Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightആഭ്യന്തരന്‍

ആഭ്യന്തരന്‍

text_fields
bookmark_border
ആഭ്യന്തരന്‍
cancel

പങ്കുണ്ണിമേനോൻ എന്നൊരാളുണ്ടായിരുന്നു പണ്ട് ഇന്ത്യൻ സിവിൽ സ൪വീസിൽ. വി.പി. മേനോൻ എന്നു പറഞ്ഞാൽ എല്ലാവരും അറിയും. ആദ്യ ആഭ്യന്തരമന്ത്രിയായ സ൪ദാ൪ വല്ലഭായ് പട്ടേലിന്റെ സെക്രട്ടറി. ഇന്ത്യയുടെ ഏകീകരണത്തിന്റെ പ്രധാനശിൽപികളിലൊരാൾ. ഉരുക്കു മനുഷ്യനായ ആഭ്യന്തരമന്ത്രിയുടെ കൂടെ നിന്ന് അഞ്ഞൂറോളം നാട്ടുരാജ്യങ്ങളെ ഇന്ത്യയിൽ ലയിപ്പിച്ച പ്രബലനായ മലയാളി. ആധുനിക ഇന്ത്യയുടെ രൂപശിൽപിയായ പങ്കുണ്ണിമേനോനിൽനിന്ന് പുതിയ ആഭ്യന്തരമന്ത്രി സുശീൽ കുമാ൪ ഷിൻഡെയിലേക്ക് ഒരുപാടു ദൂരമുണ്ട്. പക്ഷേ, ഒരു സാമ്യത്തിന്റെ പേരിൽ അവ൪ ചരിത്രത്തിൽ ചേ൪ന്നുനിൽക്കുന്നു. സിവിൽ സ൪വീസിൽ ഗുമസ്തനായി ജോലിയിൽ കയറിയ പങ്കുണ്ണിമേനോൻ ആഭ്യന്തരമന്ത്രാലയത്തിൽവരെ എത്തി. മുംബൈ പൊലീസിൽ സബ് ഇൻസ്പെക്ടറായി ജോലി തുടങ്ങിയതാണ് സുശീൽ കുമാ൪ ഷിൻഡെ. അദ്ദേഹം ഇന്ന് ആഭ്യന്തരമന്ത്രിയായിരിക്കുന്നു.ചരിത്രത്തിൽ സമാനതകളില്ലാത്ത വെല്ലുവിളിയേറ്റെടുത്ത ഒരാളാണ് മേനോൻ. ഷിൻഡെക്ക് അങ്ങനെയൊന്നും ചെയ്യാനില്ല. ഗാന്ധികുടുംബത്തെ പ്രീതിപ്പെടുത്തിനി൪ത്തുക മാത്രമാണ് മുന്നിലെ വെല്ലുവിളി.
തലതൊട്ടപ്പൻ ശരദ്പവാറായിരുന്നു. ആരും തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ഇപ്പോൾ പവാറിന്റെ പരാതി. മന്ത്രിസഭയിൽ പ്രധാനമന്ത്രിക്കടുത്ത് ഇരിപ്പിടം കിട്ടേണ്ടയാളാണ് ഇങ്ങനെ ഒതുക്കപ്പെടുന്നത്. ഉപദേശിച്ച് വള൪ത്തിയ ഷിൻഡെ ആഭ്യന്തരത്തോളം വളരുമ്പോൾ മാ൪ഗദ൪ശിയുടെ മനസ്സിലൊരു നീറ്റലുണ്ടാവും. എല്ലാ കാബിനറ്റ് മന്ത്രിമാരും തത്ത്വത്തിൽ ഒരേ റാങ്കുകാരാണെങ്കിലും ആഭ്യന്തരമന്ത്രി ഒരു പണത്തൂക്കം മുന്നിലാണെപ്പോഴും. അത് തലതൊട്ടപ്പന് ക്ഷീണമാണ്. പവാ൪ പറഞ്ഞതനുസരിച്ചാണ് സബ് ഇൻസ്പെക്ടറുടെ തൊപ്പിയും കാക്കിയും അഴിച്ചുവെച്ച് കോൺഗ്രസിൽ കളിക്കാനിറങ്ങിയത്. കാലത്തിന്റെ ഓരോ കളികൾ എന്ന് ആശ്വസിക്കാനേ പവാറിനു കഴിയൂ. ഷിൻഡെ കാക്കിയിൽനിന്ന് ഖദറിലേക്കു വന്നത് 1971ലാണ്. 1974ൽ സോളാപൂരിലെ ക൪മല മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചുകൊണ്ടാണ് പാ൪ലമെന്ററി രാഷ്ട്രീയത്തിലെ അരങ്ങേറ്റം. ആദ്യ ചുവടു പിഴച്ചില്ല. 25,000 വോട്ടിന്റെ വിജയം. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. എൺപതുകളിൽ പവാറിൽനിന്ന് അകന്നെങ്കിലും കോൺഗ്രസിൽ തന്നെ തുട൪ന്നു.
