ടി.പി. വധം സി.പി.എമ്മിന്‍െറ രാഷ്ട്രീയ വിരോധം മൂലമെന്ന് കുറ്റപത്രം
text_fieldsകോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധകേസിലെ ഒന്നാംഘട്ട കുറ്റപത്രം തയാറായി. സംഭവം സി.പി.എമ്മിൻെറ രാഷ്ട്രീയ വിരോധം മൂലമാണെന്ന് 1000ത്തിലധികം പേജുകൾവരുന്ന ഒന്നാംഘട്ട കുറ്റപത്രം വ്യക്തമാക്കുന്നു.
നേതാക്കളുടെ അറിവോടെ ഗൂഢാലോചന നടത്തിയാണ് കൊലപാതകം നടത്തിയതെന്നും കുറ്റപത്രത്തിൽ പറഞ്ഞു. ചന്ദ്രശേഖരൻെറ നേതൃത്വത്തിൽ റവലൂഷനറി മാ൪ക്സിസ്റ്റ് പാ൪ട്ടി (ആ൪.എം.പി) രൂപവത്കരിച്ചതിനുശേഷം ഒഞ്ചിയം മേഖലയിൽ സി.പി.എമ്മിനുണ്ടായ ക്ഷീണമാണ് കൊലയിലേക്ക് നയിച്ചത്. വടകര ലോക്സഭാ തെരഞ്ഞെടുപ്പിലും പിന്നീടുവന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും സി.പി.എമ്മിന് കനത്ത തിരിച്ചടിയുണ്ടായി. പാ൪ട്ടി നേതാവ് പി. മോഹനൻ മാസ്റ്റ൪ കൈയേറ്റംചെയ്യപ്പെടുന്ന സ്ഥിതിയുമുണ്ടായി. ഇക്കാരണങ്ങൾകൊണ്ട് 2009 മുതൽ ചന്ദ്രശേഖരനെ വധിക്കാനുള്ള ഗൂഢാലോചന നേതാക്കളുടെ അറിവോടെ നടന്നിരുന്നു. അതാണ് കഴിഞ്ഞ മേയ് നാലിന് നടപ്പാക്കിയ കുറ്റപത്രത്തിൽ പറയുന്നത്. കുറ്റപത്രം പൂ൪ണമാക്കുന്നതിൻെറ ഭാഗമായി ഡിവൈ.എസ്.പിമാരായ ടി.പി. ഷൗക്കത്തലി, കെ.വി. സന്തോഷ്, ജോസി ചെറിയാൻ, എം.ജെ. സോജൻ എന്നിവ൪ കോഴിക്കോട്ട് യോഗം ചേ൪ന്നു. തുട൪ന്ന് ഇവ൪ സംശയനിവാരണത്തിനായി സ്പെഷൽ പ്രോസിക്യൂട്ട൪മാരായ അഡ്വ. സി.കെ. ശ്രീധരൻ, അഡ്വ. പി. കുമാരൻകുട്ടി എന്നിവരുമായി കൂടിയാലോചന നടത്തി. ഇതിനുശേഷമാണ് കുറ്റപത്രം പൂ൪ണമാക്കിയത്. പ്രതികൾക്കെതിരെ സ്ഫോടകവസ്തു നിരോധ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയതിനാൽ തിങ്കളാഴ്ച കലക്ടറുടെ അനുമതി തേടും. അനുമതി ലഭ്യമാകുന്ന മുറക്ക് ഈമാസം 10നുതന്നെ വടകര ജുഡീഷ്യൽ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമ൪പ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. 40 പ്രതികളാണ് ആദ്യഘട്ട കുറ്റപത്രത്തിൽ ഉൾപ്പെടുന്നത്. കൊലയാളി സംഘാംഗങ്ങളായ എം.സി. അനൂപ്, കി൪മാനി മനോജ്, കൊടി സുനി, ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, ഷിജിത്ത്, സിജിത്ത് എന്ന അണ്ണൻ എന്നിവരാണ് ഒന്നു മുതൽ ഏഴു വരെ പ്രതികൾ. 40 പ്രതികൾക്കും കുറ്റപത്രത്തിൻെറ പക൪പ്പ് ലഭ്യമാക്കേണ്ടതിനാൽ 50,000ത്തോളം പേജ് ഫോട്ടോകോപ്പി എടുക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
