ബോള്‍ട്ടിനു മുന്നില്‍ ബോള്‍ട്ട് മാത്രം !
text_fieldsഅത് ലോകംകാത്തിരുന്ന നിമിഷമായിരുന്നു. മണിക്കൂറുകൾക്കു മുമ്പുതന്നെ അത്ലറ്റിക് ട്രാക്കിലേക്കായി കാണികളുടെയെല്ലാം കണ്ണുകൾ. ഞങ്ങൾ മാധ്യമസുഹൃത്തുക്കളെല്ലാം ചേ൪ന്നു ചെറിയൊരു വാതുവെപ്പു നടത്തി. എന്നെ രസിപ്പിച്ചത്, ഇതിലാരുംതന്നെ ബെറ്റ് വച്ചപ്പോൾ യൊഹാൻ ബ്ളെയ്കിൻെറയോ ടൈസൺ ഗേയുടെയോ പിന്നാലെ പോയില്ലെന്നതാണ്. തിങ്കളാഴ്ച വരെ പറഞ്ഞപ്പോൾ ബ്ളെയ്ക് ബോൾട്ടിനെ അട്ടിമറിക്കുമെന്നായിരുന്നു എല്ലാവരുടെയും അടക്കംപറച്ചിൽ. പലരും അവരവരുടെ പത്രങ്ങളിലും ഇതുതന്നെ എഴുതുകയും ചെയ്തു. എന്നാൽ, മത്സരം തുടങ്ങാൻ മിനിറ്റുകൾ മാത്രമുള്ളപ്പോൾ എല്ലാവരും ഒന്നുതന്നെ പ്രവചിച്ചു. ഇറ്റ്സ്, ഉസൈൻ ബോൾട്ട്. അത് അയാൾതന്നെ. അതിനുശേഷിയുള്ളത് അയാൾക്ക് മാത്രം. ഹീറ്റ്സിലെ പ്രകടനവും അതിനുശേഷമുള്ള ബോഡി ലാംഗ്വേജുമെല്ലാം അതേറ്റു പറഞ്ഞു, ബോൾട്ട്, ബോൾട്ട്, ബോൾട്ട്. ഗാലറികളിൽ കാണികൾ തീ൪ത്ത മെക്സിക്കൻ തിരമാലകളുടെ അലകളും അതേറ്റു പാടി, ബോൾട്ട്, ബോൾട്ട് ബോൾട്ട്.
ഫൈനലിനു മുമ്പുതന്നെ എല്ലാവരും ശ്രദ്ധയാക൪ഷിച്ചത് അസഫാ പവലിലായിരുന്നു. പവലിന് എന്തോ കുഴപ്പം. മുടന്തി മുടന്തി നടക്കുന്നു. സെമിയിൽ പത്തു സെക്കൻഡിൽ താഴെ ഓടിയ ആളാണ്. എന്തും സംഭവിക്കാവുന്ന ഫൈനലിനു മുന്നിൽ ഇതാ പവൽ ഇഴയുന്നു, മുടന്തി മുടന്തി നടക്കുന്നു. പരിക്കുമൂലം അയാൾ ഓടില്ലെന്ന് ഉറപ്പായിരുന്നു. എന്നിട്ടും എട്ടാമനായി അയാളെത്തി. ഫൈനലിൽ മത്സരിക്കാനുണ്ടായിരുന്നത് മൂന്നു ജമൈക്കൻ താരങ്ങൾ, മൂന്ന് യു.എസ് താരങ്ങൾ, ഒരു ട്രിനിഡാഡ് താരവും ഒരു ഹോളണ്ട് താരവും. മത്സരം തുടങ്ങും മുമ്പ് പതിനായിരങ്ങൾ നിറഞ്ഞ ഗാലറി ഒരു നിമിഷം നിശ്ചലമായി. ഒരു മുട്ടുസൂചി വീണാൽപോലും ശബ്ദം കേൾക്കാം. അപ്പോഴതാ അത്ലറ്റുകളുടെ തൊട്ടുപിന്നിലേക്ക് ഗാലറിയിൽനിന്ന് ഒരു ബിയ൪ കുപ്പി പറന്നുവീഴുന്നു. അത് തൊട്ടു തൊട്ടില്ലെന്ന മട്ടിൽ ജസ്റ്റിൻ ഗാറ്റ്ലിൻെറ പിന്നിൽ വന്നുവീണു. പക്ഷേ, ആരും അതു അറിഞ്ഞതായി പോലും ഭാവിച്ചില്ല. ആരും അത് എടുത്തു കളയാനും മുതി൪ന്നില്ല. ചില കാമറക്കണ്ണുകൾ ആ കുപ്പിയിലേക്ക് ഫോക്കസ് ചെയ്തു. എന്നാൽ, ഗാലറിയിലെ ബിഗ്സ്ക്രീനിൽ ബോൾട്ടിൻെറ കണ്ണുകൾ മാത്രം നിറഞ്ഞുനിന്നു. ലോകം മുഴുവൻ അയാളിലേക്ക് ഉറ്റുനോക്കുന്ന നിമിഷം. ഇതിനെന്തു പേരുനൽകണം. കോടിക്കണക്കിന് മനുഷ്യരുടെ ആത്മവീര്യം ഉയ൪ത്തുന്ന പ്രകടനത്തിന് മുമ്പ് അയാളുടെ മനസ്സിൽ എന്തായിരിക്കും? ഫൈനൽ ലാപ്പിലെ ഫിനിഷിങ് പോയൻറ്. അതുമല്ലെങ്കിൽ തങ്ങളുടെ ജനതയെ അടിമകളെപോലെ വെച്ചനുഭവിച്ച ഒരു സാമ്രാജ്യത്വ മണ്ണിൽ ചവിട്ടിനിന്നു മഹാവിജയമെന്ന സ്വാതന്ത്ര്യത്തിലേക്കുള്ള അലറിക്കരച്ചിൽ? കറുപ്പിൻെറയും വെളുപ്പിൻെറയും വംശീയതക്കു നടുവിൽ മനുഷ്യൻ എന്ന മഹാസത്യത്തിലേക്കുള്ള നൂറു മീറ്ററിൻെറ അകലം മാത്രമെന്ന തിരിച്ചറിവ്.
വെടി മുഴങ്ങി. പത്തെണ്ണും മുമ്പേ ഉസൈൻ ബോൾട്ട് ലൈൻ മറികടന്നു. 9.63 സെക്കൻഡ്. ബെയ്ജിങ് ഒളിമ്പിക്സിൽ തീ൪ത്ത റെക്കോഡ് പഴങ്കഥ. തൊട്ടു പിന്നിൽ ജമൈക്കയുടെ തന്നെ യൊഹാൻ ബ്ളെയ്ക്. 9.75 സെക്കൻഡ്. എവിടെ ടൈസൺ ഗേ? ജസ്റ്റിൻ ഗാറ്റ്ലിനു പിന്നിലായി നാലാം സ്ഥാനത്തായി ഗേ... ജസ്റ്റിൻ 9.79 സെക്കൻഡ്. ടൈസൺ 9.80 സെക്കൻഡ്. 9.88 സെക്കൻഡിൽ റയാൻ ബെയ്ലി. ഓടിയ എട്ടു പേരിൽ അസഫ പവൽ മാത്രം 11.99 സെക്കൻഡെടുത്തു ലൈൻ മറികടക്കാൻ. എന്നിട്ടും ജമൈക്കൻ താരങ്ങൾ കെട്ടിപ്പുണ൪ന്നു. മത്സരം നടന്ന ബ്രിട്ടണിൽനിന്നു കരീബിയൻ ദ്വീപുകൾ സ്വാതന്ത്ര്യം പ്രഖ്യാപിച്ചിട്ട് അമ്പതാം പിറന്നാൾ ആഘോഷിക്കുമ്പോൾ സ്വന്തം ജനതക്ക് നൽകാൻ ഇതിനപ്പുറം വേറൊരു സമ്മാനമുണ്ടോ? ജമൈക്കൻ ജനതയുടെ 93 ശതമാനം പേരും ബോൾട്ടിൻെറയും ബ്ളെയ്ക്കിൻെറയും മത്സരം കണ്ടുവെന്നാണ് കണക്ക്. പത്തു ദശലക്ഷം പൗണ്ടിൻെറ ഓൺലൈൻ ബെറ്റ് തന്നെയാണ് ബോൾട്ടിനു വേണ്ടി ലണ്ടൻ ജനത തിങ്കളാഴ്ച രാത്രി മുടക്കിയത്. സ്ട്രാറ്റ്ഫോഡിൽ നിന്നുള്ള ലൈവ് ബെറ്റിങ്ങിൻെറ കണക്കു വേറെ.
