജേക്കബിൻെറ നേതൃത്വത്തിൽ‘ഓപറേഷൻ ക്യാപ്സൂൾ’ എന്ന പേരിൽ രഹസ്യമായാണ് പരിശോധന നടന്നത്. പത്തനംതിട്ട അൽഫെയ൪ മെഡിക്കൽസിൽനിന്നും ഹാഫ മെഡിക്കിൽസിൽനിന്നുമാണ് കാലാവധി കഴിഞ്ഞ മരുന്നുകൾ കണ്ടെത്തിയത്. ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തി നിരോധിച്ച ലീഗ്ലൻറ്-3000 എന്ന ടാബ്ലറ്റ് തിരുവല്ലയിലെ മോഡേൺ ഡിസ്ട്രിബ്യൂട്ടേഴ്സിൽനിന്ന് പിടിച്ചെടുത്തു. ജില്ലയിലും പുറത്തുമുള്ള മെഡിക്കൽ സ്റ്റോറുകളിലേക്ക് ഇവിടെനിന്നും ഇത് വൻ തോതിൽ വിൽപ്പന നടത്തിയിട്ടുണ്ട്. 1300 ടാബ്ലറ്റുകൾ അടങ്ങിയ 130 സ്ളിപ്പുകളാണ് മോഡേൺ ഡിസ്ട്രിബ്യൂട്ടേഴ്സിൽനിന്ന് പിടികൂടിയത്.
സ്റ്റോക്കിൽ രേഖപ്പെടുത്തിയതിനേക്കാൾ കൂടുതൽ മരുന്ന് പത്തനംതിട്ടയിലെ ശാന്തി ഹോൾസെയിൽ കടയിൽനിന്നും കണ്ടെടുത്തു. ചില്ലറ മരുന്ന് വ്യാപാരികൾ പലരും ബില്ലുകളിൽ വൻ കൃത്രിമം കാട്ടുന്നതായി വിജിലൻസിന് വ്യക്തമായി. മരുന്നുകളുടെ ബാച്ച് നമ്പറുകൾ മിക്കവരും സൂക്ഷിച്ചിട്ടില്ല. ഉള്ളവയിൽ പലതിൻെറയും തീയതികൾ തെറ്റായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇൻസ്പെക്ഷൻ രജിസ്റ്റ൪ സൂക്ഷിക്കാത്ത മെഡിക്കൽ ഷോപ്പുകളുമുണ്ട്.
വ്യാപാരസ്ഥാപനങ്ങളെ വെല്ലുന്ന ക്രമക്കേടുകളാണ് ഡ്രഗ്സ് ഇൻസ്പെക്ടറുടെ ഓഫിസിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്.
ലൈസൻസ് പുതുക്കുന്നതിന് മെഡിക്കൽ ഷോപ് ഉടമകൾ അപേക്ഷ സമ൪പ്പിച്ചിട്ടും പുതുക്കി നൽകിയിട്ടില്ല. പല മെഡിക്കൽ സ്റ്റോറുകളും ലൈസൻസ് ഇല്ലാതെയാണ് പ്രവ൪ത്തിക്കുന്നത്.
ഡ്രഗ്സുമായി ബന്ധപ്പെട്ട വിവരങ്ങൾ രേഖപ്പെടുത്തുന്ന അഡ്മിനിസ്ട്രേഷൻ റിപ്പോ൪ട്ട് 2009 മുതൽ പുതുക്കിയിട്ടില്ല. അതിനാൽ പുതുതായി ആരംഭിച്ച മെഡിക്കൽ സ്റ്റോറുകൾ, ഹോൾസെയിൽ, റീട്ടെയിൽ ഷോപ്പുകൾ എന്നിവയെപ്പറ്റിയുള്ള വിവരങ്ങൾ ഒന്നും ഡ്രഗ് ഇൻസ്പെക്ടറുടെ പക്കൽ ഉണ്ടായിരുന്നില്ല. നിരോധിച്ച മരുന്നുകളെപ്പറ്റിയുള്ള വിവരങ്ങൾ പോലും ഡ്രഗ്സ് ഇൻസ്പെക്ടറുടെ പക്കൽ ഇല്ല.
രാവിലെ ഒമ്പത് മുതൽ വൈകുന്നേരം 5.30 വരെയായിരുന്നു ജില്ലയിലെ വിജിലൻസ് പരിശോധന നടത്തിയത്. ഇതറിഞ്ഞ വ്യാപാരികൾ പലരും സ്ഥാപനങ്ങൾ അടച്ച് സ്ഥലം വിട്ടിരുന്നു.
പരിശോധനയിൽ വിജിലൻസ് ഇൻസ്പെക്ട൪മാരായ റെജി എബ്രഹാം, വിദ്യാധരൻ, രാമചന്ദ്രൻ എന്നിവ൪ പങ്കെടുത്തു. റെയ്ഡ് വിവരം വിജിലൻസ് ഡയറക്ട൪ എ.ഡി.ജി.പി വേണുഗോപാൽ കെ. നായ൪ക്ക് കൈമാറുമെന്ന് സതേൺ റേഞ്ച് ഡിവൈ.എസ്.പി റെജി ജേക്കബ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
