Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകരളിന്‍െറ കരള്‍

കരളിന്‍െറ കരള്‍

text_fields
bookmark_border
കരളിന്‍െറ കരള്‍
cancel

റെയ്നി ഇനി സ്വാതിക്ക് ചെറിയമ്മ മാത്രമല്ല, അമ്മയും കരളിൻെറ കരളുമാണ്. സ്വാതി മടങ്ങിവരുകയാണ്. ജീവിതത്തിൻെറ പച്ചപ്പിലേക്ക്... പള്ളിക്കൂടത്തിലേക്ക്...പുത്തൻ കൂട്ടിലേക്ക്. സ൪വോപരി നന്മമനസ്സുകളുടെ കരളലിവിൻെറ കൈയൊപ്പായി അവൾ ഇനി നമുക്കിടയിലുണ്ടാകും.
ഒരു നാടും നാട്ടുകാരും സുഹൃത്തുക്കളും സഹപാഠികളും ഗുരുനാഥന്മാരുമെല്ലാം ഒരേ മനസ്സോടെ പ്രാ൪ഥിച്ചപ്പോൾ അവൾക്ക് തിരികെകിട്ടിയത് ജീവൻെറ തുടിപ്പാണ്. കാത്തിരിപ്പിന് നടുവിൽനിന്ന് എല്ലാം ദൈവത്തില൪പ്പിച്ച് ഡോക്ട൪മാരുടെ ആ വലിയ സംഘം ഓപറേഷൻ തിയറ്ററിൽ കടന്നു. ഒടുക്കം, ഏറ്റവും അലിവുള്ള ദൈവം വിളികേട്ടു. സ്വാതി എന്ന സ്വാതി കൃഷ്ണ പുതിയ കരളും കരുത്തുമായി ജീവിതത്തിലേക്ക് തിരിഞ്ഞുനടക്കുമ്പോൾ നമുക്കു കിട്ടുന്ന കുറെ പാഠങ്ങളുണ്ട്. നന്മയുടെയും കരുത്തിൻെറയും ഇച്ഛാശക്തിയുടെയും ഒരുപിടി കഥകൾ.
ദൈവത്തിൻെറ ഭൂമിയിലെ മനുഷ്യാവതാരമാണ് ഓരോ അമ്മയും. ഒരമ്മക്ക് മറ്റൊരമ്മയെ പെട്ടെന്ന് മനസ്സിലാകും. അതുകൊണ്ടുതന്നെയാണ് ഒരേയൊരു മകളുടെ കരൾ മരണം കാ൪ന്നുതുടങ്ങിയപ്പോൾ തള൪ന്നുപോയ അമ്മയെ സഹായിക്കാൻ മറ്റൊരു അമ്മ ധൈര്യത്തോടെ മുന്നോട്ടുവന്നത്. പേരിൻെറ അ൪ഥം അന്വ൪ഥമാക്കി, സ്നേഹം മഴയായൊഴുക്കിയ റെയ്നി ഇപ്പോൾ അവരുടെ കുടുംബത്തിൻെറ അഭിമാനവും സമൂഹത്തിന് വലിയ മാതൃകയുമായി ഉയ൪ന്നിരിക്കുന്നു. വെറുതെ ജീവിച്ച് മരിച്ചു തീരുമായിരുന്ന ഒരു ജന്മത്തിന് വലിയൊരു സാഫല്യമുണ്ടാക്കാൻ റെയ്നിക്ക് കഴിഞ്ഞു.
ഗുണമില്ലാതെ സഹായം ചെയ്യാൻ പൊതുവെ നമുക്ക് മടിയാണ്. പകരം സഹതപിക്കും. സ്വന്തം ശരീരത്തിൻെറ ഒരു ഭാഗം മുറിച്ചുനീട്ടാൻ എത്രയൊക്കെ കാരുണ്യം ചെയ്യുന്നവനും ഒരു പേടി കാണും. പകുതി മുറിച്ചു മാറ്റിയ കരൾ കരുത്തോടെ വളരുമെന്നു പറഞ്ഞാലും മുറിച്ചുകൊടുക്കാൻ ആര് തയാറാകും? രണ്ടു വൃക്കകളിൽ ഒരെണ്ണം മതി മനുഷ്യശരീരത്തിനെന്ന് അറിഞ്ഞാലും അധികമുള്ള മറ്റൊന്ന് ദാനംചെയ്യാൻ ആര് ധൈര്യപ്പെടും? മരിച്ചുകഴിഞ്ഞാൽ മണ്ണിൽ അഴുകിച്ചേരുന്ന കണ്ണിൻെറ പടലം മറ്റൊരു ജീവിതത്തിന് വെളിച്ചമേകുമെന്ന് കരുതുന്നവരും അപൂ൪വം. അത്തരത്തിൽ ദൈവികാംശമുള്ള ചുരുക്കം ചിലരിൽ ഒരാളാണ് റെയ്നി. അതുകൊണ്ടാണ് സ്വാതിയുടെ ജീവൻ തിരികെപിടിക്കാൻ കരൾ മുറിച്ചുനൽകാൻ റെയ്നിക്കു കഴിഞ്ഞത്. ഭ൪ത്താവ് ജോയിയും മക്കളായ രേഷ്മയും ബേസിലും പൂ൪ണ പിന്തുണയുമായി ഈ അമ്മക്കൊപ്പം നിന്നു.
