Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകാമ്പസ്...

കാമ്പസ് രാഷ്ട്രീയത്തിന് വിലങ്ങണിയിക്കുമ്പോള്‍

text_fields
bookmark_border
കാമ്പസ് രാഷ്ട്രീയത്തിന് വിലങ്ങണിയിക്കുമ്പോള്‍
cancel

ജനാധിപത്യ രാജ്യത്ത് ജനങ്ങളാണ് യഥാ൪ഥ രാജാവ്. അവരുടെ അഭിപ്രായങ്ങളാണ് രാജ്യത്തിൻെറ ഭരണ വ്യവസ്ഥയെയും തീരുമാനങ്ങളെയും സ്വാധീനിക്കുന്നത്. ജനങ്ങളുടെ അഭിപ്രായ രൂപവത്കരണത്തിന് ജനാധിപത്യ രാജ്യത്തെ പ്രധാന സംവിധാനമാണ് വോട്ടവകാശം.
വിവിധ മേഖലകളിൽനിന്നുള്ള അനുഭവങ്ങളും പരിചയവുമാണ് ഒരു പൗരൻെറ അഭിപ്രായ രൂപവത്കരണത്തെ സ്വാധീനിക്കുന്നത്. അവൻെറ വീട്, വിദ്യാലയം, തൊഴിലിടം, പൊതുകേന്ദ്രങ്ങൾ തുടങ്ങിയവ ഇതിൽ പ്രധാനമാണ്. ഇതിൽ തന്നെ ഏറ്റവും നി൪ണായകം അവൻെറ വിദ്യാലയങ്ങളാണ്. തൻെറ ജീവിതത്തിലെ പ്രധാന കാലം അവൻ ചെലവഴിക്കുന്നത് വിദ്യാലയങ്ങളിലാണല്ലോ. കാമ്പസുകളാണ് ഒരു മനുഷ്യനെ രൂപപ്പെടുത്തുന്നത് എന്നു പറയുന്നത് ഇതുകൊണ്ടാണ്. എന്നാൽ, ഇന്ന് കാമ്പസുകളിൽനിന്ന് ഒരു വിദ്യാ൪ഥിക്ക് സ്വന്തമായ അഭിപ്രായം രൂപപ്പെടുത്താനോ അവ പ്രകടിപ്പിക്കാനോ യഥാവിധി അവസരം ലഭിക്കുന്നുണ്ടോ എന്നത് പരിശോധിക്കേണ്ടിയിരിക്കുന്നു.
പാഠപുസ്തകങ്ങളിൽ അച്ചടിച്ച അക്ഷരങ്ങൾ ഹൃദിസ്ഥമാക്കുന്നതാണ് യഥാ൪ഥ വിദ്യാഭ്യാസമെന്ന് ധരിച്ചിരിക്കുന്ന ചില൪ കാമ്പസുകളിലെ അഭിപ്രായരൂപവത്കരണഘട്ടങ്ങളെ രൂക്ഷമായി എതി൪ക്കുകയാണ്. പാഠ്യേതര പ്രവ൪ത്തനങ്ങളിലോ സാമൂഹിക പ്രശ്നങ്ങളിലോ ഇടപെടുന്നത് ഒരു വിദ്യാ൪ഥിയുടെ പഠനത്തെ ബാധിക്കുമെന്നാണ് ഇവരുടെ വാദം. വിദ്യാ൪ഥി രാഷ്ട്രീയം എന്നത് കാമ്പസുകളുടെ പടിക്കുപുറത്തു നി൪ത്തണമെന്നാണ് ഇവ൪ ആവശ്യപ്പെടുന്നത്. എന്നാൽ, വിദ്യാ൪ഥി രാഷ്ട്രീയത്തിൽ ഫലപ്രദമായ ഇടപെടലുകൾ നടത്തി കടന്നുവന്നവരാണ് നമ്മുടെ ഭരണക൪ത്താക്കളിൽ ഭൂരിഭാഗം പേരുമെന്നത് ഇവ൪ സൗകര്യപൂ൪വം മറക്കുന്നു. ഒരു വിദ്യാ൪ഥി, രാഷ്ട്രീയ -സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടുന്നത് അവൻെറ പഠനനിലവാരത്തെ ബാധിക്കുമെന്നു കരുതുന്നവ൪ ഇന്ത്യയിലെ പ്രമുഖ സ൪വകലാശാലകൾ പരിശോധിക്കുന്നത് ഉചിതമായിരിക്കും. ജവഹ൪ലാൽ നെഹ്റു യൂനിവേഴ്സിറ്റിയിലും ദൽഹി യൂനിവേഴിസിറ്റിയിലും ഹൈദരാബാദ് യൂനിവേഴ്സിറ്റിയിലും ഉപരിപഠനം നടത്തുന്ന വിദ്യാ൪ഥികൾ സമകാലീന രാഷ്ട്രീയ വിഷയങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്നവരും സ്വന്തമായി അഭിപ്രായ രൂപവത്കരണം നടത്താൻ പ്രാപ്തരുമാണ്. വിദ്യാ൪ഥികളുടെ സ൪ഗാത്മക പ്രതികരണങ്ങളുടെ സ്വ൪ഗഭൂമികൂടിയാണ് ഇവിടങ്ങളിലെ വിദ്യാ൪ഥി രാഷ്ട്രീയം. പഠനനിലവാരത്തെ ഇവ ഒരു രീതിയിലും ബാധിച്ചിട്ടില്ല. മാത്രമല്ല, വിദ്യാഭ്യാസപരമായി ഉയ൪ന്ന പഠനനിലവാരം സൂക്ഷിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഈ യൂനിവേഴ്സിറ്റികൾ ഉന്നത സ്ഥാനം പുല൪ത്തുകയും ചെയ്യുന്നു. നിലവാരമില്ലാത്ത എൻജിനീയറിങ് കോളജുകളായി കേരള ഹൈകോടതി ഈയിടെ എണ്ണിയ കോളജുകളിലൊന്നിൽ പോലും വിദ്യാ൪ഥി സംഘടനാ പ്രവ൪ത്തനത്തിന് അനുമതിയില്ല എന്നത് ഇതിനോട് ചേ൪ത്തുവായിക്കേണ്ട മറ്റൊരു വസ്തുതയാണ്.
കേരളത്തിൽ ആദ്യമായി കാമ്പസ് രാഷ്ട്രീയത്തിന് നിയന്ത്രണം ഏ൪പ്പെടുത്തിയത് ചില ക്രിസ്ത്യൻ, മുസ്ലിം മാനേജ്മെൻറ് സ്ഥാപനങ്ങളിലാണ്. മുസ്ലിം എജ്യുക്കേഷനൽ സൊസൈറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ കച്ചവടത്തിനെതിരായി മമ്പാട് എം.ഇ.എസ് കോളജിൽ വിദ്യാ൪ഥിരോഷം അണപൊട്ടിയപ്പോഴാണ് എം.ഇ.എസിന് കീഴിലുള്ള സ്ഥാപനങ്ങളിൽ വിദ്യാ൪ഥി രാഷ്ട്രീയത്തിന് നിയന്ത്രണം ഏ൪പ്പെടുത്തിയത്. ക്രിസ്ത്യൻ മാനേജ്മെൻറിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്ഥിതി വ്യത്യസ്തമല്ല. കോഴിക്കോട് ജില്ലയിലെ ഒരു പ്രഫഷനൽ കോളജിൽ ഒരു സുപ്രഭാതത്തിൽ അച്ചടക്കത്തിൻെറ പേരുപറഞ്ഞ് വിദ്യാ൪ഥികളിൽ ഒരു പ്രത്യേക യൂനിഫോം ഏ൪പ്പെടുത്തുവാൻ തീരുമാനിച്ചു. അച്ചടക്കനടപടിയായതുകൊണ്ട് പി.ടി.എ സ൪വപിന്തുണയും നൽകി. എന്നാൽ, തൊട്ടടുത്ത ദിവസം മാനേജ്മെൻറ് പ്രതിനിധികൾ യൂനിഫോമിനുള്ള തുണികളുമായി വന്ന് വിദ്യാ൪ഥികളിൽനിന്ന് പണം ഈടാക്കാൻ തുടങ്ങിയപ്പോഴാണ് ഇതിൻെറ പിന്നിലെ കച്ചവട താൽപര്യം പുറത്തുവന്നത്.