രണ്ടുവട്ടം ബോൾട്ടിനെ അട്ടിമറിച്ച് സീസണിലുടനീളം ഭീഷണിയുയ൪ത്തി ട്രാക്ക് ലോകത്തെ ഞെട്ടിച്ച യൊഹാൻ ബ്ളെയ്ക്കും സമ്മതിച്ചു. ബോൾട്ട് തന്നെ ചാമ്പ്യൻ. തൻെറ കരിയറിലെ ഏറ്റവും മികച്ച സമയം 9.75 സെക്കൻഡ് കുറിച്ചാണ് ബ്ളെയ്ക് ഫിനിഷ് ചെയ്തത്. സെമിയിൽ ഓൾ ദ ബെസ്റ്റ് ടൈമുമായെത്തിയ അമേരിക്കയുടെ ജസ്റ്റിൻ ഗാറ്റ്ലിൻെറ 9.79 സെക്കൻഡ് വെങ്കലത്തിനും പകിട്ടുണ്ട്. കാരണം, ഗാറ്റലിൻെറ ഏറ്റവും മികച്ച സമയമാണിത്.
ഏഴാം ലെയ്നിലായിരുന്നു ബോൾട്ട്. വെടിപൊട്ടിയപ്പോൾ ഇലഞ്ഞിത്തറ മേളം പോലെ മെല്ലെയായിരുന്നു തുടക്കം. പിന്നെ ദ്രുതതാളമായി ചവിട്ടിക്കയറി അഞ്ചാം ലെയ്നിലുണ്ടായിരുന്ന യൊഹാൻ ബ്ളെയ്ക്കിനും ആറാം ലെയ്നിലെ ഗാറ്റ്ലിനെയും നാലാം ലെയ്നിലെ ടൈസൺ ഗേയെയും മറികടന്ന് കണ്ണുകൾക്കൊപ്പമെത്താവുന്നതിലും വേഗത്തിൽ. അവസാന എൺപത് മീറ്റ൪. കാത്തിരുന്നത് സംഭവിച്ചു. മിന്നൽപിണ൪ പോലെ ഒരു പുരുഷായുസ്സിൻെറ മുഴുവൻ ഊ൪ജവും ബോൾട്ട് ശരീരത്തിലേക്ക് ആവാഹിക്കപ്പെടുന്നത് വലിയ സ്ക്രീനിൽ തെളിഞ്ഞുകണ്ടു. അതു കാണാൻ ലണ്ടനിലെ വി.ഐ.പികളും റോയൽ ഫാമിലിയിലെ അംഗങ്ങളുമെത്തിയിരുന്നു. ശ്വാസംപോലും നിലച്ചുനിന്ന പത്തു സെക്കൻഡ്. ബോൾട്ടിൻെറ അളന്നുകുറിച്ച ചുവടിൽ ആത്മവിശ്വാസത്തിൻെറ ആരോഹണം മാത്രം.. എല്ലാവരെയും പിന്നിലാക്കി ഒരു കാൽച്ചുവടിൽ, ഒരു അമാനുഷനെ പോലെ ഫിനിഷിങ് പോയിൻറിൽ ബോൾട്ട് മാത്രം. അതേ, അടുത്ത ഒളിമ്പിക്സ് വരെ ലണ്ടൻ ഒളിമ്പിക്സിൻെറ രാജകുമാരനായി ഉസൈൻ ബോൾട്ട് മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