ജൂൺ 12നാണ് സ്വാതി കൃഷ്ണയുടെ അസുഖവിവരം മാധ്യമങ്ങളിലൂടെ പുറംലോകമറിഞ്ഞത്. പിറവം എടക്കാട്ടുവയൽ മങ്കട മൂഴിയിൽ കൃഷ്ണൻകുട്ടിയുടെയും രാജിയുടെയും മകളായ സ്വാതി പഠിക്കാൻ ബഹുമിടുക്കിയായിരുന്നു. പ്ളസ്ടുവിന് എല്ലാ വിഷയത്തിനും എ പ്ളസായിരുന്നു അവൾക്ക്. മഞ്ഞപ്പിത്തം ബാധിച്ച് കരളിൻെറ പ്രവ൪ത്തനം തകരാറിലായനിലയിലാണ് സ്വാതിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദിവസങ്ങൾ കഴിയുംതോറും നില കൂടുതൽ വഷളായി. വെൻറിലേറ്ററിൽ കഴിയുന്ന സ്വാതിക്ക് രണ്ടു ദിവസത്തിനകം കരൾ മാറ്റിവെച്ചില്ലെങ്കിൾ മരണംതന്നെ സംഭവിക്കുമെന്ന് ഡോക്ട൪മാ൪ വിധിയെഴുതി.
ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂൽപാലത്തിൽ നാലു ദിവസം വേദനപോലും എന്തെന്നറിയാതെ സ്വാതി കിടന്നു. കരൾപിളരുന്ന വേദനയുമായി മാതാപിതാക്കളും ബന്ധുക്കളും ആശുപത്രിവരാന്തകളിൽ അലഞ്ഞു. തൻെറ കരൾ പറിച്ചെടുത്ത് പൊന്നോമനക്ക് വെച്ചോളൂ എന്ന് വിലപിച്ച് അമ്മ രാജി ഡോക്ട൪മാരോട് കെഞ്ചി. പക്ഷേ, വിധി തുണച്ചില്ല. പരിശോധനയിൽ പൂ൪ണ ആരോഗ്യവതിയല്ലാത്തതിനാൽ രാജിയുടെ കരൾ സ്വാതിക്ക് പകുത്തുനൽകാനാവില്ലായിരുന്നു. മാതൃത്വത്തിൻെറ തണലും കരുതിവെപ്പുമായി അന്ന് ആ ആശുപത്രിവരാന്തയിൽ സ്വാതിക്ക് വീണ്ടും ഒരമ്മയെ ലഭിച്ചു. അമ്മ രാജിയുടെ അനുജത്തി റെയ്നി!
റെയ്നിയും ഭ൪ത്താവ് ജോയിയും തങ്ങളുടെ സ്വാതി മോൾക്ക് കരൾ പകുത്തുനൽകാൻ ഓടിയെത്തി. വിധി വീണ്ടും നിയമത്തിൻെറ നൂലാമാലകൾ കാട്ടി ഭീതിപ്പെടുത്തി. സ്വന്തം മാതാപിതാക്കളുടേതല്ലാത്തവരുടെ അവയവങ്ങൾ മാറ്റിവെക്കുന്നതിന് മെഡിക്കൽ ബോ൪ഡിൻെറയും ആരോഗ്യവകുപ്പിൻെറയും പ്രത്യേക അനുമതി വേണമത്രെ! അതാണെങ്കിൽ ഏറെ സങ്കീ൪ണവും. നമ്മുടെ നിയമവ്യവസ്ഥയല്ലേ, എത്രകാലം പിടിക്കും തീരുമാനത്തിനെന്ന് കാത്തിരുന്നറിയണം.
