തിരുവനന്തപുരം: നെല്ലിയാമ്പതിയിൽ വനഭൂമി പണയപ്പെടുത്തി വായ്പ തരപ്പെടുത്തിയ സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് സ൪ക്കാ൪ തീരുമാനിച്ചു. പാടഗിരി പൊലീസ് രജിസ്റ്റ൪ ചെയ്ത ആറ് കേസുകളാണ് വിജിലൻസിന് കൈമാറുന്നത്. ഈ കേസുകൾ പ്രത്യേക ക്രൈംബ്രാഞ്ച് സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് വനംമന്ത്രി ഗണേഷ്കുമാ൪ കത്ത് നൽകിയിരുന്നു.
പണയപ്പെടുത്താൻ അവകാശമില്ലാത്ത വനഭൂമി വ്യാജരേഖ ചമച്ച് ധനകാര്യ സ്ഥാപനങ്ങളിൽ പണയപ്പെടുത്തി 15 കോടിയിലധികം രൂപ തട്ടിയെന്നാണ് കേസ്. മീര ഫ്ളോറ, ചെറുനെല്ലി, കാരപ്പാറ, ബ്രൂക്ക്ലാൻഡ്, സ്മിത മൗണ്ട്, ലക്ഷ്മി എന്നീ എസ്റ്റേറ്റുകളുടെ മറവിലായിരുന്നു തട്ടിപ്പ്. മീര ഫ്ളോറ എസ്റ്റേറ്റ് പണയപ്പെടുത്തി 9.98 കോടി രൂപയാണ് വായ്പ എടുത്തത്. ചെറുനെല്ലി എസ്റ്റേറ്റിൻെറ പേരിൽ എസ്.ബി.ഐയിൽനിന്ന് 29 ലക്ഷം രൂപയും തരപ്പെടുത്തി. കാരപ്പാറ -3.34 കോടി, ബ്രൂക്ക്ലാൻഡ് എസ്റ്റേറ്റ്- 85.44 ലക്ഷം, ലക്ഷ്മി എസ്റ്റേറ്റ്- അഞ്ച് ലക്ഷം, സ്മിത മൗണ്ട് - 68.07 ലക്ഷം രൂപ എന്നിങ്ങനെയാണ് വായ്പ നേടിയത്.
ഈ കേസിൽ റവന്യു, രജിസ്ട്രേഷൻ വകുപ്പുകളിലെയും കെ.എസ.്ഐ.ഡി. സിയിലെയും, ബാങ്കുകളിലെയും ഉദ്യോഗസ്ഥരും പ്രതികളാണ്. വായ്പ കുടിശ്ശിക വരുത്തിയതിനെത്തുട൪ന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. തുട൪ന്ന് എസ്റ്റേറ്റ് ലേലത്തിൽ വിറ്റ് ബാങ്കിൻെറ കടം ട്രൈബ്യൂണൽ മടക്കി നൽകി. പിന്നീടാണ് തട്ടിപ്പുകൾ പുറത്തുവരുന്നത്്.
റവന്യു, രജിസ്ട്രേഷൻ വകുപ്പിലെ ഉന്നതരും കെ.എസ്.ഐ.ഡി.സിയിലും ഉന്നതരും കേന്ദ്ര ധനകാര്യ സ്ഥാപനങ്ങളിലെ പ്രമുഖ ഉദ്യോഗസ്ഥരുമൊക്കെ പ്രതികളാകുന്ന കേസുകളിൽ ലോക്കൽ പൊലീസിൻെറ അന്വേഷണത്തിൽ കുറ്റപത്രം പോലും നൽകാൻ സാധ്യതയില്ലെന്ന് കാട്ടി മന്ത്രി ഗണേഷ്കുമാ൪ ജൂലൈ 26ന് ആണ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. മന്ത്രിസഭാ യോഗത്തിനിടയിൽ നൽകിയ കത്തിൻെറ പക൪പ്പ് മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണനും കൈമാറിയിരുന്നു. വനം കൈയേറ്റത്തിനുപുറമെ മരം മുറിച്ച് കടത്തൽ, നായാട്ട് തുടങ്ങിയ ക്രിമിനൽ കുറ്റങ്ങളും നടന്നതായി കത്തിൽ സൂചിപ്പിച്ചിരുന്നു. വിജിലൻസ് അന്വേഷണം നടത്താൻ തീരുമാനിച്ചതിലൂടെ വനംമന്ത്രിയുടെ ആവശ്യം അവഗണിക്കപ്പെടുകയായിരുന്നുവെന്നും വ്യക്തമാണ്.
ഹാരിസൺ മലയാളം പ്ളാൻേറഷനെതിരായ കേസിലും നെല്ലിയാമ്പതി എസ്റ്റേറ്റുമായി ബന്ധപ്പെട്ട കേസുകളിലും റവന്യു സ്പെഷൽ ഗവ. പ്ളീഡ൪ സുശീല ഭട്ടിനെ നിയോഗിക്കണമെന്ന വനം മന്ത്രിയുടെ ആവശ്യവും നിഷേധിക്കുകയായിരുന്നു. സുശീല ഭട്ടിൻെറ സേവനം വനം വകുപ്പിന് വിട്ടുനൽകാൻ റവന്യു വകുപ്പ് തയാറായെങ്കിലും കഴിഞ്ഞദിവസം നിയമവകുപ്പിൽ നിന്ന് പുറത്തിറങ്ങിയ ഉത്തരവിൽ ഈ കേസുകൾ വാദിക്കുന്നതിൽ നിന്ന് അവരെ ഒഴിവാക്കുകയാണുണ്ടായത്. ഉദ്യോഗസ്ഥരുൾപ്പെടെ പ്രതിയായതിനാലാണ്കേസ് വിജിലൻസിന് കൈമാറുന്നതെന്നാണ് സ൪ക്കാ൪ വൃത്തങ്ങൾ നൽകുന്ന വിവരം. എന്നാൽ വ്യാജരേഖചമക്കൽ, സാമ്പത്തിക തട്ടിപ്പ്, ആൾമാറാട്ടം, വനവിഭങ്ങൾ മോഷ്ടിക്കൽ ഉൾപ്പെടെ കുറ്റകൃത്യങ്ങൾ നടന്നതിനാൽ കേസുകൾ ക്രൈംബ്രാഞ്ചിന് നൽകുകയാണ് വേണ്ടതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2012 12:42 AM GMT Updated On
date_range 2012-08-05T06:12:17+05:30നെല്ലിയാമ്പതി വനഭൂമി പണയം: വിജിലന്‍സ് അന്വേഷിക്കും
text_fieldsNext Story