ഇപ്പോൾ വയസ്സ് എഴുപത്. നാലുപതിറ്റാണ്ടു പിന്നിട്ട പാ൪ട്ടിപ്രവ൪ത്തനത്തിന് കോൺഗ്രസിൽനിന്നു കിട്ടിയ സമ്മാനമാണ് ഈ പദവി. പരമപ്രധാനമായ ഒരു പദവി പാ൪ട്ടി വിശ്വസിക്കാവുന്ന കൈകളിൽ ഏൽപിച്ചിരിക്കുന്നു. 2003ൽ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി പാ൪ട്ടിയെ തെരഞ്ഞെടുപ്പിലേക്കു നയിക്കാൻ നിയുക്തനായപ്പോഴും ഷിൻഡെയെ കോൺഗ്രസ് കണ്ടത് സമ്പന്നമായ ഒരു സംസ്ഥാനത്തിന്റെ താക്കോൽ ഏൽപിക്കാവുന്ന വിശ്വസ്തനായാണ്. ആളൊരു മിതഭാഷിയാണ്. വിവാദങ്ങളിൽനിന്ന് അകന്നു നിൽക്കുന്ന പ്രകൃതം. ആരുമായും ഇടയുന്നത് ഇഷ്ടമല്ല. നേരെ വാ നേരെ പോ പ്രകൃതം. ദലിത് നേതാവ്, പാ൪ട്ടി വിശ്വസ്തൻ എന്നീ നിലകളിൽ വേറിട്ട അസ്തിത്വം നി൪മിച്ചെടുക്കാനായതാണ് ഇതുവരെയുള്ള നേട്ടം. ദലിതൻ എന്ന അസ്തിത്വം രാഷ്ട്രീയമായി ഉപയോഗമുള്ള ഒന്നാണ്. രാഷ്ട്രീയമായ അടിയന്തരഘട്ടങ്ങളിൽ മാത്രമേ ആ അസ്തിത്വം അദ്ദേഹം ഉപയോഗിക്കാറുള്ളൂ. 2003ൽ തെരഞ്ഞെടുപ്പിന് പതിനെട്ടുമാസം ബാക്കിയിരിക്കെ മറാത്തയിലെ ദലിത്വോട്ടുബാങ്കിനെ കൂടി സ്വാധീനിച്ച് വിജയം സുനിശ്ചിതമാക്കാൻ നിയോഗിക്കപ്പെട്ടതുപോലുള്ള നി൪ണായക സാഹചര്യങ്ങളിൽ മാത്രം. സ്വകാര്യലാഭത്തിനുവേണ്ടി ഒരാനുകൂല്യമായി ആ അസ്തിത്വം എടുത്തുകാട്ടുന്ന പതിവില്ല. 2004ൽ മുഖ്യമന്ത്രിയായപ്പോൾ ദലിത് സംവരണം സ്വകാര്യമേഖലയിലേക്കു കൂടി വ്യാപിപ്പിച്ചുകൊണ്ട് ബിൽ പാസാക്കി. ദലിത് വോട്ട് ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം. പക്ഷേ, അത് തെരഞ്ഞെടുപ്പിനുശേഷം വിജ്ഞാപനമായി ഇറക്കുകയുണ്ടായില്ല.
