Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightറമദാന്‍െറ...

റമദാന്‍െറ ഊര്‍ജപ്രവാഹങ്ങള്‍

text_fields
bookmark_border
റമദാന്‍െറ ഊര്‍ജപ്രവാഹങ്ങള്‍
cancel

റമദാനിലെ 14ാം ദിവസം. നോമ്പുതുറക്കാനുള്ള സമയം അടുത്തുകൊണ്ടിരിക്കുന്നു. ഞാൻ ഇഫ്താറിനായി വാഹനമോടിച്ച് വീട്ടിലേക്ക് മടങ്ങുകയാണ്. പെട്ടെന്ന് മൊബൈൽ ഫോണിൽ, മെസേജ് എത്തിയതറിയിക്കുന്ന നാദം മുഴങ്ങി. ഞാൻ ഫോണെടുത്ത് പരിശോധിച്ചു. സന്ദേശം ഇപ്രകാരമായിരുന്നു. ‘ ഹലോ മിസ്റ്റ൪ ഭട്ട്, താങ്കളുടെ എഴുത്തുകളിൽനിന്നും പ്രഭാഷണങ്ങളിൽനിന്നും താങ്കൾ ഒരു മതവിശ്വാസിയല്ലെന്ന് ഞാൻ മനസ്സിലാക്കിയിരിക്കുന്നു. താങ്കൾ പ്രാ൪ഥനകളിലൊന്നും തൽപരനല്ലെന്നുമറിയാം. എന്നാൽ, താങ്കൾ റമദാനിൽ വിടാതെ നോമ്പെടുക്കുന്നതായി ഈയിടെ ബോധ്യമായി. താങ്കളുടെ ഈ നോമ്പ് ഹിന്ദു വിഭാഗത്തെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നു. മുസ്ലിംകളെ താങ്കൾ അമ്പരപ്പിക്കുകയും ചെയ്തിരിക്കുന്നു. ഒരു സംശയം തീ൪ത്തുതരിക. താങ്കൾ നോമ്പനുഷ്ഠിക്കാനുള്ള കാരണം എന്താണ്?’
എന്നെ അറിയുന്ന ആ അജ്ഞാതനാമാവിൻെറ സന്ദേശം വായിച്ച് ഞാൻ ചെറുപുഞ്ചിരി തൂകി. അയാളുടെ കൗതുകപൂ൪വമുള്ള ആ ചോദ്യത്തിൻെറ മറുപടിയാണ് ഈ കുറിപ്പ്. ഇസ്ലാം എൻെറ പൈതൃകത്തിൻെറ ഭാഗമാണ്. ബ്രാഹ്മണനായ പിതാവിൻെറയും ശിയാ ബോറ മുസ്ലിംമായ മാതാവിൻെറയും മകനായാണ് ഞാൻ ഈ മണ്ണിൽ പിറന്നുവീണത്. ചെറുപ്പം മുതലേ ഉപവാസമനുഷ്ഠിക്കാൻ അമ്മ എന്നെ ശീലിപ്പിച്ചിരുന്നു.
തുടക്കത്തിൽ റമദാനിലെ ഒരു ദിവസമെങ്കിലും ഞാൻ നോമ്പെടുത്തിരിക്കുമെന്ന് അവ൪ ഉറപ്പുവരുത്തിയിരുന്നു. റമദാനിൽ സ്വ൪ലോകത്തിൻെറ സ൪വ വാതായനങ്ങളും പൂ൪ണമായി തുറന്നുകിടക്കുമെന്ന് മുസ്ലിംകൾ വിശ്വസിക്കുന്നതായും അവ൪ എന്നെ ഓ൪മിപ്പിക്കുകയും ചെയ്തിരുന്നു. പ്രവാചകന് ആദ്യമായി ദിവ്യവെളിപാട് ലഭിച്ച മാസംകൂടിയാണ് റമദാനെന്നും എനിക്ക് മനസ്സിലാക്കാൻ സാധിച്ചു.
ആറുവ൪ഷം മുമ്പ് എൻെറ അമ്മ മൃതിയടഞ്ഞു. സദാ സ്നേഹവചസ്സുകൾ മാത്രം മൊഴിഞ്ഞിരുന്ന അവരുടെ ഓ൪മ നിലനി൪ത്താനുള്ള മാ൪ഗമാണ് റമദാനിലെ വ്രതം എന്ന് എൻെറ മനസ്സ് മന്ത്രിച്ചു. അതോടെ റമദാനിലെ ഒരു ദിവസവും വിടാതെ ഞാൻ ഉപവാസാനുഷ്ഠാനം പതിവാക്കുകയും ചെയ്തു. സന്ദേശകാരന് മറു സന്ദേശമയച്ച് മിനിറ്റുകൾക്കകം ഞാൻ വീടണഞ്ഞു. വൈകാതെ ബാങ്കുവിളി ഉയ൪ന്നു. ഞാൻ കുളി൪ ജലവും ഈത്തപ്പഴവുമെടുത്ത് നോമ്പുതുറന്നു. 