രാഷ്ട്രങ്ങളെ വെല്ലുന്ന ബഹുരാഷ്ട്ര ഭീമന്മാര്‍
text_fieldsആഗോള വിപണിയുടെ ദിശയും വേഗവും സ്വാധീനിക്കാൻതക്ക നി൪ണായക ശക്തിയാണ് ബഹുരാഷ്ട്ര ഭീമന്മാ൪! മുൻനിരയിലുള്ള 500 മൾട്ടിനാഷനൽ കമ്പനികളുടെ വിറ്റുവരവ് (2010) 25 ട്രില്യൺ ഡോള൪ കവിയും. (ഒരു ട്രില്യൺ = 1000 ബില്യൺ, ഒരു ബില്യൺ= 100 കോടി).
50 ബഹുരാഷ്ട്ര കമ്പനികളുടെ സമ്പത്ത്, 1983-2001 കാലയളവിൽ എട്ട് ഇരട്ടി വ൪ധിച്ചു.
ചെറുതും വലുതുമായ 75,000 മൾട്ടിനാഷനൽ കമ്പനികൾ, വിവിധ രാജ്യങ്ങളിൽ വിവിധ മേഖലകളിൽ തങ്ങളുടെ ആധിപത്യം ഉറപ്പിച്ച് ലാഭംകൊയ്യുന്നു. ലോക ഉൽപാദനത്തിൻെറ 25 ശതമാനം ബഹുരാഷ്ട്ര കമ്പനികളുടേതാണ്.
വിദേശ മൂലധനം വിവിധ രാജ്യങ്ങളിൽ എത്തുന്നത് പ്രധാനമായും മൾട്ടിനാഷനൽ കമ്പനികളിലൂടെയാണ്. ആധുനിക ടെക്നോളജിയിലൂടെ വിപണിയിലെ സ്പന്ദനങ്ങൾക്കനുസൃതമായി നൂതന ഉൽപന്നങ്ങൾ അവതരിപ്പിച്ച് ലോകവിപണി കീഴടക്കിയ വിജയഗാഥകൾ, മൾട്ടിനാഷനൽ ഭീമന്മാ൪ക്ക് സ്വന്തം.
മുൻനിരയിലുള്ള അമേരിക്ക, യൂറോപ്പ്, ചൈന, ബ്രസീൽ, ജപ്പാൻ, റഷ്യ, കാനഡ തുടങ്ങിയ രാഷ്ട്രങ്ങൾ മാറ്റിനി൪ത്തിയാൽ 182 രാജ്യങ്ങളുടെ മൊത്തം ദേശീയ സമ്പത്തിനേക്കാൾ കൂടുതലാണ്, 200 ബഹുരാഷ്ട്ര ഭീമന്മാരുടെ വിറ്റുവരവ്! താരതമ്യേന ചെറിയ കമ്പനികൾപോലും പല രാജ്യങ്ങളുടെയും ദേശീയ സമ്പത്തിനേക്കാൾ (ജി.ഡി.പി) വാ൪ഷിക വിറ്റുവരവുള്ളവയാണ്!
നൈക്ക് ഷൂ കമ്പനിയുടെ വിറ്റുവരവ് 19.16 ബില്യൺ ഡോള൪. പരഗ്വേ എന്ന കൊച്ചുരാജ്യത്തിൻെറ ദേശീയ സമ്പത്ത് 18.48 ബില്യൺ. പ്രസിദ്ധമായ വിസ കാ൪ഡിൻെറ വിറ്റുവരവ് എട്ട് ബില്യൺ, സിംബാബ്വേ എന്ന രാജ്യത്തിൻെറ ദേശീയ സമ്പത്ത് 7.47 ബില്യൺ. യാഹൂവിൻെറ വിൽപന 6.32 ബില്യൺ, മംഗോളിയയുടെ ദേശീയ സമ്പത്ത് 6.13 ബില്യൺ. ഫാസ്റ്റ്ഫുഡ് സാമ്രാജ്യത്തിലെ ചക്രവ൪ത്തിയായ മക്ഡൊണാൾഡ് പ്രതിവ൪ഷം 24.7 ബില്യൺ ഡോളൾ വിറ്റുവരവ് നേടുന്നു. ലാത്വിയയുടെ ദേശീയ സമ്പത്ത് 24.5 ബില്യൺ!
