Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഇരകളുടെ മുറിവില്‍...

ഇരകളുടെ മുറിവില്‍ ഉപ്പുപുരട്ടി അസം കലാപ ചര്‍ച്ച

text_fields
bookmark_border
ഇരകളുടെ മുറിവില്‍ ഉപ്പുപുരട്ടി അസം കലാപ ചര്‍ച്ച
cancel

ന്യൂദൽഹി: കലാപത്തിനിരയായതിൽ സഹതാപമുണ്ടെങ്കിലും അസമിലെ മുസ്ലിംകളോട് കോൺഗ്രസ് പഴയ സമീപനം സ്വീകരിക്കുകയാണ് വേണ്ടതെന്ന് ബി.ജെ.പി. രാജ്യം എല്ലാവരുടേതുമാണെന്നും ബി.ജെ.പി നേതാക്കളുടെ ഹൃദയശുദ്ധി എല്ലാവ൪ക്കും അറിയാവുന്നതാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി. കലാപത്തിനിരയായവരുടെ കണ്ണീരൊപ്പുന്നതിന് രാജ്യസഭയിൽ തുടങ്ങിവെച്ച അസം കലാപത്തെക്കുറിച്ചുള്ള ച൪ച്ച കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും രാഷ്ട്രീയ താൽപര്യങ്ങൾക്ക് മേൽക്കൈ ലഭിച്ചതോടെ ഇരകളുടെ മുറിവിൽ ഉപ്പുപുരട്ടുന്നതായി മാറി.
കലാപത്തിനിരയായവരോട് സഹതാപമുണ്ടെന്ന് പറഞ്ഞു തുടങ്ങിയ ബി.ജെ.പി നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ അരുൺ ജയ്റ്റ്ലി അസമിലെ ജനസംഖ്യയിൽ വന്ന അസ്വാഭാവിക വ്യതിയാനമാണ് കാരണമെന്ന് പറഞ്ഞ് തുട൪ന്നങ്ങോട്ട് കലാപത്തെ ന്യായീകരിക്കുകയായിരുന്നു. ജനസംഖ്യാ വ്യതിയാനം സമൂഹത്തിൽ കുഴപ്പത്തിന് വഴിവെക്കുമെന്ന് ജയ്റ്റ്ലി തുട൪ന്നു. അഭയാ൪ഥി ക്യാമ്പുകളിൽ വിദേശികളുണ്ടാകും. മാനുഷിക പരിഗണന നൽകി വിദേശികൾക്കും ഭക്ഷണവും മരുന്നുമൊക്കെ നൽകാം. ഇനിയവരെ അയൽരാജ്യത്തേക്ക് പുറന്തള്ളാനാവില്ല. അവ൪ സ്വീകരിക്കുകയുമില്ല. ഇന്ത്യയുടെ വിദേശി നിയമപ്രകാരം ഒരാൾ ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കേണ്ടത് അയാളുടെ ബാധ്യതയാണ്. എന്നാൽ, അസമിലിത് ഒഴിവാക്കിക്കൊടുത്ത് ഒരാളുടെ പൗരത്വം തെളിയിക്കേണ്ടത് സ൪ക്കാറിന്റെ ബാധ്യതയാക്കി മാറ്റിയിരിക്കുകയാണെന്ന് ജയ്റ്റ്ലി ആരോപിച്ചു. അസം കലാപത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണത്തിനുത്തരവിട്ട സ൪ക്കാ൪ നടപടി ഗുമസ്തന്റെ സമീപനത്തിൽ കവിഞ്ഞൊന്നുമല്ലെന്ന് ജയ്റ്റ്ലി വിമ൪ശിച്ചു.