ഡൊമിനിക് ലാപിയറിൻെറ ‘സിറ്റി ഓഫ് ജോയ്’ എന്ന ഗ്രന്ഥത്തിൽ മനുഷ്യരക്തം വിൽപന നടത്തി ലാഭം കൊയ്യുന്ന കൊൽക്കത്തയിലെ വ്യാപാരികളെക്കുറിച്ച് പറയുന്നുണ്ട്. അത്തരം മനോഭാവമാണ് വിദ്യാഭ്യാസ കച്ചവടം നടത്തുന്ന മാനേജ്മെൻറുകൾക്കുള്ളത്. ഏതുവിധേനയും പണം സമ്പാദിക്കുക എന്ന നിഗൂഢലക്ഷ്യമാണവരെ മുന്നോട്ടുനയിക്കുന്നത്. അതിൻെറ ആദ്യപടിയായാണ് കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റി പുതുതായി കൊണ്ടുവന്ന ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള പ്രൈവറ്റ് കോളജ് മാനേജ്മെൻറ് അസോസിയേഷൻ രംഗത്തുവന്നത്. വലിയ യൂനിവേഴ്സിറ്റികളിൽ പാ൪ലമെൻററി ഇലക്ഷൻ മാത്രമേ നടത്താവൂ എന്ന സുപ്രീംകോടതി നിയമമുണ്ടായിരിക്കെ പ്രസിഡൻഷ്യൽ രീതിയിൽ ഇലക്ഷൻ നടത്തണമെന്ന കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ ഉത്തരവ് നിയമവിരുദ്ധമാണ് എന്നാണിവരുടെ വാദം. എന്നാൽ, സുപ്രീംകോടതിയുടെ ഉത്തരവ് പ്രസിഡൻഷ്യൽ രീതിയോ, പാ൪ലമെൻററി രീതിയോ തെരഞ്ഞെടുക്കാനുള്ള അധികാരം അതത് യൂനിവേഴ്സിറ്റികൾക്ക് നൽകുന്നുണ്ട്. അതുതന്നെ ഇന്ത്യയിലെ വലിയ യൂനിവേഴ്സിറ്റികൾക്ക് മാത്രം ബാധകമായതും യൂനിവേഴ്സിറ്റികളോട് അഫിലിയേറ്റ് ചെയ്ത സ്ഥാപനങ്ങൾക്ക് ബാധകമല്ലെന്നതും ഇവ൪ സൗകര്യപൂ൪വം മറക്കുന്നു.
കാമ്പസിനകത്ത് നടപ്പാക്കുന്ന വിദ്യാ൪ഥിവിരുദ്ധ നിലപാടുകളെ വിമ൪ശിക്കുന്ന, മാനേജ്മെൻറുകളെ തുറന്നെതി൪ക്കുന്ന, സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടുന്ന വിദ്യാ൪ഥിയെയാണ് നാടിന് അഭികാമ്യം. രാഷ്ട്രീയ പാ൪ട്ടിയുടെ ഭാഗമായി പാ൪ലമെൻറിൽ എത്തിയവരും മത്സരിച്ചവരുമൊക്കെ സ്ഥാപന മേധാവികൾ ആകുമ്പോൾ തങ്ങളുടെ കാമ്പസിൽ രാഷ്ട്രീയം പറയാനോ പ്രവ൪ത്തിക്കാനോ പാടില്ലെന്നുപറയുന്നത് ഒരു ജനാധിപത്യ സമൂഹത്തിന് ഗുണകരമല്ല.
(എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറാണ് ലേഖകൻ)
l

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story