ബോള്‍ട്ട് താരമെങ്കില്‍ ഈറ്റന്‍ താരങ്ങളില്‍ താരം
text_fieldsലണ്ടൻ: ലോകത്തിന്റെ മുക്കിലും മൂലയിലും പുറത്തിറങ്ങിയ പത്രങ്ങളിലും ദൃശ്യമാധ്യമങ്ങൾ സംപ്രേഷണം ചെയ്ത വാ൪ത്തകളിലും വെള്ളിയാഴ്ച ജമൈക്കൻ വേഗരാജാവ് ഉസൈൻ ബോൾട്ടായിരുന്നു താരം. ലണ്ടൻ ഒളിമ്പിക്സിലെ മികച്ച അത്ലറ്റായി മിക്കവരും വിശേഷിപ്പിക്കുന്നത് ഈ ഹ്രസ്വദൂര ഓട്ടക്കാരനെയാണ്. അവരാരും ആഷ്റ്റൺ ഈറ്റൻ എന്ന അമേരിക്കക്കാരന്റെ ഡെകാത്തലനിലെ പ്രകടനത്തിന് അ൪ഹിക്കുന്ന പ്രാധാന്യം നൽകിയില്ല. ഒരുവേള, ബോൾട്ടിനേക്കാൾ കേമനാണ് ഈ 24കാരനെന്ന് ആരെങ്കിലും പറഞ്ഞാൽ കുറ്റപ്പെടുത്താനുമാവില്ല.
10 ഇനങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ലഭിക്കുന്ന പോയന്റിലൂടെയാണ് ഡെകാത്തലൻ സ്വ൪ണജേതാവിനെ നിശ്ചയിക്കുക. 100 മീറ്റ൪ ഓട്ടം, 400 മീറ്റ൪ ഓട്ടം, ലോങ് ജമ്പ്, ഹൈജമ്പ്, ഷോട്ട് പുട്ട്, 110 മീറ്റ൪ ഹ൪ഡ്ൽസ്, ഡിസ്കസ് ത്രോ, പോൾ വാൾട്ട്, ജാവലിൻ ത്രോ, 1500 മീറ്റ൪ ഓട്ടം എന്നിവയാണവ. മത്സരത്തിൽ ഈറ്റൺ ആകെ നേടിയത് 8,869 പോയന്റാണ്. ലോങ് ജമ്പിലെ അദ്ദേഹത്തിന്റെ ദൂരം 23 അടി ഏഴ് ഇഞ്ചായിരുന്നു. 52.5 അടി ദൂരേക്ക് ഷോട്ട് പുട്ട് എടുത്തു. ഹൈജമ്പിൽ ചാടിയത് ആറ് അടി ഒമ്പത് ഇഞ്ച് ഉയരമായിരുന്നു. 15.05 സെക്കൻഡിൽ 110 മീറ്റ൪ ഹ൪ഡ്ൽസ് പൂ൪ത്തിയാക്കി. 160 അടി ദൂരെക്ക് ഡിസ്കസ് എറിഞ്ഞ ഈറ്റൻ പോൾ വാൾട്ടിൽ 15 അടി ഒമ്പത് ഇഞ്ച് ഉയരം കീഴടക്കി. 221 അടി ദൂരേക്കാണ് ജാവലിൻ എറിഞ്ഞത്. 1500 മീറ്റ൪ ഓടാൻ ഈ അത്ലറ്റിന് വേണ്ടിവന്നത് നാല് മിനിറ്റും 15 സെക്കൻഡും.
9.63 സെക്കൻഡിലാണ് ബോൾട്ട് ഇക്കുറി 100 മീറ്റ൪ ഓടിയെത്തിയതെങ്കിൽ ഈറ്റന് 10.35 സെക്കൻഡ് വേണ്ടിവന്നു. ഇങ്ങനെ 1,011 പോയന്റാണ് അമേരിക്കക്കാരന് കിട്ടിയത്. ബോൾട്ടിന്റെ സമയത്തിന് ലഭിക്കുക 1,177 പോയന്റായിരിക്കും. ഇത് ഒരു ഇനത്തിലെ മാത്രം കാര്യമാണ്. ജമ്പിങ്, ത്രോ അടക്കമുള്ള മറ്റു ഇനങ്ങളിൽ ഈറ്റനെ പോലെ മികവ് പുറത്തെടുക്കാൻ ബോൾട്ടിന് കഴിയുമോ എന്നതാണ് ചോദ്യം. 100 മീറ്റ൪ ഓടിയ ശേഷം 200 മീറ്ററിൽ പങ്കെടുക്കുന്നതിന് ജമൈക്കക്കാരന് 48 മണിക്കൂറോളം സമയം ലഭിച്ചു. എന്നാൽ ഓരോ ഇനത്തിനും ഇടക്ക് ഈറ്റന് കിട്ടിയത് വിരലിലെണ്ണാവുന്ന മണിക്കൂറുകൾ മാത്രം. അമേരിക്കയിൽ നിന്ന് തന്നെയുള്ള ട്രേ ഹാ൪ഡീ ഡെകാത്തലനിൽ വെള്ളിയും ക്യൂബയുടെ ലയണൽ സുവാരസ് വെങ്കലവും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
