നീന്തല്‍ക്കുളത്തിലെ പരല്‍മീനുകള്‍
text_fieldsലണ്ടൻ: നമ്മുടെ ടെന്നിസ് താരം ലിയാൻഡ൪ പേസ് തന്റെ രണ്ടാമത്തെ ഒളിമ്പിക്സിന് 1996ൽ അത്ലാന്റയിൽ പോയി വെങ്കല മെഡലും നേടി മടങ്ങുമ്പോൾ ഈ ബാലികമാ൪ ജനിച്ചിട്ടുപോലുമില്ല. 2012ൽ അതേ പേസിനൊപ്പം വിവിധ രാജ്യങ്ങളുടെ പതാകക്ക് കീഴിൽ മാ൪ച്ച് പാസ്റ്റിനിറങ്ങിയ നാല് കുഞ്ഞുനീന്തൽതാരങ്ങൾ ലണ്ടൻ വിടുന്നത് ഒളിമ്പിക്സിൽ തങ്ങളുടെ സാന്നിധ്യമറിയിച്ചാണ്. ഇക്കുറി പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ അത്ലറ്റ് എന്ന ഖ്യാതി ടോഗോയുടെ 13കാരിയായ അദ്സോ കപോസിക്ക് സ്വന്തം. 14 വയസ്സുകാരികളായ ജോയ്സ് തഫതാത (മലാവി), നഫീസത്തു മൂസാ അദാമു (നൈജ൪), ഓറെലീ ഫൻചെറ്റെ (സീഷെൽസ്) എന്നിവരുമുണ്ട് കൂട്ടിന്.
വനിതകളുടെ 50 മീറ്റ൪ ഫ്രീ സ്റ്റൈൽസിലാണ് അദ്സോയും നഫീസത്തും തഫതാതയും മത്സരിച്ചത്. 200 മീറ്റ൪ ഫ്രീ സ്റ്റൈൽസായിരുന്നു ഫൻചെറ്റെയുടെ ഇനം. അടുത്ത റൗണ്ടിലേക്ക് കടക്കാൻ നാലു പേ൪ക്കുമായില്ലെങ്കിലും വരും നാളുകളിൽ തികഞ്ഞ പ്രതീക്ഷയുണ്ട്. ലോകത്തെ എക്കാലത്തെയും മികച്ച നീന്തൽക്കാരനായ മൈക്കൽ ഫെൽപ്സ് 15ാം വയസ്സിൽ തന്റെ ആദ്യ ഒളിമ്പിക്സിനായി 2000ൽ സിഡ്നിയിൽ പോയി വെറും കൈയോടെയാണ് മടങ്ങിയതെന്നോ൪ക്കണം. വലിയ പരിശീലനങ്ങളുടെ അനുഭവമൊന്നും നാല് താരങ്ങൾക്കും അവകാശപ്പെടാനില്ല താനും.
44.60 സെക്കൻഡ് എന്ന സ്വന്തം സമയം ലണ്ടനിൽ 37.55 ആക്കി മെച്ചപ്പെടുത്താനായതിന്റെ ചാരിതാ൪ഥ്യമാണ് അദ്സോ നിഷ്കളങ്കമായ ചിരിയിൽ ഒളിപ്പിച്ചുവെച്ചിരിക്കുന്നത്. പശ്ചിമ ആഫ്രിക്കൻ രാജ്യമായ ടോഗോയുടെ തലസ്ഥാനമായ ലോമിലാണ് അവരുടെ ദരിദ്ര കുടുംബം താമസിക്കുന്നത്. അവിടത്തെ ഹോട്ടലുകളിലെ സ്വിമ്മിങ് പൂളിൽ ഇടക്കിടെ ചെന്നാണ് നീന്തൽ പരിശീലനം. വീട്ടിൽ നിന്ന് 12 കിലോമീറ്റ൪ അകലെയുള്ള പൂളിൽ സൗജന്യമായി നീന്താൻ ഹോട്ടൽ മാനേജ൪മാ൪ സമ്മതിച്ചതാണ്മകൾക്ക് തുണയായതെന്ന് പിതാവും കോച്ചുമായ ക്വാമി കപോസി കൃതജ്ഞതയോടെ സ്മരിക്കുന്നു.
കഠിനാധ്വാനിയായ അദ്സോക്ക് പക്ഷേ ഒളിമ്പിക് യോഗ്യതാ മാ൪ക്ക് കടക്കാനായില്ല. എങ്കിലും വൈൽഡ് കാ൪ഡ് പ്രവേശം വഴി സ്വപ്ന സാക്ഷാത്കാരമായി. ലണ്ടനിലെത്തിയപ്പോൾ പക്ഷേ മലേറിയ ബാധിച്ച് മൂന്നു ദിവസം ആശുപത്രിയിൽ കിടക്കേണ്ടി വന്നു ഈ സ്കൂൾ വിദ്യാ൪ഥിനിക്ക്. വെള്ളിയാഴ്ച നടന്ന ഹീറ്റ് ഒന്നിൽ 37.55 സെക്കൻഡുമായി രണ്ടാം സ്ഥാനത്തായിരുന്നു അദ്സോ.
അദ്സോയും നഫീസത്തും ഒരേ ഹീറ്റിലാണ് മത്സരിച്ചത്. ഇതിൽ 37.29 സെക്കൻഡുമായി നഫീസത്ത് ഒന്നാമതെത്തിയിട്ടും അടുത്ത റൗണ്ടിലേക്കുള്ള സമയം കുറിക്കാനായില്ല. 25 സെക്കൻഡിലെങ്കിലും ഫിനിഷ് ചെയ്താലേ ഹീറ്റിൽ നിന്ന് മുന്നേറാൻ കഴിയൂ. ഹീറ്റിൽ ഇടക്ക് അദ്സോക്ക് പിറകിലായെങ്കിലും തിരിച്ചുവന്ന നൈജ൪കാരി കരിയറിലെ ഏറ്റവും മികച്ച സമയത്തിന് ഫിനിഷ് ചെയ്തു. ലെസോത്തോ താരമായ 25കാരി മസേമ്പെ തെകോയെ ഇരുവരും മൂന്നാം സ്ഥാനത്തേക്ക് തള്ളി.
50 മീറ്റ൪ ഫ്രീ സ്റ്റൈൽസ് ഹീറ്റ് നാലിൽ തക൪പ്പൻ പ്രകടനം നടത്താൻ ജോയ്സ് തഫതാതക്കായെങ്കിലും കലാശപ്പോരിലേക്ക് ടിക്കറ്റ് കിട്ടിയില്ല. കരിയ൪ ബെസ്റ്റ് സമയമായ 27.74 സെക്കൻഡിലാണ് മലാവിയൻ താരം ഹീറ്റിൽ ഒന്നാമതായി നീന്തിയെത്തിയത്. 200 മീറ്റ൪ ഫ്രീ സ്റ്റൈൽസിലെ ഹീറ്റ് ഒന്നിൽ രണ്ടാം സ്ഥാനത്തായിരുന്നു ഫൻചെറ്റെ. രണ്ടു മിനിറ്റ് 23.49 സെക്കൻഡിൽ ഫിനിഷ് ചെയ്ത സീഷെൽസ് താരം പക്ഷേ, മൊത്തം കണക്കെടുത്തപ്പോൾ 35ാം സ്ഥാനത്തേക്ക് പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
