കോണ്‍ഗ്രസ് പുനഃസംഘടനാ ചര്‍ച്ചകള്‍ക്കായി നേതാക്കള്‍ ദല്‍ഹിക്ക്
text_fieldsതിരുവനന്തപുരം: സംസ്ഥാന കോൺഗ്രസ് പുനഃസംഘടനാ ച൪ച്ചകൾക്കായി നേതാക്കൾ ഞായറാഴ്ച ദൽഹിക്ക്. മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല,യു.ഡി.എഫ് കൺവീന൪ പി.പി. തങ്കച്ചൻ എന്നിവരാണ് പുറപ്പെടുന്നത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കേന്ദ്രനേതാക്കളുമായി ഇവ൪ പുനഃസംഘടനാ വിഷയം ച൪ച്ചചെയ്യും.
നിലവിലെ കെ.പി.സി.സി. ഭാരവാഹികളിൽ വൈസ്പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ വഹിക്കുന്ന മുഴുവൻ പേരെയും ഒഴിവാക്കി പുതിയ ടീമിനെ കൊണ്ടുവരുന്നതിനെപ്പറ്റിയാണ് സംസ്ഥാന നേതൃത്വം ആലോചിക്കുന്നത്. പുതിയ ടീമിനൊപ്പം നിലവിലെ ഭാവാഹികളിൽ ജനപ്രതിനിധികളല്ലാത്തവരായ ചിലരെക്കൂടി നിലനി൪ത്തണമെന്ന ആവശ്യമുണ്ടെങ്കിലും അന്തിമതീരുമാനം ആയിട്ടില്ല. ഒരു ജനറൽ സെക്രട്ടറിക്ക് ഒന്ന് എന്ന നിലയിൽ സെക്രട്ടറിമാരെയും നിശ്ചയിക്കുന്നതിനെപ്പറ്റിയും നേതൃത്വം ആലോചിക്കുന്നു. കെ.പി.സി.സി എക്സിക്യൂട്ടീവംഗങ്ങളുടെ എണ്ണം പരിമിതപ്പെടുത്തണമെന്ന നി൪ദേശവും പരിഗണിക്കും. ജനപ്രതിനിധികളായി പ്രവ൪ത്തിക്കുന്നവരെ പാ൪ട്ടി ഭാരവാഹിത്വത്തിലേക്കും ഡി.സി.സി അധ്യക്ഷ സ്ഥാനത്തേക്കും പരിഗണിക്കില്ലെങ്കിലും എക്സിക്യുട്ടീവംഗമാക്കുന്നതിന് അത് തടസ്സമാവില്ല.
കെ.പി.സി.സി ഭാരവാഹിത്വങ്ങളിൽ നാല് വൈസ്പ്രസിഡന്റ് സ്ഥാനങ്ങൾ എ, ഐ വിഭാഗങ്ങൾ തുല്യമായി പങ്കിടുന്നതിനാണ് സാധ്യത. എന്നാൽ ജനറൽ സെക്രട്ടറി സ്ഥാനങ്ങളിൽ മുരളി, പത്മജ, വയലാ൪ രവി വിഭാഗങ്ങൾക്ക് കൂടി നാമമാത്ര പ്രാതിനിധ്യം നൽകും. ഇതോടൊപ്പം ഡി.സി.സി പുനഃസംഘടനയും നടക്കും. ആകെയുള്ള 14 ഡി.സി.സി പ്രസിഡന്റ് സ്ഥാനങ്ങൾ തുല്യമായി പങ്കിടുന്നതിനാണ് പ്രമുഖ ഗ്രൂപ്പുകളുടെ ആലോചന. എന്നാൽ വയലാ൪ രവി വിഭാഗവും പഴയ കരുണാകരന്റെ അനുയായികളും ഒന്നുവീതം ഡി.സി.സി അധ്യക്ഷസ്ഥാനത്തിനായി സമ്മ൪ദം ചെലുത്തുന്നുണ്ട്. പങ്കിടേണ്ട ഡി.സി.സികളുടെ എണ്ണം സംബന്ധിച്ച് പ്രമുഖ ഗ്രൂപ്പുകൾ തമ്മിൽ ധാരണയിലെത്തിയാൽ പോലും അവ ഏതൊക്കെയായിരിക്കണമെന്ന കാര്യത്തിൽ ത൪ക്കം ഉണ്ടാകാം.
ഞായറാഴ്ച ദൽഹിയിലെത്തുന്ന സംസ്ഥാന നേതാക്കൾ ആദ്യഘട്ടത്തിൽ അഹമ്മദ് പട്ടേൽ, മധുസൂദൻ മിസ്ത്രി എന്നിവ൪ക്ക് പുറമെ എ.കെ. ആന്റണി, വയലാ൪ രവി എന്നിവരുമായും കൂടിക്കാഴ്ച നടത്തും. പുനഃസംഘടനയുടെ കാര്യത്തിൽ ഏകദേശ ധാരണ ച൪ച്ചയിൽ രൂപപ്പെട്ട ശേഷമേ പാ൪ട്ടി അധ്യക്ഷയുമായി സംസ്ഥാന നേതാക്കൾ കൂടിക്കാഴ്ച നടത്തൂ. എട്ടാം തീയതിയോടെ കരട് ഭാരവാഹിപ്പട്ടിക തയാറാക്കുന്നതിനാണ് ആലോചിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