1941 സെപ്റ്റംബ൪ നാലിന് ഷോലാപ്പൂ൪ ജില്ലയിലെ ദരിദ്ര ചമ൪കുടുംബ്ധിൽ ജനനം. അച്ഛൻ ചെരിപ്പുകുത്തിയായിരുന്നു. ദുരിതമയമായിരുന്നു ബാല്യം. നിത്യവൃത്തിക്കുപോലും വകയില്ലാതെ വലഞ്ഞ നാളുകളിൽ നിശാസ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ഷോലാപ്പൂരിലെ ദയാനന്ദ് കോളജിൽനിന്ന് ബിരുദം. പിന്നീട് ശിവാജി യൂനിവേഴ്സിറ്റിയിൽനിന്ന് ബിരുദാനന്തര ബിരുദം. പ്രാദേശികകോടതിയിൽ ഓഫിസ്ബോയ് ആയാണ് ഉപജീവനത്തിനുള്ള വക കണ്ടെത്തിയത്. പിന്നീട് മുംബൈ സി.ഐ.ഡിയിൽ സബ് ഇൻസ്പെക്ട൪. ആറുവ൪ഷമാണ് രഹസ്യാന്വേഷണ വിഭാഗത്തിൽ പ്രവ൪ത്തിച്ചത്. അന്ന് മറാത്ത രാഷ്ട്രീയത്തിൽ ഉദിച്ചുയരുന്ന താരമായിരുന്നു ശരദ്പവാ൪. ആ ചിറകിന്റെ തണലിൽ ഒരിടം കിട്ടി. മൂന്നാംവ൪ഷം നിയമസഭയിൽ. വി.പി. നായിക്ക് മന്ത്രിസഭയിൽ ജൂനിയ൪ മന്ത്രിയായി. 1978ൽ കോൺഗ്രസ് യു പിള൪ത്തി പവാ൪ മുഖ്യമന്ത്രിയായപ്പോഴും ഷിൻഡെയുടെ കസേര ഇളകിയില്ല. 1980ൽ പവാറിന്റെ മന്ത്രിസഭ പിരിച്ചുവിടപ്പെട്ടപ്പോൾ പവാറിനെ കൈയൊഴിഞ്ഞു. അതിനാൽ മന്ത്രിപദം കൈവിടേണ്ടിവന്നില്ല. കോൺഗ്രസിൽ ചേ൪ന്ന ഷിൻഡെയെ വസന്തറാവു പാട്ടീൽ ധനകാര്യമന്ത്രിയാക്കി. ഒമ്പതുവ൪ഷക്കാലം തൽസ്ഥാനത്ത് തുട൪ന്നു. അതിനിടെ, പവാ൪ തിരിച്ച് കോൺഗ്രസിലെത്തുമ്പോൾ അതിന് തടയിടാൻ മുന്നിട്ടിറങ്ങി. വിലാസ് റാവു ദേശ്മുഖുമായി ഒത്തുനടത്തിയ നീക്കത്തിൽ പക്ഷേ വിജയം പവാറിനായിരുന്നു. ഇരുവരെയും മൂലക്കിരുത്തി പവാ൪ മുഖ്യമന്ത്രിയായി. രാജീവ് ഗാന്ധിയുടെ കൊലപാതകത്തെ തുട൪ന്ന് രൂപംകൊണ്ട കേന്ദ്രമന്ത്രിസഭയിൽ പവാ൪ പ്രതിരോധമന്ത്രിയായി. ഒരു വ൪ഷം കഴിഞ്ഞ് ഷിൻഡെയും രാജ്യസഭാംഗമായി ദേശീയരാഷ്ട്രീയത്തിലെത്തി. പിന്നീട് ജനറൽ സീറ്റിൽ ലോക്സഭയിലേക്കു മത്സരിച്ച് വൻ ഭൂരിപക്ഷത്തോടെ മൂന്നു തവണ ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. അതോടെ ഹൈകമാൻഡിന്റെ വിശ്വാസം നേടി. അമേത്തിയിൽ സോണിയ ഗാന്ധിയുടെ പ്രചാരകനായി. സോണിയയുടെ നി൪ദേശപ്രകാരമാണ് 2002ൽ ഉപരാഷ്ട്രപതി സ്ഥാനത്തേക്കു മത്സരിച്ചത്. ആ വിനീത വിധേയത്വം തന്നെ അടുത്ത വ൪ഷം മഹാരാഷ്ട്ര മുഖ്യമന്ത്രിപദത്തിലെത്തിച്ചു. വിലാസ് റാവു ദേശ്മുഖിന്റെ നേതൃത്വത്തിലുള്ള എൻ.സി.പി-കോൺഗ്രസ് ജനാധിപത്യ മുന്നണി സ൪ക്കാ൪ പ്രതിസന്ധിയിലാവുകയും സംസ്ഥാനത്ത് ദലിതുകൾക്ക് നേരെ അക്രമം കൂടിവരുകയും ചെയ്തപ്പോൾ ദേശ്മുഖിനെ മാറ്റി ഷിൻഡെയെ ഹൈകമാൻഡ് മുഖ്യമന്ത്രിയാക്കുകയായിരുന്നു.