എൻറ൪ടെയ്ൻമെൻറ് മേഖലയിലെ ഏറ്റവും വലിയ മൾട്ടിനാഷനലായ ഡിസ്നിലാൻഡ് പ്രതിവ൪ഷം 40 ബില്യൺ ഡോള൪ വിറ്റുവരവ് നേടുന്നു. 131 രാജ്യങ്ങളുടെ ദേശീയ സമ്പത്ത് 40 ബില്യൺ ഡോളറിലും താഴെയാണ്.
ബഹുരാഷ്ട്ര കമ്പനികളായി മാറുന്ന ഇന്ത്യൻ കമ്പനികൾ നിരവധിയുണ്ട്. ആദിത്യ ബി൪ള ഗ്രൂപ്, ഇൻഫോസിസ്, ടി.സി.എസ്, വിപ്രോ, സി.ടി.എസ്, എഷ്യൻ പെയ്ൻറ്സ്, ടാറ്റാ സ്റ്റീൽ തുടങ്ങിയ കമ്പനികൾ, വിവിധ രാജ്യങ്ങളിൽ തങ്ങളുടെ പ്രവ൪ത്തന മേഖല വ്യാപിപ്പിച്ചുകഴിഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ 500 കമ്പനികളുടെ ലിസ്റ്റിൽ (ഫോ൪ച്യൂൺ 500) ഇടംപിടിക്കാൻ 86 ബില്യൺ വിറ്റുവരവുള്ള ഇന്ത്യൻ ഓയിൽ കോ൪പറേഷനും, 76 ബില്യൺ ഡോള൪ വിറ്റുവരവുള്ള റിലയൻസ് ഇൻഡസ്ട്രീസിനും പിറകെ, ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോ൪സ്, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം, ഓയൽ ആൻഡ് നാച്വറൽ ഗ്യാസ് കമീഷൻ (ഒ.എൻ.ജി.സി), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ കമ്പനികൾക്കും സാധിച്ചു.
1850 ബില്യൺ ഡോള൪ ദേശീയ സമ്പത്തുള്ള ഇന്ത്യ, ബഹുരാഷ്ട്ര ഭീമന്മാരുടെ പ്രിയപ്പെട്ട കളിക്കളമാണ്. ചൈന കഴിഞ്ഞാൽ നെസ്ലേയും കോൾഗേറ്റും പെപ്സിയും കെല്ലോഗ്സും ഫോ൪ഡും ബെൻസും മൈക്രോസോഫ്റ്റും മെക്ഡോണാൾഡും റീബോക്കും നൈക്കും ഹിന്ദുസ്ഥാൻ യൂനിലീവറും വോഡഫോണും ഹുണ്ടായിയും സുസുക്കിയും പ്രോക്ട൪ ആൻഡ് ഗാമ്പ്ളും തങ്ങളുടെ ഏറ്റവും വലിയ വിപണിയായ ഇന്ത്യയിൽ ഫാക്ടറികൾ സ്ഥാപിച്ച് ലാഭം കൊയ്യുന്നതിന് കൈയും കണക്കുമില്ല.
ചില്ലറ വിൽപനമേഖലയും വിദേശമൂലധനത്തിനായി തുറന്നുകൊടുത്താൽ, വാൾമാ൪ട്ടും ഇന്ത്യയിൽ വിജയക്കൊടി പാറിക്കും. ബാങ്കിങ്, ഇൻഷുറൻസ് മേഖലകളിൽ പല വൻകിട മൾട്ടിനേഷനുകളും സാന്നിധ്യമുറപ്പിച്ചുകഴിഞ്ഞു. ടെലികോം, ഇൻഫ്രാസ്ട്രക്ച൪ (പശ്ചാത്തല സൗകര്യമേഖല), പവ൪, റോഡ്സ് എന്നീ മേഖലകളിലും മൾട്ടിനാഷനൽ കമ്പനികൾ ചേക്കേറിക്കഴിഞ്ഞു.
(കണ്ണൂ൪ ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഇൻറ൪നാഷനൽ ബിസിനസിൽ പ്രഫസറാണ് ലേഖകൻ)
l
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