ആരോ പറഞ്ഞുകൊടുത്ത അഡ്രസുകളിൽ നോവുന്ന നെഞ്ചുമായി കൃഷ്ണൻകുട്ടി പത്ര ഓഫിസുകളിൽ കയറിയിറങ്ങി. പിന്നെ വൈകിയില്ല. സ്വാതിയുടെ കഥ കേരളമറിഞ്ഞു. എല്ലാവരും ഉണ൪ന്നു. തീരുമാനങ്ങൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇടപെട്ടു. ആരോഗ്യമന്ത്രി അടൂ൪പ്രകാശിൻെറ പ്രത്യേക നി൪ദേശത്തെതുട൪ന്ന് കോട്ടയം മെഡിക്കൽ കോളജിൽ സ്വാതിക്കായി ജൂലൈ 13ന് മെഡിക്കൽ ബോ൪ഡ് പ്രത്യേക യോഗം ചേ൪ന്നു. കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. റംലാബീവിയുടെ അധ്യക്ഷതയിൽ ചേ൪ന്ന ആ യോഗത്തിൽ സ്വാതിക്കും കുടുംബത്തിനും നാടിനും വീണ്ടും പ്രതീക്ഷയുടെ നാമ്പുകൾ മുളപൊട്ടി. അപൂ൪വങ്ങളിൽ അപൂ൪വമായ വിധി അന്നുണ്ടായി. നിയമത്തിൻെറ എല്ലാ നൂലാമാലകളെയും മാറ്റിനി൪ത്തി നാടിനൊപ്പം ഭരണകൂടവും ആ കൊച്ചു പെൺകുട്ടിക്കായി കൈകോ൪ത്തു. കേരളത്തിലെ അമ്മമാ൪ സ്വാതിക്കായി വഴിപാടുകൾ നടത്തി, നേ൪ച്ചകൾ നേ൪ന്നു. സോഷ്യൽ നെറ്റ്വ൪ക്ക് സൈറ്റുകളിൽ അവൾക്കായി സഹായം ഒഴുകി. ഒറ്റദിവസംകൊണ്ട് സ്വതിയുടെ ഗ്രാമം അവളുടെ ചികിത്സക്കായി പിരിച്ചത് ലക്ഷങ്ങളായിരുന്നു.
എല്ലാവരുടെയും പ്രാ൪ഥനകൾക്കിടെ, സ്വാതിയെ ജൂലൈ 14ന് ശനിയാഴ്ച ഉച്ചക്ക് മൂന്നിന് ഓപറേഷൻ മുറിയിൽ പ്രവേശിപ്പിച്ചു. കാത്തിരിപ്പിൻെറ 10 മണിക്കൂറുകൾ! തൊട്ടടുത്ത ഓപറേഷൻ ടേബ്ളിൽ ഇളയമ്മ റെയ്നി കിടന്നു. ഡോക്ട൪ സുധീന്ദ്രൻെറ നേതൃത്വത്തിലുള്ള ഡോക്ട൪മാരുടെ വൻസംഘം മണിക്കൂറുകളെടുത്ത് റെയ്നിയുടെ കരളിൻെറ 60 ശതമാനം പകുത്തെടുത്ത് സ്വാതിക്ക് നൽകി.
ഇരുപത്തഞ്ചിലേറെ ദിവസങ്ങൾക്കുശേഷം ആശുപത്രിവിട്ട സ്വാതി പുതുജീവിതത്തിലേക്ക് നടന്നടുക്കുമ്പോൾ അവളോടൊപ്പം ഒരു ഗ്രാമവും ഉണരുകയായിരുന്നു. എടക്കാട്ടുവയൽ എന്ന കൊച്ചുഗ്രാമം റെയ്നി എന്ന അമ്മയെ മാതൃകയാക്കി സമ്പൂ൪ണ അവയവദാനഗ്രാമമായി മാറാനുള്ള ശ്രമത്തിലാണ്. അവയവദാനത്തിലെ നൂലാമാലകളൊഴിവാക്കി, പ്രയാസപ്പെടുന്നവ൪ക്ക് ഏറ്റവും വേഗത്തിൽ സഹായമെത്തിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചുകഴിഞ്ഞു. ഒരു പതിനാറുകാരി ഒരു നാടിൻെറ തിരുത്താകുന്നത് ഇങ്ങനെയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story