വിളപ്പിൽശാല: രാവിലെ 10.10 മുതൽ ഉച്ച 12.10 വരെയുള്ള രണ്ട് മണിക്കൂ൪ വിളപ്പിൽ ജനതക്ക് നി൪ണായകമായ സമയമായിരുന്നു. ലാത്തിയും തോക്കുമായി നിന്ന സായുധ സേനക്ക് മുന്നിൽ ഒരുമയോടെ എന്തിനും തയാറായി അവ൪ നിന്നു. വ്യാഴാഴ്ച വൈകുന്നേരം ആറ് മണി മുതൽ വെള്ളിയാഴ്ച വൈകുന്നേരം ആറ് വരെ നിരോധാജ്ഞ പ്രഖ്യാപിച്ചത് മുതൽ വിളപ്പിൽശാലക്കാ൪ ജാഗരൂകരായി. ഗ്രാമവാസികൾ വ്യാഴാഴ്ച ഉച്ച മുതൽക്ക് തന്നെ വിളപ്പിൽശാല ക്ഷേത്ര ജങ്ഷനിൽ തടിച്ചുകൂടി. സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളാണ് പ്രതിരോധവുമായി എത്തിയത്. ഊണും ഉറക്കവും വെടിഞ്ഞ് അവ൪ കാത്തിരുന്നു. ഒരിക്കൽ പോലും സംയമനത്തിൻെറ പാത കൈവിട്ടില്ല. ഗ്രാമവാസികളൊന്നടങ്കം പുല൪ച്ചെ തന്നെ റോഡിലെത്തി കാത്തുനിന്നു. സമരം ദിശ മാറുന്ന മുറയ്ക്ക് തന്ത്രങ്ങളും അവ൪ ആവിഷ്കരിച്ചു നടപ്പാക്കി. ആദ്യം പൊങ്കാല തടയണ. പിന്നെ പുരുഷന്മാരുടെ പ്രതിരോധം. അതിന് പിന്നിൽ കുഞ്ഞുങ്ങളുൾപ്പെടെ സ്ത്രീകളുടെ വൻപട, ഇവഭേദിച്ച് മുന്നേറാൻ കഴിഞ്ഞേക്കുമെന്ന തോന്നൽ പൊലീസിന് ആദ്യം നൽകി പെട്ടെന്ന് സമരമുറ മാറ്റി.
ക്ഷേത്ര ജങ്ഷൻ മുതൽ ചവ൪ ഫാക്ടറി സ്ഥിതി ചെയ്യുന്ന രണ്ട് കിലോ മീറ്ററോളം ദൂരം സമരക്കാ൪ അനവധി ഗ്രൂപ്പുകളായി തിരിഞ്ഞ് പ്രതിരോധനിര ശക്തമാക്കി. പൊലീസിന് ഒരിക്കലും മുന്നേറാൻ കഴിയാത്തവിധം തീകൂട്ടി വഴി പൂ൪ണമായും അടച്ച് തടസ്സം സൃഷ്ടിക്കലായിരുന്നു സമരക്കാരുടെ ഇത്തവണത്തെ തന്ത്രം. അത് തുടക്കത്തിൽ തന്നെ ഫലം കണ്ടു. ക്ഷേത്ര ജങ്ഷനിൽ ഉയ൪ന്ന വൻ അഗ്നികുണ്ഡത്തിന് മുന്നിൽ ഏറെനേരം പൊലീസ് കാഴ്ചക്കാരായി. തീയണക്കാനെത്തിയ വരുണിന് സംഭവസ്ഥലത്തേക്കെത്താൻ അരമണിക്കൂറോളം വേണ്ടിവന്നു.
പൊലീസ് നടപടിക്ക് മുമ്പ് തന്നെ റോഡിൽ ഇരുവശങ്ങളിലായി പൊങ്കാലയിടൽ തുടങ്ങി. മുന്നറിയിപ്പ് നൽകാതെയാണ് അറസ്റ്റ് നടപടികൾക്ക് പൊലീസ് തുടക്കം കുറിച്ചത്. അടുപ്പുകളിലെ തീ നാട്ടുകാ൪ക്കും പൊലീസുകാ൪ക്കും മാധ്യമപ്രവ൪ത്തക൪ക്കും അപകടം വിതച്ചേക്കുമെന്ന സ്ഥിതിവിശേഷത്തിലുമായി. ഇതിനുപിന്നാലെ പ്രദേശത്തെ മുഴുവൻ വിഴുങ്ങുംവണ്ണം പ്രതിഷേധക്കാ൪ തീക്കുണ്ഡങ്ങൾ തയാറാക്കി പ്രതിരോധം തീ൪ത്തു. ഒരുതരത്തിലും വിളപ്പിൽശാലയിലെ ജനങ്ങളെ ബലപ്രയോഗത്തിലൂടെ കീഴടക്കി ചവ൪ ഫാക്ടറിയിലേക്ക് യന്ത്രസാമഗ്രികളെത്തിക്കാൻ കഴിയില്ലെന്ന് ജില്ലാ ഭരണകൂടത്തിന് അതോടെ മനസ്സിലായി.
വിളപ്പിൽ നിവാസികളുടെ സമരത്തിന് പിന്തുണയുമായി എൻ. ശക്തൻ തുടക്കം മുതൽ തന്നെ സന്നിഹിതനായിരുന്നു. സമരം തുടങ്ങി ഹൈകോടതിയുടെ നടപടി നി൪ത്തിവെക്കാനുള്ള താൽകാലിക ഉത്തരവ് എത്തി അത് എ.ഡി.എം ജനങ്ങളെ പരസ്യമായി അറിയിച്ച് പിൻവാങ്ങുന്നതുവരെ ശക്തൻ സ്ഥലത്തുണ്ടായിരുന്നു.
ശക്തമായ പ്രതിഷേധമുണ്ടായിട്ടും പൊലീസിന് നേരെ വിളപ്പിൽ ജനത പ്രകോപിതരായില്ല. പൊലീസ് അനിഷ്ടകരമായ നടപടിക്കും തയാറായില്ല.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2012 2:38 PM GMT Updated On
date_range 2012-08-04T20:08:10+05:30വിളപ്പില്‍ ഗ്രാമം ഉറങ്ങാതെ കാവലിരുന്നു
text_fieldsNext Story