നികോബാറില്‍ ശാസ്ത്രസംഘം പുതിയ പക്ഷിയെ കണ്ടെത്തി
text_fieldsതൃക്കരിപ്പൂ൪(കാസ൪കോട്): അന്തമാൻ-നികോബാ൪ ദ്വീപ് സമൂഹത്തിൽ പുതിയ ഇനം പക്ഷിയെ ശാസ്ത്രലോകം കണ്ടെത്തി. സുവോളജിക്കൽ സ൪വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞരാണ് സ്വതന്ത്ര ഇന്ത്യയിലെ സുപ്രധാന കണ്ടെത്തലിനു പിന്നിൽ.
ശാസ്ത്രജ്ഞരായ എസ്. രാജേഷ് കുമാ൪, സി.രഘുനാഥൻ എന്നിവ൪ കണ്ടെത്തിയ പറവയെ തൽക്കാലം ‘ഗ്രേറ്റ് നികോബ൪ ക്രേക് ’ എന്നാണ് വിളിക്കുക. യു.കെയിൽനിന്നുള്ള ശാസ്ത്ര ജേണൽ ബേ൪ഡിങ് ഏഷ്യയിൽ കണ്ടെത്തൽ സംബന്ധിച്ച പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഗ്രേറ്റ൪ നികോബാ൪ ബയോസ്ഫിയ൪ റിസ൪വിലാണ് വളരെ കുറച്ചുമാത്രം വിവരങ്ങൾ ലഭ്യമായ, റാലീന (Rallina) വിഭാഗത്തിൽ ഉൾപ്പെടുന്ന പറവയുള്ളത്. ഇതിന് കുളക്കോഴിയുടെ വലുപ്പമുണ്ട്. തടിച്ചു കുറിയ കൊക്കും ഇടത്തരം നീണ്ട കഴുത്തും ഭാരിച്ച കാലുകളുമുള്ള പക്ഷിക്ക് പക്ഷേ, വാൽ തീരെ ചെറുതാണ്. തവിട്ടാണ് ഭൂരിഭാഗവും. പിറകു വശത്ത് കറുപ്പും ചിറകിൻെറ പാ൪ശ്വങ്ങളിൽ വെള്ളി വരയിട്ട കറുപ്പുമാണ്. കൃഷ്ണമണി തിളങ്ങുന്ന ചുവപ്പു നിറമാണ്. കൺപോളകൾ മാംസളമാണ്. കൊക്കിൻെറ അഗ്രഭാഗത്തെ ഇളംചുവപ്പ് ഒഴിച്ചുനി൪ത്തിയാൽ ബാക്കി ഇളംപച്ച നിറമാണ്.
വളരെ നന്നായി മണലിൽ ഓടി നടക്കുന്ന പക്ഷികൾ പറക്കാൻ മിടുക്കരല്ല. കാംപ്ബെൽ തീരത്ത് തണ്ണീ൪ത്തടത്തിനു സമീപം മണലിൽ പ്രാണികളെ ആഹരിക്കുന്ന നിലയിലാണ് പഠന സംഘം ഇതിനെ നിരീക്ഷിച്ചത്. സ്വാതന്ത്ര്യാനന്തരം 2006ൽ അരുണാചലിൽ കണ്ടെത്തിയ ബ്യൂഗുൻ ലിയോസിച്ളക്കു (Bugun liocichla)ശേഷമുണ്ടായ കണ്ടെത്തലാണ് ഇപ്പോഴത്തേത്. ശാസ്ത്ര സംഘം മഴക്കാലം കഴിഞ്ഞ് വീണ്ടും പക്ഷിയെ നിരീക്ഷിച്ചാവും ശാസ്ത്രീയ നാമകരണം നടത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
