ദക്ഷിണമേഖലാ അത്ലറ്റിക് മീറ്റിന് ഇടമലക്കുടിയില്‍നിന്ന് ശിവയും
text_fieldsനെടുങ്കണ്ടം: ഈമാസം അവസാന വാരം നടക്കുന്ന സൗത്ത് സോൺ നാഷനൽ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കാൻ ഇടമലക്കുടിയിൽ നിന്ന് ആദിവാസി ബാലനും.
ആദ്യത്തെ ആദിവാസി പഞ്ചായത്തായ ഇടമലക്കുടി-ഇഡലിപ്പാറക്കുടിയിലെ പാശിമുത്തു-വെള്ളയമ്മ ദമ്പതികളുടെ ഏഴ് മക്കളിൽ ഇളയവനായ ശിവ പെരുമാളാണ് മൂവായിരം മീറ്റ൪ ഓട്ടമൽസരത്തിന് ട്രാക്കിലിറങ്ങുന്നത്.
കഴിഞ്ഞ 20 മുതൽ 22 വരെ എറണാകുളത്ത് നടന്ന സംസ്ഥാന ഇൻറ൪ ക്ളബ് അത്ലറ്റിക് മീറ്റിൽ വെള്ളി മെഡൽ നേടിയാണ് ശിവ ദേശീയ അത്ലറ്റിക്സിൽ പങ്കെടുക്കുന്നത്. നേരിയ വ്യത്യാസത്തിലാണ് സ്വ൪ണം നഷ്ടമായത്.
ആദിവാസി മുതുവാൻ വിഭാഗത്തിൽ നിന്ന് ആദ്യമായാണ് കായിക താരം പിറവിയെടുക്കുന്നത്.
നെടുങ്കണ്ടം ഗവ. വൊക്കേഷനൽ ഹയ൪ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാ൪ഥിയാണ് ശിവപെരുമാൾ.
പുറംലോകം കണ്ടിട്ടില്ലാത്തതും ആരോടും അധികം സംസാരിക്കാത്തതും അധ്യാപകരോടുപോലും സംസാരിക്കാൻ വൈമനസ്യം പ്രകടിപ്പിക്കുന്നതുമായ ഈ ബാലൻ ട്രാക്കിലിറങ്ങിയാൽ ഉജ്വല പ്രകടനമാണ് കാഴ്ചവെക്കാറ്. കാടിൻെറ തുടിപ്പറിഞ്ഞ ബാലന് ട്രാക്കിലെ നിയമങ്ങൾ തടസ്സമല്ല.
പട്ടിണിയുടെയും ഇല്ലായ്മയുടെയും നടുത്തളത്തിൽ നിന്നാണ് വരുന്നതെിലും ജന്മനാ പക൪ന്ന് കിട്ടിയ കരുത്ത് ശിവ പെരുമാളിനെ തുണക്കും. കഴിഞ്ഞ വ൪ഷം നടന്ന സംസ്ഥാന ക്രോസ് കൺട്രി മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിരുന്നു.
ഏഴാം ക്ളാസ് മൂന്നാ൪ എം.ആ൪ സ്കൂളിലായിരുന്നു. എട്ടാം ക്ളാസ് മുതലാണ് നെടുങ്കണ്ടത്ത് എത്തിയത്. കഴിഞ്ഞ വ൪ഷം സബ് ജൂനിയ൪ മത്സരത്തിൽ രണ്ട് ഫസ്റ്റും ഒരു സെക്കൻറും ലഭിച്ചിരുന്നു. നെടുങ്കണ്ടം സ്പോ൪ട്സ് ഹോസ്റ്റലിൽ താമസിച്ചാണ് പഠനവും കായിക പരിശീലനവും. ബൈജു ജോസഫാണ് കായികാധ്യാപകൻ. നെടുങ്കണ്ടത്ത് നിന്ന് 62 കിലോമീറ്റ൪ യാത്ര ചെയ്ത് മൂന്നാറിലെത്തി അവിടെ നിന്ന് 18 കിലോമീറ്റ൪ ജീപ്പിൽ സഞ്ചരിച്ച് പെട്ടിമുടിയിലെത്തി വീണ്ടും 18 കിലോമീറ്റ൪ കാൽനടയായി വേണം ഇടമലക്കുടിയിലെത്താൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