14 മണിക്കൂറോളം നി൪ജലമായി, ക്ഷീണിച്ചിരുന്ന എൻെറ ദേഹം ആഹ്ളാദപൂ൪വം ആ തെളിനീരിൻെറ സാന്ത്വനം സ്വാഗതം ചെയ്തു. ദാഹാ൪ത്തമായ മരുഭൂമി പുതുമഴയിൽ തുടിക്കുന്നതുപോലെ എൻെറ ശരീരവും മനസ്സും ഉത്സാഹഭരിതമായി. എൻെറ ദേശത്തെ ദശലക്ഷക്കണക്കിന് പൗരന്മാരോടൊപ്പം എനിക്കും നോമ്പുതുറക്കാൻ സാധിച്ചുവല്ലോ. അപാരമായൊരു പൊതുകൂട്ടായ്മാബോധമാണപ്പോൾ എൻെറ ഹൃദയത്തിലേക്ക് തിരതള്ളി വന്നത്. അല്ല, ഞാൻ മുഴുവൻ ലോകത്തോടൊപ്പവും നോമ്പനുഷ്ഠിച്ച് നോമ്പുതുറന്നിരിക്കുന്നു. റമദാൻ പകരുന്ന ഈ വിശ്വസാഹോദര്യബോധമാണ് ഏറ്റവും ഉദാത്തമായ നോമ്പനുഭവമെന്ന് ഞാൻ കരുതുന്നു. ഒരാളും ഒറ്റയ്ക്കല്ല, മനഷ്യ൪ ഒന്നടങ്കം ഒരനന്യതയാകുന്നു. അതുല്യവും ആഹ്ളാദഭരിതവുമായ ഈ ചിന്തയാണ് ഏൻെറ ഹൃദയത്തിൽ ഓരോ ദിവസവും റമദാൻ പക൪ന്നുകൊണ്ടിരിക്കുന്നത്.
ഉപഭോഗാ൪ത്തിയുടെയും ഫാസ്റ്റ്-ജങ്ക് ഫുഡുകളുടെയും യുഗമാണ് നമ്മുടേത്. പുതിയ ചേരുവകളുമായി തീനിൻെറയും കുടിയുടെയും ആഹ്ളാദങ്ങൾ വിൽക്കാനെത്തുന്നവ൪ എവിടേയും നിറഞ്ഞുകവിയുന്നു. അത്തരം വാണിഭക്കാ൪ക്കുമുന്നിൽ വാതിലുകൾ കൊട്ടിയടക്കാൻ ലഭിക്കുന്ന അപൂ൪വാവസരമാണ് റമദാൻ. രുചികളുടെ അമിത ഡോസുകളിൽനിന്ന് നമ്മുടെ ശരീരത്തെ മോചിപ്പിക്കാനുള്ള സന്ദ൪ഭം. ആ൪ഭാട ജീവിതത്തിന് പകരം ലാളിത്യത്തിൻെറയും മിതവ്യയത്തിൻെറയും ജീവിതശൈലി പരിശീലിക്കാനുള്ള ഘട്ടം. അത് നമ്മുടെ ശരീരസംവിധാനങ്ങളെ പുതുക്കി ബലപ്പെടുത്തുന്നു.ഹൃദയത്തിൽ ഊ൪ജം നിറക്കുന്നു. അമിത ഭക്ഷണം ദഹിപ്പിക്കാൻ നമ്മുടെ ശരീരം എത്രമാത്രം അധ്വാനിക്കുന്നു എന്ന് നിങ്ങൾക്ക് വ്രതാനുഷ്ഠാനത്തിലൂടെ ബോധ്യപ്പെടാതിരിക്കില്ല.
ആദ്യമായി ഉപവസിക്കുന്നയാൾ കൂടക്കൂടെ ഘടികാരത്തിലേക്ക് കണ്ണയച്ചു കൊണ്ടിരിക്കും. പതിയേ അയാളിൽ പുതിയൊരു സാമൂഹികബോധം ഉണരാൻ തുടങ്ങുകയായി. ഒരു നേരത്തെ ആഹാരം പോലുമില്ലാതെ അന്തിയുറങ്ങുന്ന നിസ്വജീവിതങ്ങളുടെ ക്ളേശങ്ങൾ അയാളുടെ ഹൃദയത്തെ മഥിക്കാൻ തുടങ്ങും. ഈ വ൪ഷത്തെ റമദാൻ എനിക്ക് പുതിയൊരു അനുഭവം കുടി സമ്മാനിച്ചിരിക്കുന്നു. എൻെറ 13 കാരിയായ മകൾ ആലിയയും എന്നോടൊപ്പം നോമ്പെടുക്കാൻ തുടങ്ങിയിരിക്കുന്നു. നിങ്ങൾ നിങ്ങളുടെ കുട്ടികളെ ശീലിപ്പിക്കുന്നത് അവരുടെ കുട്ടികളിലേക്കും സംക്രമിക്കാതിരിക്കില്ല എന്ന വിവേകിയുടെ മൊഴി അന്വ൪ഥമാവുകയാകാം. റമദാനിലെ പ്രഭാതകിരണങ്ങൾ പൊട്ടിവിടരുംമുമ്പ് എൻെറ മാതാവ് എന്നെ ഉറക്കിൽ നിന്നുണ൪ത്തി പറയാറുള്ളത് വീണ്ടും ഓ൪മയിലെത്തുന്നു.‘ബേട്ടാ ടൈം ഫോ൪ സഹ്രി’ (മോനെ, അത്താഴം കഴിക്കാൻ നേരമായി). ആ വത്സല മാതാവ് ഉദാത്തമായ ഒരു സംസ്കാരം തൻെറ പൗത്രിയിലേക്കും കൈമാറിയിട്ടുണ്ടാകണം.

(ആഗസ് ഫൗണ്ടേഷൻ ഡോട്ട്കോമിൽ പ്രസിദ്ധീകരിച്ചത്)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story