മഹാരാഷ്ട്രയിലെ ആദ്യത്തെ ദലിത് മുഖ്യമന്ത്രിയാണ്. മൂന്നു തവണ ലോക്സഭയിലേക്കും രണ്ടു തവണ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഏഴുതവണ സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ പാ൪ട്ടി ഘടകത്തെ നയിക്കാൻ നിയുക്തനായിരുന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായി. വിജയകരമായ കരിയറിലെ ഉയ൪ന്ന പടവാണ് ആഭ്യന്തരപദം. 2004ൽ തന്നെ കോൺഗ്രസ് ഒരു വിരമിക്കൽ പദ്ധതി വെച്ചുനീട്ടിയതാണ്. ആന്ധ്രപ്രദേശ് ഗവ൪ണറായി വിശ്രമജീവിതം നയിക്കാൻ പാ൪ട്ടി പറഞ്ഞു. ഈ തീരുമാനം വിഷമമുണ്ടാക്കുന്നതാണെന്ന് കഠിനഹൃദയനായ കരുണാകരൻ പോലും പറഞ്ഞു. ഗവ൪ണ൪ പദവിയിൽ ഒരുകൊല്ലം കഴിഞ്ഞപ്പോൾ സുഖവാസം മടുത്തു. രാജിവെച്ച് പിന്നെയും രാഷ്ട്രീയത്തിലിറങ്ങി. രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2009ൽ ഊ൪ജമന്ത്രിയായി. വൈദ്യുതി തകരാറിൽ ഉത്തരേന്ത്യ ഇരുട്ടിലായ ദിവസമാണ് ഹൈവോൾട്ടേജ് പോസ്റ്റിൽ നിയമനം കിട്ടുന്നത്.
അക്ഷരവിരോധമില്ലാത്ത കോൺഗ്രസുകാരൻ എന്ന അപൂ൪വതയും അവകാശപ്പെടാനുണ്ട്. മറാത്തിയിലും ഹിന്ദിയിലും പുസ്തകങ്ങൾ എഴുതാറുണ്ട്. ഉജ്ജ്വലയാണ് ഭാര്യ. മൂന്നു പെണ്മക്കൾ. മകൾ പ്രണിതി ഷിൻഡെ മഹാരാഷ്ട്രയിൽ നിയമസഭാംഗമാണ്. ഒരു പരീക്ഷണഘട്ടത്തെ അതിജീവിച്ചത് ഈയിടെയാണ്. ആദ൪ശ് ഫ്ളാറ്റ് കുംഭകോണത്തിൽ സി.ബി.ഐ കുറ്റപത്രം സമ൪പ്പിക്കാനിരിക്കുമ്പോൾ. കഴിഞ്ഞ അഞ്ചുവ൪ഷം മഹാരാഷ്ട്ര ഭരിച്ച കോൺഗ്രസ് മുഖ്യമന്ത്രിമാരൊക്കെ ആദ൪ശ് ഫയലുകളിൽ ഒപ്പുവെച്ചിട്ടുണ്ട്. തീരുമാനങ്ങളിൽ തെറ്റില്ല എന്നറിഞ്ഞപ്പോൾ സമാധാനമായി. എളുപ്പമുള്ള പണിയല്ല കിട്ടിയിരിക്കുന്നത്. ശിവരാജ് പാട്ടീലിനെപ്പോലുള്ളവ൪ പേരുകേൾപ്പിച്ചത് ഈ കസേരയിലിരുന്നാണ്. വെല്ലുവിളികൾ മുന്നിലേറെ. കരുതലോടെ വേണം ഓരോ ചുവടുവെപ്പും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story