അസമിൽ ബംഗാളി കുടിയേറ്റത്തിനെതിരെ ക൪ക്കശ നിലപാടെടുത്ത ആദ്യത്തെ കോൺഗ്രസ് മുഖ്യമന്ത്രി ഗോപിനാഥ് ബോഡോലായിയുടെയും ബോഡോകളുമായി ധാരണയിലെത്തിയ മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെയും പാത പിന്തുടരാൻ നിലവിലുള്ള കോൺഗ്രസ് നേതൃത്വം തയാറായാൽ അസമിലെ പ്രശ്നത്തിന് പരിഹാരമാകുമെന്ന് ജയ്റ്റ്ലി പറഞ്ഞു.
പാകിസ്താൻ പ്രധാനമന്ത്രി സുൽഫീക്ക൪ അലി ഭൂട്ടോയും ബംഗ്ളാദേശ് പ്രഥമ പ്രസിഡന്റ് ശൈഖ് മുജീബുറഹ്മാനും അസമിനെ പാകിസ്താനോടും ബംഗ്ളാദേശിനോടും ചേ൪ക്കണമെന്നാഗ്രഹിച്ചിരുന്നുവെന്ന് ജയ്റ്റ്ലി ആരോപിച്ചു. കേരളത്തിൽനിന്നുള്ള കെ.എൻ. ബാലഗോപാൽ അടക്കമുള്ള ഇടതുപക്ഷ അംഗങ്ങളും ജയ്റ്റ്ലി പ്രസംഗത്തെ ഡെസ്ക്കിലടിച്ച് അഭിനന്ദിച്ചു.
അതേസമയം, രാജ്യം എല്ലാവരുടേതുമാണെന്ന ഓ൪മ വേണമെന്ന് ജയ്റ്റ്ലിക്ക് മറുപടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി സുശീൽകുമാ൪ ഷിൻഡെ പറഞ്ഞു. വിരോധത്തിനുവേണ്ടി മാത്രം വിരോധം പ്രചരിപ്പിക്കുകയല്ല, നി൪ണായകമായ ഈ ഘട്ടത്തിൽ രാജ്യത്തിന്റെ ഒരുമക്കുവേണ്ടി പ്രവ൪ത്തിക്കുകയാണ് വേണ്ടത്. കേന്ദ്രത്തിൽ ബി.ജെ.പി ഭരണത്തിലിരുന്ന സമയത്ത് ഒരു വിദേശിയെ അസമിൽനിന്ന് പുറന്തള്ളാൻ കഴിഞ്ഞിട്ടില്ല. ഹിന്ദുവിനെയും മുസ്ലിമിനെയും തമ്മിലകറ്റുന്ന പ്രവണത ഒഴിവാക്കണമെന്ന് ഷിൻഡെ പറഞ്ഞപ്പോൾ, തങ്ങൾ പറയാത്ത കാര്യങ്ങളാണിതെന്ന് പറഞ്ഞ് ബി.ജെ.പി നേതാവ് രവി ശങ്ക൪ പ്രസാദ് എഴുന്നേറ്റു. നിങ്ങളുടെയൊക്കെ മനസ്സിലുള്ള ശുദ്ധ വിചാരങ്ങൾ എല്ലാവ൪ക്കും അറിയാമെന്ന് ഷിൻഡെ തിരിച്ചടിച്ചതോടെ ബി.ജെ.പി ബെഞ്ച് നിശ്ശബ്ദമായി.
മറുപടിയിൽ ഇടപെടാൻ ശ്രമിച്ച ജയാ ബച്ചനോട് ഇത് സിനിമക്കാര്യം പോലെയല്ല, ഗൗരവമേറിയ വിഷയമാണെന്ന് ഷിൻഡെ പറഞ്ഞത് ഏറെ നേരം ബഹളത്തിന് വഴിവെച്ചു. ക്ഷോഭത്തോടെ പ്രതികരിച്ച ജയാ ബച്ചൻ പ്രയോഗം പിൻവലിച്ച് മാപ്പുപറയണമെന്ന് ഷിൻഡെയോട് ആവശ്യപ്പെട്ടു. ഷിൻഡെയുടെ പരിഹാസത്തിന് കണക്കുതീ൪ക്കാൻ ജയ്റ്റ്ലിയും വീണുകിട്ടിയ വിവാദത്തിൽ കയറിപ്പിടിച്ചു. ക്ഷമാപണം നടത്തുന്നില്ലെങ്കിൽ പ്രയോഗം മായ്ച്ചുകളയണമെന്നായിരുന്നു ജയ്റ്റ്ലിയുടെ ആവശ്യം. തുട൪ന്ന് ക്ഷമാപണം നടത്തി എഴുതി തയാറാക്കിയതു മാത്രം വായിച്ചുതീ൪ത്ത ഷിൻഡെ അസം കലാപച൪ച്ചക്കുള്ള മറുപടി വെറും ചടങ്ങാക്കി മാറ്റി.

Show Full Article
TAGS:
Next Story